ദില്ലി: ആം ആദ്‌മി പാര്‍ട്ടിയെ കടത്തി വെട്ടുന്ന ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചും, മധ്യവര്‍ഗത്തെ ഉന്നമിട്ട് നടത്തിയ ബജറ്റ് പ്രഖ്യാപനവും ബിജെപിക്കായി രാജ്യതലസ്ഥാനത്തിന്‍റെ വാതിലുകള്‍ തുറന്നു. ദില്ലിയുടെ അധികാരത്തിലേക്ക് ബിജെപി എത്തുന്നത് കാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടെ അടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യ നയ അഴിമതിയില്‍ കെജ്രിവാളടക്കം നേതാക്കളെ കുരുക്കാനായതുമാണ് ആം ആദ്‌മി പാര്‍ട്ടിയുടെ സിംഹാസനം തകര്‍ത്തത്.
‘ശീഷ് മഹല്‍’ അഥവാ സ്‌ഫടിക കൊട്ടാരത്തിലെ തമ്പുരാന്‍
രാജ്യതലസ്ഥാനത്ത് 27 വര്‍ഷത്തിനപ്പുറമാണ് ബിജെപിയുടെ തേരോട്ടം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ദില്ലി ഭരണവും ഇനിമുതൽ കൈപ്പിടിയിലായി. ലോക് സഭ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റും നേടിയത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള നല്ല തുടക്കമായി ബിജെപി കണ്ടു. പ്രാദേശിക നേതൃത്വത്തില്‍ നിന്ന് ദില്ലിയുടെ കടിഞ്ഞാണ്‍ മോദിയും അമിത് ഷായും തന്നെ ഏറ്റെടുത്തു. ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജരിവാളിനെതിരെ മദ്യനയ അഴിമതി തലങ്ങും വിലങ്ങും വീശി. അഴിമതിയുടെ അടയാളമായി കെജ്രിവാള്‍ കഴിഞ്ഞ ഔദ്യോഗിക വസതിയെ ഉയര്‍ത്തിക്കാട്ടി. ശീഷ് മഹല്‍ അഥവാ സ്‌ഫടിക കൊട്ടാരത്തിലെ തമ്പുരാന്‍ എന്ന ആരോപണം കെജരിവാളിനെതിരെ ശക്തമാക്കി. ദില്ലി തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പാര്‍ലമെന്‍റില്‍ പോലും ശീഷ് മഹല്‍ ആരോപണം ഉയര്‍ത്തി കെജ്രിവാളിനെ വരിഞ്ഞു മുറുക്കി.
കോളനികള്‍ക്ക് ഉടമസ്ഥാവകാശം
അഴിമതി ആരോപണം ഒരു വശത്ത് ശക്തമാക്കി ആം ആദ്‌മി പാര്‍ട്ടിയെ വെല്ലുന്ന ജനപ്രിയ പദ്ധതികളും ബിജെപി പ്രഖ്യാപിച്ചു. മൂന്ന് പ്രകടന പത്രികകളിലായി അടിസ്ഥാന വര്‍ഗത്തിന് മുതലിങ്ങോട്ട് ശ്രദ്ധ നല്‍കി. സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണായക ശക്‌തിയായ ദില്ലിയില്‍ ആം ആദ്‌മി പാര്‍ട്ടി പ്രഖ്യാപിച്ച 2100 രൂപ പ്രതിമാസ സഹായത്തെ 2500 രൂപയാക്കി ബിജെപി അവതരിപ്പിച്ചു. ബിജെപി വന്നാല്‍ നിലവിലെ ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന പ്രചാരണത്തെ മറികടക്കാന്‍ പദ്ധതികള്‍ നിലനിര്‍ത്തുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി തന്നെ നടത്തി. കോളനികള്‍ക്ക് ഉടമസ്ഥാവകാശവും വാഗ്ദാനം ചെയ്‌തു.
ആവനാഴിയിലെ ആ വജ്രായുധം
ഏറ്റവുമൊടുവില്‍ ആ വജ്രായുധവും പ്രയോഗിച്ചു. പത്ത് ലക്ഷം വരെ നികുതിയിളവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് മധ്യവര്‍ഗത്തെ തന്നെ ഉന്നമിട്ട് 12 ലക്ഷം രൂപക്ക് ആദായ ഇളവ് നല്‍കി. പ്രചാരണം തീരുന്നതിന് തൊട്ട് മുമ്പ് പത്രപരസ്യം നല്‍കി പ്രഖ്യാപനം എല്ലായിടവും എത്തിച്ചു. എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപനമെന്ന അപ്രതീക്ഷിത നീക്കത്തിലൂടെ മധ്യവര്‍ഗത്തിന്‍റെ പരിച്ഛേദമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂടുതല്‍ തൃപ്‌തിപ്പെടുത്തി.
കീഴടക്കിയത് മോദിയും സംഘവും
മോദിയും അമിത്ഷായും നിറഞ്ഞു നിന്ന പ്രചാരണത്തില്‍ ദില്ലിയില്‍ സ്വാധീനമുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയേയും ഒക്കെ ഇറക്കി പൂര്‍വാഞ്ചലികളുടെ പിന്തുണയും, മുന്നോക്ക വോട്ടുകളും ഉറപ്പിച്ചു. മുഖമില്ലാതെ മത്സരിക്കുന്നുവെന്ന പോരായ്‌മയും ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചും, അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്‌തും മോദിയും സംഘവും കീഴടക്കിയിരിക്കുന്നു.