സ്ത്രീകളിൽ വളരെ വ്യാപകമായി കണ്ടുവരുന്ന സ്‌തനാർബുദം പുരുഷന്മാരിലും സംഭവിക്കാം എന്നത് പലർക്കും അറിയില്ല. ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്നതായാണ് കരുതുന്നത്. പുരുഷന്മാർക്കും ഈ രോഗം ബാധിക്കാമെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ കഴിഞ്ഞ വർഷങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപൂർവമാണെങ്കിലും പുരുഷന്മാരിലും സ്‌തനാർബുദം കാണപ്പെടുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
സ്‌തനാർബുദത്തിന് മുഖ്യകാരണം ഈസ്ട്രജൻ എന്ന ഹോർമോൺ ആണ്. പുരുഷന്മാരിൽ ഈസ്ട്രജൻ നില കുറവായതിനാലാണ് സ്‌തനാർബുദം കാണപ്പെടാനുള്ള സാധ്യത വളരെ കുറവെന്നു പറയപ്പെടുന്നത്. പുരുഷന്മാർക്ക് ഒരു ശതമാനത്തിൽ താഴെ മാത്രമാണ് സ്‌തനാർബുദം വരാനുള്ള സാധ്യതയെന്നും വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, പുരുഷന്മാർക്കും ഈ രോഗം ബാധിക്കാമെന്നതിനാൽ അത് അവഗണിക്കാനാകില്ല.
പുരുഷന്മാരിലെ സ്‌തനാർബുദത്തിന് റേഡിയേഷൻ എക്സ്പോഷർ, ഹോർമോൺ ചികിത്സകൾ, അമിത വണ്ണം, പ്രായം, പാരമ്പര്യം, ഈസ്ട്രജൻ ഗുളികകളുടെ ഉപയോഗം, കരളിലെ സിറോസിസ് പോലുള്ള രോഗങ്ങൾ എന്നിവയും പ്രധാനപ്പെട്ട കാരണങ്ങളാണ്. കൂടാതെ അസന്തുലിതാവസ്ഥ, ജനിതക മാറ്റങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയും സ്‌തനാർബുദ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
പുരുഷന്മാരിൽ സ്‌തനാർബുദം വേദനയില്ലാത്ത സ്‌തനപിണ്ഡം, ചർമ്മത്തിലെ മാറ്റങ്ങൾ, ചുവപ്പ് നിറം, മുലക്കണ്ണിൽ നിന്നുള്ള ഡിസ്ചാർജ്, നെഞ്ചിലെ നീർവീക്കം മുതലായ ലക്ഷണങ്ങളിലൂടെ വ്യക്തമാകാം. കൂടാതെ കക്ഷത്തിലെ ഗ്രന്ഥികൾ വീർക്കുന്നത് പോലുള്ള ലക്ഷണങ്ങളും കാണാം. ഇത്തരം ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് രോഗത്തിൻ്റെ പ്രബലത കുറയ്ക്കാനും അതിനാൽ ആരോഗ്യപരിപാലനം മെച്ചപ്പെടുത്താനും സഹായകരമാണ്.
പുരുഷന്മാരിലെ സ്‌തനാർബുദ ചികിത്സ ട്യൂമറിൻ്റെ വലിപ്പം, വ്യാപനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ശസ്ത്രക്രിയ, കീമോതെറപ്പി, ഹോർമോൺ തെറപ്പി, റേഡിയേഷൻ തെറപ്പി തുടങ്ങിയവ ചികിത്സാ രീതികളിൽ ഉൾപ്പെടുന്നു.