വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം. ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമ്മിക്കാൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്റ്റേറ്റ് ഉടമകളുടെ ഹർജി കോടതി തള്ളി. ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ടൗൺഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്ന് നിർദേശിച്ചു. നഷ്ട പരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെതാണ് ഉത്തരവ്. എൽസ്റ്റൺ, ഹാരിസൺ മലയാളം എന്നിവരായിരുന്നു ഹർജിക്കാർ.
ഉടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം പ്ലാൻ്റെഷൻ കോർപറേഷനും 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റുമാണ് ഹർജി നൽകിയത്. ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ റദ്ദാക്കണമെന്നാണ് ഹാരിസൺ ആവശ്യപ്പെട്ടിരുന്നത്.



