2000വര്‍ഷം മുമ്പ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗില്‍ മതിഭ്രമം ഉണ്ടാക്കുന്ന പല വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച ദ്രാവകമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മനുഷ്യരക്തവും മുലപ്പാലും കഫവും അടക്കം ഉപയോഗിച്ചാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. പൗരാണിക ചൈനീസ്, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളില്‍ ഇത്തരത്തില്‍ നിഗൂഢമായ നിരവധി കാര്യങ്ങള്‍ നമ്മുക്ക് കണ്ടെത്താന്‍ കഴിയും.
ഇത്തരം കാര്യങ്ങളെല്ലാം തന്നെ അക്കാലത്തെ ദൈവിക വിശ്വാസവുമായി ബന്ധപ്പെട്ടവയാണ്. 1984-ല്‍ ടാമ്പ മ്യൂസിയം ഓഫ് ആര്‍ട്ടിലേക്ക് സംഭാവന ചെയ്ത 2,000 വര്‍ഷം പഴക്കമുള്ള ഒരു ഈജിപ്ഷ്യന്‍ മഗ്ഗ് ഇത്തരത്തില്‍ ഉത്തരം കണ്ടെത്താന്‍ കഴിയാതിരുന്ന നിഗൂഡമായ ഒന്നായിരുന്നു. എന്നാല്‍, ഈ മഗ്ഗില്‍ പില്‍ക്കാലത്ത് നടത്തിയ പഠനങ്ങള്‍ അതിന്റെ നിഗൂഡതയെ വെളിച്ചെത്ത് കൊണ്ടുവന്നു.
സിലിണ്ടര്‍ ആകൃതിയിലുള്ള ഈ മഗ്ഗിന്റെ മുകള്‍ ഭാഗത്ത് ബെസിന്‍ എന്ന പുരാതന ഈജിപ്ഷ്യന്‍ ദൈവത്തിന്റെ തലയുടെ രുപമാണ് ഉള്ളതെന്ന് റോസിക്രുഷ്യന്‍ ഈജിപ്ഷ്യന്‍ മ്യൂസിയം പറയുന്നു. സൗത്ത് ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡേവിഡ് തനാസി, 2021 -ലാണ് ഈ നിഗൂഡമായ പൌരാണിക മഗ്ഗില്‍ പഠനങ്ങള്‍ ആരംഭിക്കുന്നത്. അദ്ദേഹവും സംഘവും മഗ്ഗിന്റെ ആന്തരിക ഉപരിതലം പഠനവിധേയമാക്കിയപ്പോള്‍ കണ്ടെത്തിയതാകട്ടെ അക്കാലത്തെ മാന്ത്രിക ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നിരിക്കാമെന്ന് കരുതിയ ഒരു മിശ്രിതമായിരുന്നു.
ഇത് അക്കാലത്ത് ഉപയോഗിച്ചിരുന്ന ലഹരിപാനീയം കുടിക്കാന്‍ ഉപയോഗിച്ചിരിക്കാമെന്നായിരുന്നു ഗവേഷണ സംഘത്തിന്റെ ആദ്യ നിഗമനം. എന്നാല്‍ ഡിഎന്‍എ, രാസപരിശോധന തുടങ്ങിയ വിശദമായ പഠനത്തില്‍ മഗ്ഗില്‍ അടങ്ങിയിരുന്നത് അപൂര്‍വ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഒരു ‘കോക്ക്ടെയില്‍’ ആണെന്ന് കണ്ടെത്തി.
സിറിയന്‍ റൂ, ബ്ലൂ വാട്ടര്‍ ലില്ലി, ക്ലിയോം സ്പീഷീസ് എന്നിങ്ങനെ ഒന്നിലധികം ഔഷധ, സൈക്കോട്രോപിക് ഘടകങ്ങളുടെ മിശ്രിതമാണ് ഈ പാനീയമെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തേന്‍, റോയല്‍ ജെല്ലി, എള്ള്, പൈന്‍ പരിപ്പ്, മെഡിറ്ററേനിയന്‍ പൈന്‍, മദ്യം എന്നിവ ഉപയോഗിച്ചുള്ള എണ്ണയും സുഗന്ധദ്രവ്യങ്ങളായി ഈ രഹസ്യക്കൂട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഗവേഷകരെ അത്ഭുതപ്പെടുത്തിയത്, ഈ കൂട്ടിലടങ്ങിയ മറ്റ് ചില വസ്തുക്കളായിരുന്നു.
മനുഷ്യ ശരീരത്തില്‍ നിന്നുള്ള രക്തം, മുലപ്പാല്‍, കഫം തുടങ്ങിയവയുടെ സാന്നിധ്യമായിരുന്നു അത്. ഇതോടെയാണ് ഈ രഹസ്യദ്രാവകം അക്കാലത്ത് പുരാതനമായ ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടതാകാമെന്ന നിഗമനത്തില്‍ ഗവേഷക സംഘം എത്തിചേര്‍ന്നത്. ‘അതൊരു മാന്ത്രിക മയക്കുമരുന്നായിരുന്നു. ലഹരി, സംതൃപ്തി, ഭ്രമാത്മകത എന്നിവ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളത്.’ പ്രൊഫസര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു, ‘ഈ സമയത്ത്, അതില്‍ കാണപ്പെടുന്ന സൈക്കോട്രോപിക് വസ്തുക്കള്‍ ആരാധനയുമായി ബന്ധപ്പെട്ട ‘ഇന്‍കുബേഷന്‍ ആചാരങ്ങള്‍ക്ക്’ ഉപയോഗിച്ചതായി ഞങ്ങള്‍ കരുതുന്നു.
ഒരു ദൈവത്തില്‍ നിന്ന് ഒരു സ്വപ്‌നം സ്വീകരിക്കാന്‍ ആളുകള്‍ ഒരു വിശുദ്ധ സ്ഥലത്ത് ഉറങ്ങുന്ന മതപരമായ ആചാരങ്ങളാണ് ബെസിന്റെ ഇന്‍കുബേഷന്‍ ആചാരങ്ങള്‍. രോഗശാന്തി അല്ലെങ്കില്‍ ഒറാക്കിള്‍.’ അദ്ദേഹം കൂട്ടിചേര്‍ത്തു. നിഗൂഡമായ മഗ്ഗ് ഇന്ന് ഐക്കണിക് ടാമ്പ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.