...
Home News Kerala ‘എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപം ആസൂത്രിതം, പ്രതി പിപി ദിവ്യ മാത്രം’; കുറ്റപത്രം സമർപ്പിച്ചു

‘എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപം ആസൂത്രിതം, പ്രതി പിപി ദിവ്യ മാത്രം’; കുറ്റപത്രം സമർപ്പിച്ചു

കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ട്

302

എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതി പിപി ദിവ്യ മാത്രമെന്നും മരണ കാരണം യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തിലുള്ളത്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതും പിപി ദിവ്യ തന്നെയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.

യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് അറിയാൻ പിപി ദിവ്യ പലതവണ കളക്ടറുടെ പിഎയെ ഫോണിൽ വിളിച്ചു. ദിവ്യ ക്ഷണിക്കാത്ത ചടങ്ങിനെത്തിയത് കൃത്യമായ ലക്ഷ്യത്തോടെ ആണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ട്.

പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പിപി ദിവ്യയുടെ ആരോപണം. എന്നാൽ കൈക്കൂലി വാങ്ങിയിട്ടില്ല എന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ അസ്വഭാവികതയുമില്ല. അനധികൃത ഇടപെടലുമുണ്ടായിട്ടില്ല. കൈക്കൂലി വാങ്ങിയതിന് തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്

എഡിഎമ്മിനെ അപമാനിക്കാന്‍ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്. കലക്ടറുടെ ഓഫീസില്‍ നാല് തവണ വിളിച്ച് യാത്രയയപ്പ് ചടങ്ങിൻ്റെ സമയം ഉറപ്പിച്ചിരുന്നു എന്നും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിപാടി ചിത്രീകരിക്കാന്‍ കണ്ണൂര്‍ വിഷന്‍ ചാനലിനോട് നിര്‍ദ്ദേശിച്ചതും പിപി ദിവ്യ തന്നെയാണ്. തുടര്‍ന്ന് ഈ ദൃശ്യങ്ങളും ദിവ്യ ശേഖരിച്ചതായും കണ്ണൂര്‍ വിഷന്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.