അമേരിക്കൻ കോടതിയിൽ നിന്ന് അറസ്റ്റ് വാറണ്ട് നേരിടുന്ന ഗൗതം അദാനിക്ക് നിയമ വഴിയിൽ പ്രതിസന്ധികൾ ഏറെയുണ്ട്. അമേരിക്കൻ നിയമപ്രകാരം കുറ്റപത്രം വായിച്ചു കേൾക്കാനായി കോടതിയിൽ ഹാജരാകേണ്ടി വരും. സൗരോർജ പദ്ധതി കോഴക്കേസിലാണ് അദാനിക്ക് നിയമ കുരുക്ക് വീണത്.
രാജ്യാന്തര യാത്രാവിലക്കും അമേരിക്കയിലെ ആസ്‌തികളും ഫണ്ട് സമാഹരണവും മരവിപ്പിക്കുന്ന സ്ഥിതിയും വിചാരണ കാലയളവിൽ ഉണ്ടാകാം. ഇന്ത്യയും അമേരിക്കയും 1997ൽ ഒപ്പിട്ട കരാറിൽ ഇരു രാജ്യത്തെയും നിയമപ്രകാരം ഒരു വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാനിടയുള്ള കുറ്റംചെയ്‌തതായി ആരോപിക്കപ്പെട്ടവരെ പരസ്‌പരം കൈമാറാൻ വ്യവസ്ഥയുണ്ട്.
അറസ്റ്റും വിചാരണയും പിഴശിക്ഷയുമടക്കം നേരിടേണ്ടിവരുന്ന കുറ്റങ്ങളാണ് അദാനിക്കും കൂട്ടർക്കുമെതിരെ ചുമത്തിയത്. അദാനിക്കെതിരെ കഴിഞ്ഞമാസമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് റിപ്പോർട്ടുണ്ട്. ന്യൂയോർക്ക് (ഈസ്റ്റേൺ ഡിസ്‌ട്രിക്‌റ്റ്) അറ്റോർണിയുടെ അപേക്ഷ പ്രകാരമാണിത്.
കേസിൻ്റെ സാധുത ചോദ്യം ചെയ്‌ത് ഇന്ത്യൻ കോടതികളെ സമീപിക്കാൻ അദാനിക്ക് കഴിയുമെന്ന് നിയമ വിദഗ്‌ധർക്കിടയിൽ അഭിപ്രായമുണ്ട്. വിചാരണ ഇന്ത്യയിലേക്ക് മാറ്റാൻ ഇരുരാജ്യവും ധാരണയിലെത്താനുള്ള സാധ്യതയുമുണ്ട്. അതേസമയം, ഇന്ത്യയിൽ കോഴ നൽകിയതിന് അമേരിക്കയിൽ കേസ് നിലനിൽക്കില്ലെന്ന വാദം വിലപ്പോവില്ല.
അമേരിക്കൻ ധനകാര്യ സംവിധാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ആ രാജ്യത്തെ നിയമനടപടികൾക്ക് വിധേയരാകണമെന്നാണ് വ്യവസ്ഥ. നിക്ഷേപകരെ വഞ്ചിക്കുന്നതും സംസ്ഥാനങ്ങളിലെ ഉന്നതർക്ക് കോഴ നൽകുന്നതും ഇന്ത്യയിലും നിയമ വിരുദ്ധമാണ്. ഇന്ത്യയിൽ കേസെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അദാനിക്കെതിരെ കേസെടുക്കാനും അന്വേഷിക്കാനും കേന്ദ്രം തയ്യാറാകുമോ എന്നതാണ് ചോദ്യം. അന്വേഷണം ഉണ്ടായാലും ഇല്ലെങ്കിലും രാജ്യാന്തര തലത്തിൽ മോദി സർക്കാരിൻ്റെയും അദാനി ഗ്രൂപ്പിൻ്റെയും വിശ്വാസ്യത നഷ്ടമാകും. പല രാജ്യങ്ങളും അദാനി ഗ്രൂപ്പുമായുള്ള കരാറുകളിൽ നിന്ന് പിന്മാറിത്തുടങ്ങി.
അതേസമയം, ഗൗതം അദാനിക്കും കൂട്ടർക്കും എതിരായി അമേരിക്കൻ നീതിന്യായ വകുപ്പ് എടുത്ത കേസ് ഇന്ത്യ- അമേരിക്ക ബന്ധത്തെ ബാധിക്കില്ലെന്ന് വൈറ്റ്‌ഹൗസ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് ശക്തമായ അടിത്തറയാണുള്ളതെന്നും നിലവിലെ സംഭവ വികാസങ്ങൾ ഇതിൽ വിള്ളൽ വീഴ്‌ത്തില്ലെന്നും വൈറ്റ്‌ഹൗസ് പ്രസ് സെക്രട്ടറി കരയ്‌ൻ ജീൻ പിയർ പ്രതികരിച്ചു. ആഗോള വിഷയങ്ങളിലടക്കം ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്. മറ്റ് പ്രശ്‌നങ്ങൾ പോലെ ഇതിലും തുടർനടപടി സ്വീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.