പാലസ്തീനിലെ ഇസ്രയേൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് മാർപാപ്പ. ഗാസയിൽ നടന്ന ഒരു വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മാർപാപ്പയുടെ വിമർശനങ്ങൾ. കുട്ടികൾക്ക് നേരെയുള്ള അതിക്രമം തന്നെ ഏറെ നൊമ്പരപ്പെടുത്തുന്നതായി പോപ്പ് പ്രതികരിച്ചു.
“ഇപ്പോഴെല്ലാം നടക്കുന്നത് യുദ്ധമല്ല, കുട്ടികൾക്കെതിരായ ക്രൂരതയാണ്,” -എന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ നിശബ്ദരാകാൻ താൻ തയ്യാറല്ലെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
അതേസമയം, മാർപാപ്പയുടെ പ്രസ്താവനകളെ തള്ളിക്കളഞ്ഞ് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. മാർപാപ്പ വസ്തുതകൾ പരിശോധിക്കാതെയാണ് ഇത്തരം പരാമർശങ്ങൾ നടത്തിയിരിക്കുന്നതെന്ന് വക്താവ് ആരോപിച്ചു.
“ജിഹാദി തീവ്രവാദത്തിനെതിരായ പോരാട്ടമാണ് നടക്കുന്നത്. ഭീകരർ കുട്ടികളുടെ പിന്നിൽ ഒളിച്ചിരിക്കുന്നതാണ് യഥാർത്ഥ ക്രൂരത. 2023 ഒക്‌ടോബർ 7ന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ 1,208 ഇസ്രയേലികൾ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കപ്പെടുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ പോപ്പിൻ്റെ പരാമർശങ്ങൾ ഇരട്ടത്താപ്പാണെന്നും,” -ഇസ്രയേൽ വക്താവ് ആരോപിച്ചു.
14 മാസമായി തുടരുന്ന ഗാസയിലെ യുദ്ധത്തിൽ കുറഞ്ഞത് 45,206 പേർ കൊല്ലപ്പെട്ടുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഒക്‌ടോബർ 7ന് ഹമാസ് അനുയായികൾ ഇസ്രയേലിനെ ആക്രമിക്കുകയും നിരവധി ആളുകളെ കൊല്ലുകയും ബന്ദികളാക്കുകയും ചെയ്‌തതോടെയാണ് ഈ യുദ്ധം തുടങ്ങിയത്.
യുദ്ധം അവസാനിപ്പിക്കാൻ രാജ്യാന്തര തലത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടന്നു വരുന്നുണ്ടെങ്കിലും ഇസ്രയേൽ യുദ്ധവിരാമത്തിന് തയ്യാറാവാത്തതാണ് പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുന്നത്.