വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലെ സമുദ്രങ്ങളില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുക ലക്ഷ്യമാക്കി സ്മാര്‍ട്‌ഫോണിന്റെ മാത്രം വലിപ്പമുള്ള അണ്ടര്‍വാട്ടര്‍ റോബോട്ടുകളെ നിര്‍മിച്ച് പരീക്ഷണമാരംഭിച്ച് നാസ. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലാണ് (ജെപിഎല്‍) ഇത്തരം റോബോട്ടുകള്‍ വികസിപ്പിച്ചിരിക്കുന്നത്.
SWIM (Sensing With Independent Microswimmers) എന്ന പേരിലുള്ള ഈ റോബോട്ടുകള്‍ മറ്റ് ഗ്രഹങ്ങളിലെ ജലത്തിലെ അന്വേഷണം ലക്ഷ്യമിട്ടുള്ള ദൗത്യത്തിനായി നിര്‍മിച്ചുവെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
ആദ്യഘട്ട പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു
പ്രസ്തുത റോബോട്ടുകള്‍ നിലവില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നീന്തല്‍ക്കുളത്തില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലാണെന്ന് ജെപിഎല്ലിലെ പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ഏഥന്‍ ഷേളര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ മോഡലിന് 16.5 ഇഞ്ച് (42 സെ.മീ.) വലിപ്പമുണ്ടെങ്കിലും, ഇതിനൊപ്പം വികസിപ്പിക്കപ്പെടുന്ന പുതിയ മോഡലുകള്‍ 5 ഇഞ്ച് (12 സെ.മീ.) മാത്രമായി കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. ഇതോടെ ഒരു സ്മാര്‍ട്‌ഫോണിന്റെ വലിപ്പമാത്രം ഈ റോബോട്ടിന് ലഭ്യമാകും.
ജീവന്റെ തെളിവുകള്‍ തേടിയുള്ള ദൗത്യം
യൂറോപ്പയിലെ ഉപരിതലത്തില്‍ തണുത്തുറഞ്ഞിരിക്കുന്ന ജലത്തിനടിയിലെ സമുദ്രങ്ങളില്‍ ജീവന്റെ സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്തുകSWIM റോബോട്ടുകളുടെ പ്രധാന ദൗത്യമാണ്. ജലത്തില്‍ നിന്ന് കെമിക്കല്‍, താപ സിഗ്‌നലുകള്‍ അടക്കമുള്ള ഡാറ്റ ശേഖരിക്കുന്നതിനായി ഇന്റലിജന്റ് സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ജലം തേടി യാത്ര
“ജലമില്ലാതെ ജീവന്‍ എന്ന ആശയം നമുക്കറിയില്ല. അതിനാല്‍ ജീവന്റെ സാന്നിധ്യത്തിന് ഏറ്റവും സാധ്യതയുള്ള ജലസമൃദ്ധമായ ഇടങ്ങളില്‍ പേടകങ്ങള്‍ വഴി ഇത്തരം അണ്ടര്‍വാട്ടര്‍ റോബോട്ടുകളെ അയയ്ക്കാനാണ് നാസയുടെ ശ്രമം. ഭൂമിയില്‍നിന്ന് നൂറുകണക്കിന് മില്യണ്‍ മൈല്‍ അകലെയുള്ള ഉപഗ്രഹങ്ങളില്‍ പര്യവേക്ഷണത്തിന് ഏറ്റവും അനുയോജ്യമായ രീതിയാണ് ഇത്,” ഏഥന്‍ ഷേളര്‍ പറഞ്ഞു.
യൂറോപ്പയിലെ സമുദ്രപര്യവേക്ഷണത്തിന് നാസയുടെ റോബോട്ടുകള്‍ അന്യഗ്രഹജീവന്‍ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ വലിയ മുന്നേറ്റംകുറിച്ചേക്കും.