ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നാലാമത് സമ്പത്ത് വ്യവസ്ഥ ,228 ദശലക്ഷത്തിലധികം ജനസംഖ്യയും ലോകത്തിലെ തന്നെ കൂടുതൽ ജനസംഖ്യയുമുള്ള ആറാമത്തെ രാജ്യവുമായ നൈജീരിയയെ ബ്രിക്സിന്റെ ഭാഗമാക്കുകയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നൈജീരിയയെ ഗ്രൂപ്പിലേക്ക് ഔപചാരികമായി സ്വാഗതം ചെയ്തതായി ബ്രിക്സിന്റെ നിലവിലെ പ്രസിഡന്റ് ആയ ബ്രസീൽ അറിയിക്കുകയും ചെയ്തു.
ബെലാറസ്, ബൊലീവിയ ,ക്യൂബ, കസാ, പാകിസ്ഥാൻ ,മലേഷ്യ, തായ്‌ലൻഡ് ,ഉഗാണ്ട ,ഉസ്ബേക്കിസ്ഥാൻ ,എന്നീ രാജ്യങ്ങളുമായി ചേർന്ന് നൈജീരിയ ഒൻപതാമത്തെ ഔദ്യോഗിക ബ്രിക്സ് പങ്കാളിയായി മാറിയതായി ബ്രസീൽ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി .പാശ്ചാത്യ ശക്തികളെ അണിനിരത്തി ലോകത്തെ കാൽചുവട്ടിൽ ആക്കാം എന്ന് ധരിച്ചിരുന്ന അമേരിക്കക്കും മറ്റ് വമ്പന്മാർക്കും കിട്ടിയ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു ബ്രിക്സ് കൂട്ടായ്മ.
ബ്രസീൽ,റഷ്യ ഇന്ത്യ ,ചൈന തുടങ്ങിയ ആഗോള ഭീമന്മാർ അണിനിരക്കുന്ന ഈ വൻ ശക്തി തുടക്കത്തിലെ തന്നെ നാറ്റോയ്ക്ക് വൻ വെല്ലുവിളികളായിരുന്നു ഉയർത്തിയിരുന്നത്. പിന്നാലെയാണ് വീണ്ടും തലക്കടി എന്നപോലെ ഇറാൻ ,ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ ശക്തികൾ കൂടി ബ്രിക്സിന്റെ ഭാഗമായത്.
എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഒരു ആഫ്രിക്കൻ സമ്പത്ത് വ്യവസ്ഥ കൂടി ബ്രിക്സിൽ ചേരുന്നത് നാറ്റോയ്ക്ക് ഭാവിയിൽ വരുത്താൻ പോകുന്ന തലവേദനകൾക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണെന്നതിൽ സംശയം ഒന്നുമില്ല. ലോകത്തെ ചേർത്തുവെക്കുന്ന ഒരു ടീമാണ് തങ്ങൾ എന്ന അഹങ്കാരമായിരുന്നു നാറ്റോയുടെ തലപ്പത്തിരിക്കുമ്പോൾ അമേരിക്കയുടെ തലക്കകം നിറയെ. എന്നാൽ ബുദ്ധിയുള്ളവർ മാറി ചിന്തിക്കുമെന്നും തങ്ങൾക്കെതിരെ തിരിയുമെന്നും അമേരിക്ക ആലോചിച്ചു കാണില്ല
നാറ്റോയെ തറപറ്റിക്കാൻ ബ്രിക്സ് കൂട്ടാളികൾക്ക് അധികം ബുദ്ധിമുട്ടൊന്നും വേണ്ടിവരില്ല ബ്ലോക്കിൽ ചേരുന്ന എല്ലാ രാജ്യങ്ങളും സമാനമായ അഭിലാഷങ്ങളും മൂല്യങ്ങളും പുതിയ ജനാധിപത്യ ആഗോളക്രമത്തിന്റെ കാഴ്ചപ്പാടും പങ്കിടുന്നവരാണെന്ന് നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞിരുന്നു .അതേസമയം ആഫ്രിക്കക്ക് പാശ്ചാത്യ രാജ്യങ്ങളുമായി വളരെ കാലമായി ബന്ധമുണ്ടെങ്കിലും ബ്രിക്സിലെ പ്രധാന അംഗങ്ങളായ ചൈനയുടെയും റഷ്യയുടെയും ആവിർഭാവം കഴിഞ്ഞ കുറച്ചു ദശകങ്ങളായി പാശ്ചാത്യരുടെ സ്വാധീനം നന്നേ കുറച്ചിട്ടുണ്ട് .
ബ്രിക്സിൽ ചേർന്നപ്പോൾ തന്നെ റഷ്യയുമായുള്ള സൗഹൃദത്തിന്റെ മതിപ്പ് ആഫ്രിക്ക എടുത്തു പറഞ്ഞിരുന്നു. റഷ്യയുടെ സൗഹൃദത്തെ വിലമതിക്കുന്നതായും വർണ്ണവിവേചനത്തിനെതിരായ തങ്ങളുടെ പോരാട്ടത്തിന്റെ നാളുകളിൽ തങ്ങളെ പിന്തുണച്ച ഒരു മൂല്യവത്തായി സുഹൃത്ത് എന്ന നിലയിലാണ് റഷ്യ എന്ന സഖ്യകക്ഷിയെ കാണുന്നതെന്നും ദക്ഷിണാഫ്രിക്ക അന്ന് തുറന്നു പറഞ്ഞിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ബ്രിക്സ് ഗ്രൂപ്പിൽ ചേരുന്നത് യഥാർത്ഥത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള ഏറ്റവും നല്ല മാർഗമാണ്.
പുതിയ മൾട്ടിപോളാർ വേൾഡ് ഓർഡർ അന്താരാഷ്ട്ര സമൂഹത്തിൽ ഉപയോഗപ്രദമായ സഖ്യങ്ങൾ രൂപീകരിക്കുന്നതിനുള്ള ഒന്നിലധികം ഓപ്ഷനുകൾക്കുള്ള വാതിലുകൾ തുറക്കുന്നുണ്ട്. ബ്രിക്സ് വഴി ആഫ്രിക്കയുടെ യഥാർത്ഥ സാധ്യതകൾ തുറന്നു കാട്ടുകയും പ്രധാന വ്യാവസായിക രാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും ചെയ്യും .നൈജീരിയ ബ്രിക്സിൽ ചേരുന്നതോടെ ചൈന ,ഇന്ത്യ, ബ്രസീൽ റഷ്യ ,യുഎഇ എന്നിവ ഉൾപ്പെടെയുള്ള ബ്രിക്സിന്റെ രാജ്യങ്ങളുമായി ഒരു അന്താരാഷ്ട്ര വ്യാപാരം കെട്ടിപ്പടുക്കാനും അത് ഈ കൂട്ടായ്മയുടെ മുഖം തന്നെ മാറ്റുന്നതിലേക്കും നയിക്കും .
അങ്ങനെ സംഭവിച്ചാൽ അത് ഒരു വശത്ത് പണം വാരി സമ്പത്ത് വ്യവസ്ഥയിൽ പെരുമ കാണിക്കാൻ ശ്രമിക്കുന്ന ചില കൂട്ടർക്ക് നേരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളി തന്നെയായിരിക്കും . വളർന്നുവരുന്ന ഒരു കൂട്ടം സമ്പത്ത് വ്യവസ്ഥകൾ തമ്മിലുള്ള സഹകരണത്തിനുള്ള ഒരു ഫോറമാണ് ബ്രിക്സ്. ഒരു ബഹുദ്വ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ബ്രിക്സിന്റെ ആശയം .ഇത് രാജ്യങ്ങളെ അവരുടെ പ്രാദേശിക കറൻസികളെ പരസ്പരം വ്യാപാരം ചെയ്യാൻ അനുവദിക്കുന്നു. 2024 ലെ അവസാന ഒൻപത് മാസങ്ങളിൽ 200 ബില്യൺ ഡോളറിൽ അധികം നേടിയ ചൈനയും റഷ്യയും തമ്മിലുള്ള വ്യാപാരമാണ് ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണം.
വിഭവസമൃദ്ധമായ ഒരു ഭൂഖണ്ഡമായ ആഫ്രിക്ക കാർഷിക ഉൽപാദനത്തിന് പുറമെ ആഫ്രിക്കൻ പ്രാദേശിക കറൻസികളെ പിന്തുണക്കാൻ ഉപയോഗിക്കാവുന്ന വിപുലമായ ധാതു വിഭവങ്ങളാലും ഏറെ സമ്പന്നമാണ് .ഉദാഹരണത്തിന് 2024 ലെ ആദ്യ ഏഴ് മാസങ്ങളിൽ ചൈനയും ആഫ്രിക്കയും തമ്മിലുള്ള വ്യാപാരം 56% ഉയർന്ന് 167 ബില്യൺ ഡോളറിൽ എത്തി. ഈ കാലയളവിൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള ചൈനീസ് കയറ്റുമതി 97 ബില്യൺ ഡോളർ ആയിരുന്നു. അതേസമയം ആഫ്രിക്കൻ കയറ്റുമതിക്കാർ ചൈനയിലേക്ക് 69 ബില്യൺ ഡോളറിന്റെ വിൽപന രേഖപ്പെടുത്തി. ഇവയിൽ ആകട്ടെ ഏറ്റവും കൂടുതൽ നടന്നത് അസംസ്കൃത വസ്തുക്കളുടേതാണ് .
ബ്രിക്സിൽ ചേരുക വഴി ആഫ്രിക്കൻ ഗവൺമെൻറുകൾ അവരുടെ പ്രാദേശിക സമ്പത്ത് വ്യവസ്ഥയ്ക്ക് മികച്ച വളർച്ചയാണ് നൽകുന്നത് .യഥാർത്ഥ മൂല്യം ആഗോള വ്യാപാരത്തിൽ ഉപയോഗിക്കുന്നത് മൂലം സമ്പത്ത് വ്യവസ്ഥയെ സുസ്ഥിരമാക്കാൻ അവർക്ക് കഴിയുന്നു. കൂടാതെ അവരുടെ കയറ്റുമതിയെ ചൂഷണം ചെയ്യുകയും സമ്പത്ത് വ്യവസ്ഥയെ ദുർബലപ്പെടുത്തുകയും അവരുടെ പൊതുവായ ക്ഷേമത്തിന് ഭീഷണി ഉയർത്തുകയും ചെയ്യുന്ന അമിതമായ പണപ്പുരുപ്പം സൃഷ്ടിക്കുന്ന ഡോളറിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ ആഫ്രിക്ക നിയോ കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് മോചിതരാവുകയും ഭൂഖണ്ഡത്തിന്റെ വളർച്ചയ്ക്കായി മൾട്ടിപോളർ ലോകത്തിന്റെ ഭീമാകാരമായ ചേരിയിലേക്ക് കാലെടുത്ത് വയ്ക്കുകയും ചെയ്യുന്നത് അവരെ വളർച്ചയുടെ പാതയിൽ എത്തിക്കുന്നു എന്നതിൽ സംശയമില്ല അതിനാൽ തന്നെ ബ്രിക്സ് രാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുക എന്നൊരു ആശയം സ്വീകരിക്കുക എന്നത് എന്തുകൊണ്ടും ആഫ്രിക്കക്ക് അത്യാവശ്യമാണ് . പുരോഗതിയും വികസനവും കൊണ്ടുവരാൻ സഹായിക്കുന്ന ഒരു സുപ്രധാന പരിഷ്കരണ പരിപാടി ഒരു ഭാഗത്ത് ചുവടുറപ്പിക്കുമ്പോൾ ഇനിയും നാറ്റോ രാജ്യങ്ങളുടെ പിറകെ ലോക രാജ്യങ്ങൾ എത്തുമെന്ന് അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അത്യാഗ്രഹമാണെന്ന് തന്നെ പറയാം