4 December 2024

വയനാട് ദുരന്തവും യൂണിയൻ ഗവണ്മെന്റിന്റെ നിഷേധാത്മക സമീപനവും

വയനാട് ദുരന്തത്തിൽ യൂണിയൻ ഗവണ്മെന്റിന്റെ നിഷേധാത്മക സമീപനത്തോട് പ്രതികരിച്ചു കൊണ്ട് പലരും 'കേരളമെന്താ ഇന്ത്യയിലല്ലേ' എന്ന് ചോദിക്കുന്നുണ്ട്. അതിനോട് കൂട്ടിച്ചേർക്കാനുള്ളത്, കേരളം ഇന്ത്യയിലല്ലേ എന്ന് മാത്രമല്ല, കേരളം കൂടി ചേർന്നതാണ് ഇന്ത്യ.

| ശ്രീകാന്ത് പികെ

വയനാട് ദുരന്തത്തിൽ ഉറ്റവരെ മുഴുവൻ നഷ്ടപ്പെട്ട്, പിന്നീട് മറ്റൊരു വാഹന അപകടത്തിൽ പ്രതിശ്രുത വരനെ കൂടി നഷ്ടപ്പെടേണ്ടി വന്ന് നമ്മുടെയാകെ നൊമ്പരമായി മാറിയ ശ്രുതി എന്ന യുവതിക്ക് കേരള സർക്കാർ ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവർ നേരിടേണ്ടി വന്ന ദുരന്തത്തിന്, നഷ്ടങ്ങൾക്ക് ഒരു ജോലി ഒരിക്കലും പകരമാകില്ലെങ്കിലും ഇനിയങ്ങോട്ടുള്ള ജീവിതം, അത് എങ്ങനെയാണെങ്കിലും അതിനെ കരുപ്പിടിപ്പിക്കാൻ ഈ ജോലി വല്ലാത്തൊരു തുണ തന്നെയായിരിക്കും.

സംസ്ഥാന സർക്കാർ ശ്രുതിക്കും മലയാളികൾക്കും നൽകിയ ആ ഉറപ്പ് പാലിച്ചു കഴിഞ്ഞു. റവന്യു വകുപ്പിൽ ശ്രുതിക്ക് ക്ലർക്കായി നിയമനം നൽകിക്കൊണ്ടുള്ള പൊതു ഭരണ വകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ കണ്ടിരുന്നു. മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് – 18 കേരള എന്നിങ്ങനെ പ്രഖ്യാപിത ഇടത് വിരുദ്ധ ചാനലുകളിലാണ് കഴിഞ്ഞ ആഴ്ചകളിൽ വയനാട് ദുരന്ത ബാധിതരുടെ ബൈറ്റുകൾ കണ്ടത്. സംസ്ഥാന സർക്കാർ വീട്‌ വാടക നൽകുന്നതും, മറ്റു സഹായങ്ങൾ നൽകുന്നതും അവർ അതേ ചാനലുകളിൽ കൂടി തന്നെ തുറന്ന് പറയുന്നുണ്ടെങ്കിലും എല്ലാവരും യൂണിയൻ ഗവണ്മെന്റ് തങ്ങളെ തിരിഞ്ഞ് നോക്കാത്തതിൽ അമർഷത്തിലും വേദനയിലുമാണ്.

ദുരന്ത സമയത്ത് ആശുപത്രിയിൽ കുഞ്ഞിന്റെ കൈ പിടിച്ചും, പരിക്കേറ്റ യുവാവിനെ ആശ്വസിപ്പിക്കുന്നതായും നാടകം കളിച്ച പ്രധാന മന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അതേ മനുഷ്യർ തന്നെ ക്യാമറകൾക്ക് മുന്നിൽ പറഞ്ഞു. പ്രധാന മന്ത്രിയെ പോലൊരു വലിയ പദവിയിലുള്ളയാൾ നേരിട്ട് വന്ന് നൽകിയ വാഗ്ദാനം പാലിക്കുമെന്ന് വിശ്വസിച്ചിരുന്നെന്നും, എന്നാൽ ഇപ്പോൾ അത് വെറുതെയാണെന്ന് ബോധ്യപ്പെട്ടുവെന്നും ആ മനുഷ്യർ തുറന്ന് പറയുന്നു.

ചൂരൽ മല ദുരന്തം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് മുൻ യൂണിയൻ മന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ പ്രതികരിച്ചതെങ്ങനെ എന്ന് നമ്മൾ കണ്ടതാണ്. മൂന്ന് വാർഡുകളെ മാത്രം ബാധിച്ച ദുരന്തത്തെ ഒരു നാട് മുഴുവൻ ഒലിച്ചു പോയെന്ന് നമ്മൾ പ്രചരണം നടത്തുകയാണെന്നാണ് മലയാളി കൂടിയായ ഈ നേതാവ് പറഞ്ഞത്. ഒലിച്ചു പോയ ആ നാട്ടുകാരിൽ, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട മനുഷ്യരിൽ ബിജെപിക്കാരും കാണണം. അവർക്ക് കൂടി വേണ്ടിയാണ് കേരളം യൂണിയൻ ഗവണ്മെന്റിനോട് തങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് ചോദിക്കുന്നത്.

കേരളത്തിൽ ദുരന്തം നടന്ന അതേ കാലത്തും അതിന് ശേഷവും പ്രകൃതി ദുരന്തങ്ങൾ സംഭവിച്ച ബിജെപി ഭരണത്തിൽ പങ്കാളിയായ സംസ്ഥാനങ്ങളിൽ ഒരു മുട്ടും കൂടാതെ സഹായങ്ങൾ വാരി കോരി കൊടുത്തത് നമ്മൾ കണ്ടു. ഉറപ്പായും അവർക്കും കൊടുക്കണം. ദുരന്തങ്ങളിൽ അകപ്പെട്ടു പോയ മനുഷ്യർക്ക് സഹായം എത്ര കിട്ടിയാലും അത്രയും നല്ലത് തന്നെ. എന്നാൽ ബിജെപി രാഷ്ട്രീയത്തോട് വിധേയപ്പെടാത്ത മറ്റൊരു രാഷ്ട്രീയ പാർടി നേതൃത്വം നൽകുന്ന സർക്കാർ ഭരിക്കുന്നു എന്നത് കൊണ്ട് മാത്രം കേരളത്തോട് ശത്രു രാജ്യത്തോട് കാണിക്കുന്ന സമീപനത്തേക്കാൾ കഷ്ടമായാണ് പെരുമാറുന്നത്.

വയനാട് ദുരന്തത്തിൽ യൂണിയൻ ഗവണ്മെന്റിന്റെ നിഷേധാത്മക സമീപനത്തോട് പ്രതികരിച്ചു കൊണ്ട് പലരും ‘കേരളമെന്താ ഇന്ത്യയിലല്ലേ’ എന്ന് ചോദിക്കുന്നുണ്ട്. അതിനോട് കൂട്ടിച്ചേർക്കാനുള്ളത്, കേരളം ഇന്ത്യയിലല്ലേ എന്ന് മാത്രമല്ല, കേരളം കൂടി ചേർന്നതാണ് ഇന്ത്യ. സംസ്ഥാനങ്ങളുടെ സമാജം. ഇന്ത്യൻ യൂണിയൻ. വർഷാ വർഷം പതിനായിരക്കണക്കിന് കോടി രൂപ നികുതിയിനത്തിൽ നമ്മൾ അങ്ങോട്ട് പിരിച്ച് കൊടുക്കുന്നുണ്ട്. അതിന് പുറമെ ഇന്ത്യൻ റെയിൽവേ സേവനങ്ങൾ മുതൽ പോസ്റ്റ് ഓഫീസ് സേവനങ്ങൾ വരെ ‘പണം കൊടുത്ത്’ ഉപയോഗിക്കുന്നവരാണ് നമ്മൾ തൊണ്ണൂറ് ശതമാനം മലയാളികളും. നമ്മുടെ നികുതി പണത്തിന്റെ വിഹിതം കൊണ്ടാണ് യു.പിയിലും ബിഹാറിലുമൊക്കെ എസി പശു തൊഴുത്തും, പശുക്കൾക്കുള്ള ആശുപത്രിയുമൊക്കെ സർക്കാർ ചെലവിൽ നിർമ്മിക്കുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാജ്യത്തെ ഏറ്റവും വലിയ നേതാവ് അഞ്ച് വർഷം പ്രതിനിധീകരിച്ച മണ്ഡലമാണ് വയനാട്. ഇപ്പോൾ സഹോദരിയും രാജ്യത്തെ കോൺഗ്രസിലെ അടുത്ത വലിയ നേതാവുമായ പ്രിയങ്ക ഗാന്ധി വദേര പ്രതിനിധീകരിക്കുന്നു. വയനാടിന് വേണ്ടി ഏറ്റവും ഉയർന്ന് കേൾക്കേണ്ട ശബ്ദം ആദ്യം ഇവരുടേതായിരുന്നു. അമേഠിയുടേയും റായ്ബറേലിയുടേയും സാമൂഹിക അവസ്ഥയുടെ നേർ ചിത്രം അറിയുന്നതിനാൽ അവരോടുള്ള ചോദ്യങ്ങൾക്ക് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല എന്നത് മറ്റൊരു സത്യം.

അവരുടെ അണികൾക്ക് യൂണിയൻ ഗവണ്മെന്റിന്റെ നിഷേധാത്മക സമീപനത്തോട് വിരോധമൊന്നുമില്ലെങ്കിലും സംസ്ഥാന സർക്കാരിനെതിരെയും ദുരിതാശ്വാസ നിധിക്കെതിരെയും വ്യാജ പ്രചാരണങ്ങൾ ഇടതടവില്ലാതെ ഉണ്ടാക്കി വിടുന്നുണ്ട്. അവർക്കറിയാവുന്ന ആചാരം അവർ തുടരട്ടെ.

കേരളത്തെ നടുക്കിയ മുണ്ടക്കൈ – ചൂരൽമല ദുരന്തം നടന്നിട്ട് 4 മാസം പൂർത്തിയായിരിക്കുകയാണ്. ഈ രാജ്യത്തെ നികുതി ദായകരായ നമ്മൾ മലയാളികൾക്ക് അർഹതപ്പെട്ട ധന സഹായം യൂണിയൻ ഗവണ്മെന്റിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നമ്മളെ മൂന്നാം തരം പൗരന്മാരായി പരിഗണിക്കുന്ന ബിജെപി ഗവണ്മെന്റിന്റെ സമീപനത്തിൽ ഒരു മാറ്റവുമില്ല. ഗോസായി രാഷ്ട്രീയത്തിന്റെ അധികാര ധാർഷ്ട്യത്തിന് മുന്നിൽ കാത്ത് നിൽക്കാതെ മലയാളികൾ ഒറ്റക്കെട്ടോടെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Share

More Stories

ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു

0
ദക്ഷിണ കൊറിയ ചൊവാഴ്‌ച പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്‌തംഭിപ്പിച്ചുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ആരോപിച്ചു. ”ഉത്തര കൊറിയൻ...

ഐഎഎസ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനത്തിന് ഭഗവദ് ഗീതയിലൂന്നിയ പരിശീലന സമ്പ്രദായം

0
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഐഎഎസ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനത്തിന് ഭാരതീയ തത്വചിന്തയിലും ഭഗവദ് ഗീതയിലും ഊന്നിയ തദ്ദേശീയമായ പരിശീലന സമ്പ്രദായം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ . പ്രധാനമന്ത്രി മോദിയുടെ വികസിത് ഭാരത് എന്ന സങ്കൽപ്പത്തിന്റെ ഭാഗമായാണ്...

ആരോഗ്യത്തിന് വെറും വയറ്റില്‍ ഇളംചൂട് നാരങ്ങാവെളളം പതിവാക്കൂ

0
നമുക്കെല്ലാവര്‍ക്കും ഏറെ ഇഷ്ടം തണുത്ത നാരങ്ങാവെളളം കുടിക്കാനാണല്ലോ. എന്നാല്‍ തണുത്ത നാരങ്ങാവെളളത്തേക്കാള്‍ ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്നത് ചെറുചൂട് നാരങ്ങാവെളളമാണ്. അസുഖങ്ങള്‍ ഇല്ലാതാക്കാനുളള പ്രകൃതി ദത്തമായ ഒരു വഴിയാണ് ഇത്. ചായക്കും കാപ്പിക്കും പകരം...

ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന്റെ തൊപ്പി ലേലത്തിന്; വില രണ്ടരക്കോടിയോളം ഇന്ത്യന്‍ രൂപ

0
ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ ഡോണ്‍ ബ്രാഡ്മാന്‍ ധരിച്ചിരുന്ന തൊപ്പി ചൊവ്വാഴ്ച സിഡ്‌നിയില്‍ ലേലം ചെയ്യും, 260,000 ഡോളര്‍ (ഏകദേശം 2.2 കോടി ഇന്ത്യന്‍ രൂപ) വരെ ലേലത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1947-48...

പൊതുമേഖലാ സ്ഥാപനങ്ങളിൽ കോടികളുടെ വൈദ്യുതി കുടിശ്ശിക; കേരള സർക്കാർ 272.2 കോടി രൂപ എഴുതിത്തള്ളി

0
തിരുവനന്തപുരം: കേരള സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെഎസ്ഇബി സർക്കാരിന് നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നൽകിയതിൻ്റെ...

ബ്രിക്‌സ് രാജ്യങ്ങൾ സംഘട്ടനത്തിൽ ഏർപ്പെടുന്നില്ല; ട്രംപിൻ്റെ 100% താരിഫ് ഭീഷണിക്ക് ശേഷം ചൈനീസ് എഫ്എം

0
വളർന്നുവരുന്ന വിപണികളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോം എന്ന നിലയിൽ ബ്രിക്‌സ് രാജ്യങ്ങൾ സമഗ്രതയ്ക്കും വിജയ സഹകരണത്തിനും വേണ്ടി വാദിക്കുന്നു. അവർ സംഘട്ടനത്തിൽ ഏർപ്പെടുന്നില്ല. മൂന്നാം കക്ഷികളെ ലക്ഷ്യം...

Featured

More News