കൃഷ്‌ണജിത്ത് എസ്.വിജയൻ്റെ സംവിധാനത്തിൽ മണികണ്ഠൻ ആചാരി വളരെ വ്യത്യസ്‌തമായൊരു ലുക്കിൽ എത്തുന്ന ‘രണ്ടാം മുഖം’ അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. യു.കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെടി രാജീവും കെ ശ്രീവര്‍മ്മയും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം.
അജയ് പി പോൾ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ മറീന മൈക്കിളും അഞ്ജലി നായരുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാമൂഹ്യ പ്രസക്തിയുള്ള പ്രമേയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രത്തെയാണ് മണികണ്ഠൻ ആചാരി അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന സിനിമ സമ്പൂര്‍ണ റിയലിസ്റ്റിക് അനുഭവം ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു. കെ ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്.