വ്യവസായി രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലെ വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ആരാണ് മോഹിനി മോഹന്‍ ദത്ത എന്ന് തിരയുകയാണ് സോഷ്യൽ ലോകം. കാരണം, രത്തന്‍ ടാറ്റയുടെ ശേഷിക്കുന്ന ആസ്‌തിയുടെ മൂന്നിലൊന്ന്, അതായത് 500 കോടി രൂപയിലധികം വിലമതിക്കുന്ന സമ്പത്ത് മോഹിനി മോഹന്‍ ദത്തയ്ക്കാണെന്ന് വില്‍പ്പത്രത്തില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രത്തന്‍ ടാറ്റയ്ക്ക് അദ്ദേഹവുമായുള്ള ബന്ധം വളരെ കുറച്ച് പേര്‍ക്ക് മാത്രമെ അറിയൂവെന്ന് ഇക്കോണിക്‌സ് ടൈംസിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജംഷഡ്‌പൂര്‍ സ്വദേശിയായ ട്രാവല്‍ ഇന്‍ഡസ്ട്രി സംരംഭകനാണ് മോഹിനി മോഹന്‍ ദത്ത. വളരെ അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന് രത്തന്‍ ടാറ്റയുടെ സമ്പത്തിൻ്റെ ഒരു ഭാഗം കിട്ടിയത്. അതിനാല്‍ തന്നെ ടാറ്റ കുടുംബവും അടുത്ത സഹകാരികളും ഈ വെളിപ്പെടുത്തലില്‍ അത്ഭുതപ്പെട്ടു. അവരുമായി അടുത്ത ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയത് അങ്ങനെയാണ്.
ആരാണ് മോഹിനി മോഹന്‍ ദത്ത?
രത്തന്‍ ടാറ്റയുമായുള്ള മോഹിനി മോഹന്‍ ദത്തയുടെ ബന്ധത്തെ കുറിച്ച് കുറച്ച് ആളുകള്‍ക്ക് മാത്രമെ അറിയുള്ളൂവെങ്കിലും രത്തന്‍ ടാറ്റയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നതായും കൂടാതെ വര്‍ഷങ്ങളോളം വിശ്വസനീയനായ ഒരു സഹകാരി ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2013ല്‍ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിൻ്റെ ഒരു ഭാഗമായ താജ് സര്‍വീസസുമായി ലയിച്ച ‘സ്റ്റാലിയന്‍’ എന്ന ട്രാവല്‍ കമ്പനി മോഹിനി മോഹന്‍റെ കുടുംബത്തിൻ്റെത് ആയിരുന്നുവെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. ലയനത്തിന് മുമ്പ് മോഹിനി മോഹന്‍ ദത്തയും കുടുംബവും സ്റ്റാലിയൻ്റെ 80 ശതമാനവും ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ബാക്കി ഓഹരികള്‍ ടാറ്റ ഇന്‍ഡസ്ട്രീസ് ആണ് കൈവശം വെച്ചിരുന്നത്. തോമസ് കുക്കിൻ്റെ അഫിലിയേറ്റ് ആയിരുന്ന ടിസി ട്രാവല്‍ സര്‍വീസസിൻ്റെ ഡയറക്ടറായിരുന്നു മോഹിനി മോഹനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അദ്ദേഹം മിക്കപ്പോഴും ടാറ്റ കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു എന്ന് ടാറ്റ ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. 2024 ഒക്ടോബറില്‍ രത്തന്‍ ടാറ്റയുടെ ശവസംസ്‌കാര ചടങ്ങിനിടെ മോഹിനി മോഹന്‍ ഈ ബന്ധത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു.
‘‘രത്തന്‍ ടാറ്റയ്ക്ക് 24 വയസുള്ളപ്പോള്‍ ജംഷദ്‌പുരിലെ ഡീലേഴ്‌സ് ഹോസ്റ്റലില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. അദ്ദേഹം എന്നെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്‌തു,’’ രത്തന്‍ ടാറ്റയുടെ സംസ്‌കാര ചടങ്ങിനിടെ മോഹിനി മോഹന്‍ അദ്ദേഹത്തെ അനുസ്‌മരിതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ഡിസംബറില്‍ മുംബൈയിലെ എന്‍സിപിഎയില്‍ നടന്ന രത്തന്‍ ടാറ്റയുടെ ജന്മദിനാഘോഷങ്ങളില്‍ മോഹിനി മോഹനും ക്ഷണമുണ്ടായിരുന്നു.
രത്തന്‍ ടാറ്റയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
രത്തന്‍ ടാറ്റയുടെ ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പേരുകേട്ടവയാണ്. തൻ്റെ സമ്പത്തിൻ്റെ ഭൂരിഭാഗവും അദ്ദേഹം ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് നീക്കിവെച്ചത്. ടാറ്റാ ഗ്രൂപ്പിൻ്റെ നിയുക്ത ഗുണഭോക്താക്കളായ രത്തന്‍ ടാറ്റയുടെ അര്‍ധ- സഹോദരിമാരും അവരുടെ വിഹിതത്തിൻ്റെ ഒരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുമെന്നാണ് കരുതുന്നത്.
രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷന്‍, രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് രത്തന്‍ ടാറ്റ തൻ്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഒന്നായ ടാറ്റ ഗ്രൂപ്പ് പ്രതിവര്‍ഷം 100 ബില്ല്യണ്‍ ഡോളറിലധികം വരുമാനം നേടുന്നുണ്ട്. 2024 ഒക്ടോബറില്‍ 86 -മത്തെ വയസിലാണ് രത്തന്‍ ടാറ്റ ഈ ലോകത്തോട് വിട പറഞ്ഞത്.