ടോളിവുഡിലെ മുതിര്‍ന്ന താരം മോഹൻ ബാബു അടുത്തിടെ ചില കുടുംബ പ്രശ്‌നങ്ങളുടെ പേരിലാണ് വാർത്തകളിൽ ഇടം നേടിയത്. ഇപ്പോൾ വലിയൊരു വെല്ലുവിളി അദ്ദേഹം നേരിടുകയാണ്. ഇളയ മകൻ മഞ്ചു മനോജുമായി ബന്ധപ്പെട്ട ഒരു പൊലീസ് കേസിൽ അടുത്തിടെ മോഹൻ ബാബുവും ഉൾപ്പെട്ടിരുന്നു. ഇപ്പോൾ അതിലും ഗുരുതരമായ ആരോപണമാണ് തെലുങ്കിലെ മുതിർന്ന നടനും നിർമാതാവുമായ അദ്ദേഹത്തിന് എതിരെ ഉയരുന്നത്.
ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് മോഹൻ ബാബുവിനെതിരെ പുതിയ പരാതി ഫയൽ ചെയ്‌തിരിക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്‌ത നടിയായിരുന്ന സൗന്ദര്യയുടെ അപകട മരണത്തിൽ മോഹൻ ബാബുവിൻ്റെ പങ്ക് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
കന്നഡയിൽ മാത്രമല്ല, തമിഴിലും മലയാളത്തിലും മിന്നിത്തിളങ്ങി നിന്ന താരമാണ് സൗന്ദര്യ. ‘സൂര്യവംശ’ത്തില്‍ അമിതാഭ് ബച്ചൻ്റെ നായികയായി പ്രത്യക്ഷപ്പെട്ട സൗന്ദര്യ ബോളിവുഡിലും ശ്രദ്ധ നേടിയിരുന്നു. 31കാരിയായ സൗന്ദര്യ 2004 ഏപ്രിൽ 17ന് ഒരു ചെറുവിമാനം തകർന്നു വീണാണ് മരിച്ചത്.
കരിംനഗറിൽ ബിജെപിയുടെയും ടിഡിപിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഈ അപകടത്തിൽ സൗന്ദര്യയുടെ സഹോദരനും ജീവൻ നഷ്‌ടമായിരുന്നു. ഈ സമയം സൗന്ദര്യ ഗർഭിണിയായിരുന്നു എന്നാണ് റിപ്പോർട്ട്. കത്തിയമർന്ന വിമാനത്തിൻ്റെ അവശിഷ്‌ടങ്ങളിൽ നിന്ന് സൗന്ദര്യയുടെ ശരീരഭാഗങ്ങള്‍ പോലും പൂര്‍ണമായി കുടുംബത്തിന് ലഭിച്ചിരുന്നില്ല.
ഇപ്പോൾ 22 വർഷത്തിന് ശേഷമാണ് ഈ സംഭവത്തിൽ മോഹൻ ബാബുവിനെതിരെ പരാതി വന്നിരിക്കുന്നതെന്ന് ന്യൂസ് 18 കന്നഡ റിപ്പോർട്ട് ചെയ്യുന്നു. സൗന്ദര്യയുടേത് അപകട മരണമല്ലെന്നും കൊലപാതകമാണ് എന്നുമാണ് പരാതിയിൽ പറയുന്നത്. മോഹൻ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്‌തുതര്‍ക്കമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഷംഷാബാദിലെ ജൽപള്ളി ഗ്രാമത്തിൽ സ്വന്തം പേരിലുള്ള ആറേക്കർ ഭൂമി മോഹൻ ബാബുവിന് വിൽക്കാൻ സൗന്ദര്യയും സഹോദരൻ അമർനാഥും തയാറായില്ലെന്നും ഇത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
കന്നഡ റിപ്പോർട്ട് പ്രകാരം, ദാരുണമായ വിമാന അപകടത്തിന് ശേഷം മോഹൻ ബാബു ഭൂമി വിൽക്കാൻ സഹോദരങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും ഭൂമി നിയമ വിരുദ്ധമായി കൈവശപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. വിമാന അപകടത്തിൻ്റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മോഹൻ ബാബുവിൻ്റെ കുടുംബത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും പരാതിയിൽ പറയുന്നു. ഇളയമകൻ മഞ്ചു മനോജിന് നീതി ലഭിക്കണമെന്നും ജൽപള്ളിയിലെ ആറ് ഏക്കർ വിസ്‌തൃതിയുള്ള ഗസ്റ്റ് ഹൗസ് പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കൂടാതെ, മോഹൻ ബാബു ജീവഹാനി വരുത്തുമോ എന്ന് ഭയമുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.