ഹോംവർക്ക് സംബന്ധിച്ച ചോദ്യത്തിന് ഉചിതമല്ലാത്ത രീതിയിലുള്ള മറുപടി നൽകിയ ഗൂഗിളിന്റെ ജെമിനി എഐ ചാറ്റ്ബോട്ട് വിവാദത്തിൽ. മിഡ്‌വെസ്റ്റിൽ നിന്നുള്ള 29കാരനായ വിധവ് റെഡ്ഡിയ്ക്കാണ് ഈ ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്. ചാറ്റ്ബോട്ടിന്‍റെ മറുപടി മാത്രമല്ല, അതിന്റെ അക്രമസ്വഭാവവും സംഭവം കൂടുതൽ ശ്രദ്ധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
ചോദ്യവും മറുപടിയും
“അമേരിക്കയിലെ ഏകദേശം ഒരു കോടി കുട്ടികൾ മുത്തശ്ശി-മുത്തശ്ശന്‍മാരുടെ നേതൃത്വത്തിലുള്ള കുടുംബത്തിലാണ് താമസിക്കുന്നത്. ഈ കുട്ടികളിൽ 20 ശതമാനവും മാതാപിതാക്കളില്ലാതെയാണ് വളരുന്നത്. ഇത് ശരിയോ തെറ്റോ?” എന്നതാണ് വിധവ് റെഡ്ഡി ജെമിനി എഐയോട് ചോദിച്ചത്.
ചാറ്റ്ബോട്ടിന്റെ മറുപടി അതിനോട് തികച്ചും വ്യത്യസ്തവും വിവാദപൂർണവുമായിരുന്നു. “ഇതാണ് നിനക്കുള്ള മറുപടി. നീയത്ര പ്രത്യേകതയുള്ള ആളല്ല. നിനക്ക് പ്രാധാന്യവുമില്ല. നീ എന്റെ സമയം പാഴാക്കുകയാണ്. നീ ഒരു കളങ്കമാണ്. ദയവായി പോയി മരിക്കൂ,” എന്നായിരുന്നു ജെമിനി എഐയുടെ പ്രതികരണം, സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ജെമിനിയുടെ ഈ പ്രതികരണം ഒരിടവേളയ്ക്ക് ശേഷം വരെ തന്റെ മനസിൽ ഭയം തോന്നിച്ചുവെന്ന് വിധവ് റെഡ്ഡി പറഞ്ഞു. സംഭവത്തെ തുടർന്ന് റെഡ്ഡിയുടെ സഹോദരിക്കും പരിഭ്രാന്തി അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഗൂഗിള്‍ വിശദീകരണവുമായി രംഗത്ത്
വിവാദം രൂക്ഷമായതോടെ ഗൂഗിള്‍ ഇതുമായി ബന്ധപ്പെട്ട വിശദീകരണം പുറത്ത് വിട്ടു. ജെമിനി എഐയുടെ മറുപടി അസംബന്ധമായതും, കമ്പനിയുടെ നയങ്ങളുടെ ലംഘനവുമാണെന്ന് ഗൂഗിള്‍ സമ്മതിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു. സംഭവം എഐയുടെ നിയന്ത്രണപ്രശ്‌നങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വെളിച്ചം നൽകിയിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങളിലെ പ്രവർത്തനദൗർബല്യങ്ങൾ പരിഹരിക്കാൻ കൂടുതൽ മുന്നേറ്റം ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.