| സയിദ് അബി
ഭൂരിപക്ഷവർഗീയതയാണോ ന്യൂനപക്ഷവർഗീയതയാണോ കൂടുതൽ അപകടം എന്ന ചോദ്യം വരുമ്പോൾ ആർക്ക്? എന്നൊരു തിരിച്ചൊരു ചോദ്യം അനിവാര്യമാണ്.സമൂഹത്തിന്,? രാജ്യത്തിന്? നമ്മുടെ ജനാധിപത്യത്തിന്? നമ്മുടെ ഫെഡറൽ സിസ്റ്റത്തിന്? നമ്മുടെ സാഹോദര്യങ്ങൾക്ക് ഒക്കെ ഭൂരിപക്ഷ വർഗീയതക്ക് ചെയ്യാനാവുന്ന പ്രഹരമൊന്നും ഒരു ന്യൂനപക്ഷ വർഗീയതക്കും ചെയ്യാനാവില്ല. അതൊരു ചരിത്ര യാഥാർഥ്യമാണ്. കക്ഷി രാഷ്ട്രീയങ്ങൾക്ക് അപ്പുറം വളരുന്ന സാമൂഹിക യാഥാർഥ്യമാണ്.
ആ ചരിത്ര സാമൂഹിക യാഥാർഥ്യത്തെ മുൻനിർത്തി കൊണ്ട് മാത്രം രാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കാൻ മതേതരകക്ഷികൾക്ക് കഴിയുമോ? കഴിയും, എന്നാൽ ഈ ചരിത്ര വസ്തുതയോട് കൂറ് പുലർത്തി- ഒരു രാഷ്ട്രീയ സമരം ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ വളരണം.അപ്പോൾ മതേതര കക്ഷികൾക്ക് സാമൂഹിക യാഥാർഥ്യത്തിന്റെ കാമ്പ് ഉൾകൊണ്ട് കൊണ്ട് മാത്രം വർഗ്ഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ കഴിയും. ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ദൗർഭാഗ്യവശാൽ അതില്ല- അവിടെ മതത്തോട് ചേരുന്ന രാഷ്ട്രീയപാർട്ടികൾക്ക് കൂടുതൽ ബലം വെക്കുകയാണ് ചെയ്യുന്നത്. (പകുതി മുസ്ലിങ്ങൾക്ക്)
ഭൂരിപക്ഷ വർഗീയതയാണ് കൂടുതൽ അപകടം എന്ന നേരിന്റെ കാഴ്ചയെ മുൻനിർത്തി കൊണ്ട് മാത്രം തങ്ങളുടെ രാഷ്ട്രീയ വെല്ലുവിളികളെ കണ്ട പാരമ്പര്യമാണ് സിപിഐഎമ്മിനുള്ളത്. സിപിഐഎമ്മിന് മാത്രമല്ല, ഒരു പരുധി വരെ എല്ലാ മതേതരവിശ്വാസികളും മുമ്പോട്ട് വെച്ചത് ഈ സാമൂഹിക യാഥാർഥ്യമാണ്.
ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളും അവകാശങ്ങളും സങ്കല്പങ്ങളും സംരക്ഷിക്കേണ്ട ബാധ്യത കൂടി ഉള്ളത് കൊണ്ട് മതേതര- ചേരിക്ക് അസാമാന്യമായ പക്വത ഈ വിഷയത്തിൽ ആവിശ്യമായിരുന്നു. സിപിഐഎമ്മിന്റെ ഇക്കാലം വരെ ഉണ്ടായിരുന്ന ഈ പക്വതയോട് ന്യൂനപക്ഷങ്ങൾ നന്ദി ഉള്ളവരാകണം( ക്രൈസ്തവർ അടക്കം)
എന്നാൽ സിപിഐഎമ്മിന്, അല്ലെങ്കിൽ മതേതര മനുഷ്യർക്ക് മുമ്പിലുള്ള രാഷ്ട്രീയ വെല്ലുവിളികൾ എന്തൊക്കെയാണ്? ആ വെല്ലുവിളികളെ നേരിടാതെ സിപിഐഎമ്മിന് രാഷ്ട്രീയ വിജയം സാധ്യമാണോ? സമൂഹത്തിന് കൂടുതൽ ദോഷം ഭൂരിപക്ഷ വർഗീയതയാണ് എന്ന സത്യം പൂർണമായി ഉൾകൊള്ളുമ്പോൾ തന്നെ- സമൂഹത്തിനുള്ളിലുള്ള മതേതര മനുഷ്യർക്കുള്ള ദോഷം അത് മാത്രമാവില്ല. അവരുടെ മുന്നോട്ട് പോക്കിന്, നിലനില്പിന് രാഷ്ട്രീയ യാഥാർഥ്യം പ്രധാനമാണ്.
സിപിഐഎമ്മിന് മുമ്പിലുള്ള ന്യൂനപക്ഷ വർഗ്ഗീയതയുമായി ബന്ധപ്പെട്ട രാഷ്ട്രീയ യാഥാർഥ്യം എന്തൊക്കെയാണ്?
മുസ്ലിം ലീഗിന്റെ ദൈന്യദിന രാഷ്ട്രീയ വിമർശനങ്ങളിലും പ്രവർത്തനത്തിലും കടുത്ത സിപിഐഎം വെറുപ്പുണ്ട്. ഭൂരിപക്ഷ വർഗീയതക്കെതിരെ അവിടെ ഒരു രാഷ്ട്രീയ പരിപാടിയോ പദ്ധതിയോ ഇല്ല- മുസ്ലിം വിശ്വാസികൾക്ക് ഇടയിലുള്ള സംഘ്- പേടിയിൽ നിന്ന് ഉണ്ടാകുന്ന വൈകാരികബന്ധം മാത്രമാണ് ലീഗിന്റെ സംഘ് വിരുദ്ധത. അവരുടെ ഒരു രാഷ്ട്രീയ പരിപാടിയിലും പത്രകുറിപ്പിലും പത്രസമ്മേളനങ്ങളിലും സംഘടനാപ്രവർത്തനത്തിലും എന്താണ് സംഘ് എന്ന രീതിയിലുള്ള പ്രത്യേയശാസ്ത്ര പ്രതിരോധമോ പരിപാടിയോ ഇല്ല- എന്നാൽ സിപിഐഎം വെറുപ്പുണ്ട്, കമ്യൂണിസ്റ്റ് വെറുപ്പുണ്ട്, അവരെ മത വിരോധികളും വിശ്വാസവിരോധികളും ആക്കാനുള്ള ശ്രമമുണ്ട്.അതിന് മത ഇടങ്ങളിലെ സ്വാധീനം അവർ ഉപയോഗിക്കുന്നു.
മതവും രാഷ്ട്രീയവുമായ ബന്ധത്തെ കൃത്യമായി ഏകീകരിച്ച് സിപിഐഎം വിരുദ്ധതക്ക് നിലമൊരുക്കുന്ന പണി ലീഗിനുണ്ട്. അതിന് ലീഗിന് സംഘടനയുണ്ട്,അധ്വാനമുണ്ട്. അത് സിപിഐഎമ്മിനെ കുഴിച്ച് മൂടാൻ ആണ് ശ്രമിക്കുന്നത്. എല്ലാ അതിരുകളും ലംഘിച്ച് സിപിഐഎം വെറുപ്പിൽ ‘നമ്മുടെ കൗമിന്റെ’ രാഷ്ട്രീയ ഏകീകരണം എന്ന പറയാതെ പറയുന്ന ലക്ഷ്യമുണ്ട്.ഭൂരിപക്ഷ വർഗീയത സമൂഹത്തിന് ഒന്നാമത്തെ വെല്ലുവിളി ആയാലും ഇല്ലെങ്കിലും മുസ്ലിം ലീഗിന്റെ ഒട്ടും വിവേകമില്ലാത്ത ഈ പരിപാടി സിപിഐഎമ്മിനെ രാഷ്ട്രീയമായി ബാധിക്കും.
ജമാഅത്തെ ഇസ്ലാമിക്ക് അധികം അംഗങ്ങൾ ഒന്നുമില്ല.എസ് ഡി പി ഐ ക്കും വലിയ ശക്തിയില്ല, എന്നാൽ അവർക്ക് രണ്ട് പേർക്കുമുള്ള ചിലതുണ്ട്. കരുത്തുള്ള സംഘടന,ആശയം, പ്രചാരണ രീതി, പണം, മീഡിയ പിന്തുണ- ഇത്രെയും ഘടകങ്ങൾ മുസ്ലിം ലീഗിന്റെ സംഘടനാ ശേഷിക്കൊപ്പം ചേരുന്നു. ആ മുഴുവൻ ശേഷിയുടെ ഒന്നാമത്തെ ശത്രു സിപിഐഎം ആകുന്നു. സിപിഐഎം വെറുപ്പാക്കുന്നു, അവർ യുഡിഎഫിന്റെ ഭാഗം ആകുന്നു. സംഘടനയോ ആശയമോ ഇല്ലാത്ത- കോൺഗ്രസിന് ഒരു കരുത്തുറ്റ സംഘടനാബലം ലഭിക്കുന്നു, ശരിക്കും കോൺഗ്രസിനെ ഇതിന് പ്രേരിപ്പിക്കുന്നത് വോട്ട് പിന്തുണയല്ല. സംഘടനാപിന്തുണയാണ്, പ്രത്യേകിച്ച് സംഘടനശരീരം ഏറ്റവും ദുർബലമായ കോൺഗ്രസിന് ഇത് വലിയ സഹായമാണ്. യുഡിഎഫിന് സഹായമാണ്. മുസ്ലിം ലീഗ്- ജമാഅത്ത്/എസ് ഡി പി ഐ എന്ന സഖ്യത്തിന്റെ ഏറ്റവും വലിയ ശക്തി സംഘടനയാണ്, ആശയ പ്രചാരണ രീതിയാണ്.
ഇതിന്റെ ഒക്കെ- ഒന്നാമത്തെ ലക്ഷ്യം സിപിഐഎം ആയാൽ? സിപിഐഎം വെറുപ്പ് ആയാൽ? സി ദാവൂദിന്റെ വാക്ക് കടം എടുത്താൽ ‘ഹിന്ദു സിപിഐഎം’ ആയാൽ പാർട്ടി എന്ത് ചെയ്യും? പാർട്ടി ഇക്കാലം വരെ മുമ്പിൽ വെച്ച ഏത് വർഗീയതയാണ് കൂടുതൽ ദോഷം എന്ന സാമൂഹികയാഥാർഥ്യത്തെ മാത്രം കണ്ട് കൊണ്ട്- മുമ്പോട്ട് പോകാനാവില്ല – പാർട്ടിയുടെ മുമ്പിലുള്ള രാഷ്ട്രീയ യാഥാർഥ്യത്തെ കാണണം. അതാണ് പാലക്കാട്- തെരെഞ്ഞെടുപ്പ് ഫലം മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയ സത്യം.
ഈ യാഥാർഥ്യത്തെ സമീപിക്കുമ്പോൾ സിപിഐഎമ്മിന് കൺഫ്യൂഷനുണ്ട്. സത്യം മുമ്പിലുണ്ട്? പക്ഷെ എങ്ങനെ നേരിടും? ബിജെപി ആണോ ലീഗ്? ബിജെപി ആണോ ജമാഅത്ത്? ബിജെപി ആണോ എസ് ഡി പി ഐ ? ഇങ്ങനെയുള്ള താരതമ്യങ്ങളും എളുപ്പ വിധികളും കൂടുതൽ കുഴപ്പത്തിലാകും. ബിജെപിയിൽ വർഗീയതയുണ്ട്? എന്നാലോ ലീഗിൽ കൂടുതൽ മതമാണ് ഉള്ളത്? ജമാഅത്തിൽ ഹിന്ദുത്വ രാഷ്ട്ര വാദം പോലെ- ഒരു ആശയമുണ്ട്? എന്നാൽ അവർ ഹിന്ദുത്വം നിരന്തരം പറയും പോലെ പറയുന്നില്ല (പറഞ്ഞിട്ടുണ്ട് എങ്കിലും) എസ് ഡി പി ഐ – ആർ എസ് എസ് ആണ് എന്ന് പറയാം. ശൈലിയും പ്രവർത്തനത്തിലും ആശയത്തിലും- എന്നാൽ പ്രഹരശേഷിയിലോ സാമൂഹിക വെല്ലുവിളിയിലോ ആർ എസ് എസ് ന്റെ അത്ര വരില്ല. അത് ആർ എസ് എസ് ന്റെ ഭൂരിപക്ഷ പ്രിവിലേജ് നൽകുന്ന വ്യത്യാസമാണ്. അതിനപ്പുറം ആശയകാഠിന്യത്തിന്റെ വ്യത്യസ്തതയല്ല. അത് ഒന്നാണ്.
ലീഗ് എവിടെയാണ്? ഇതിൽ വരുക?
കാര്യമായ ആലോചന ആവശ്യമുള്ള- പൊതുഅഭിപ്രായം ആവശ്യമുള്ള ഒന്നാണത്. ലീഗാണ് കേരളത്തിലെ ഒന്നാമത്തെ മത- പാർട്ടി. (ഒന്നാമത്തെ വർഗീയ പാർട്ടിയല്ല) മത പാർട്ടിയെ എങ്ങനെ നേരിടും? അതിന് മതവും ലീഗും തമ്മിലുള്ള ബന്ധം പുറത്തേക്ക് കൊണ്ട് വരണം. (പാണക്കാട് വിമർശനം അത്കൊണ്ടാണ് കാലികമാവുന്നത്) ആരാണ് ഖാളി? ആരാണ് രാഷ്ട്രീയ നേതാവ് എന്ന ചോദ്യം ഉന്നയിച്ച് മത ഇടങ്ങളെ കൂടി പങ്ക് ചേർത്ത് ലീഗിന്റെ മത- ഉപയോഗം പ്രശ്നവത്കരിക്കണം.
മുസ്ലിം പള്ളികളിലെ ഉസ്താദുമാർ ഏത് രാഷ്ട്രീയക്കാരാണ് എന്ന് ആലോചിക്കണം. അവരെ എങ്ങനെ ലീഗ് നിയന്ത്രിക്കുന്നു. സിപിഐഎമ്മിന്റെ അനുഭാവികളായ മുസ്ലിങ്ങൾക്ക് ഇത് ചോദ്യം ചെയ്യാനുള്ള ധൈര്യം പാർട്ടി നൽകണം.ഇതാണ് സിപിഐഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത് ഈ പാർട്ടി ചെയ്യണം. മുസ്ലിങ്ങളിലെ വലിയ വിഭാഗം കൂടെ നിൽക്കും. എന്നാൽ സ്ഥിരത വേണം, ഹോം വർക്ക് വേണം, അറിവ് വേണം.ഇടപെടലുകൾ വേണം, അതൊക്കെ ക്രോഡീകരിക്കണം, നേതാക്കൾക്ക് അറിവ് വേണം, തുടർച്ച വേണം.
യൂഡിഎഫിന്റെ ലീഗ്- ജമാഅത്ത്- എസ് ഡി പി ഐ സംഘടനാ ശേഷിയെ തൊടാതെ ഇനി സിപിഐഎമ്മിന് മുന്നോട്ട് പോക്ക് സാധ്യമല്ല, വെറും പ്രസ്താവനകൾ മാത്രം പോരാ. യുഡിഎഫിന്റെ ഈ സംഘടനാശേഷിയുടെ ഒന്നാമത്തെ ശത്രു സിപിഐഎമ്മാണ്, അവരുടെ പ്രചാരണ മുദ്രാവാഖ്യം സിപിഐഎം വെറുപ്പാണ്. അത് നേരിടണം. സിപിഐഎമ്മിന്റെ മുമ്പിലുള്ള രാഷ്ട്രീയ വെല്ലുവിളി വെറും സാമൂഹിക യാഥാർഥ്യം(ഏറ്റവും അപകടം ഭൂരിപക്ഷ വർഗീയതയാണ് എന്ന സാമൂഹികയാഥാർഥ്യം) മാത്രമല്ല എന്ന് ചുരുക്കം.