മുംബൈ: 2024- 2028 ഒളിംപിക് സൈക്കിളുമായി ബന്ധപ്പെട്ട് ഇഷ അംബാനിയും ലൂയിസ് ബൗഡനും ഇൻ്റെര്‍നാഷണല്‍ വോളിബോള്‍ ഫെഡറേഷന്‍ (എഫ്‌ഐവിബി) ബോര്‍ഡ് ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് സംരംഭകത്വ മികവും പുതിയ കാഴ്ച്ചപ്പാടുകളുമെല്ലാം കൊണ്ടുവരുന്നതിൻ്റെ കൂടി ഭാഗമായാണ് ഇഷ തെരഞ്ഞെടുക്കപ്പെട്ടത്.
വോളിബോളിന് പുറമെ വിവിധ മേഖലകളില്‍ നിന്നായി നാല് അംഗങ്ങളെ ബോര്‍ഡിലേക്ക് ചേര്‍ക്കാന്‍ എഫ്‌ഐവിബി ഭരണഘടന അനുമതി നല്‍കുന്നുണ്ട്. ഇതനുസരിച്ചാണ് ഇഷയിലേക്ക് പുതിയ നിയോഗം എത്തിയിരിക്കുന്നത്. വ്യത്യസ്‌ത തരത്തിലുള്ള കാഴ്ച്ചപ്പാടുകളും സംഘടനയുടെ വൈവിധ്യ വല്‍ക്കരണവും ഉറപ്പാക്കാന്‍ ഇഷയുടെ തെരഞ്ഞെടുപ്പ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
ജെന്‍ഡര്‍ ഇന്‍ മൈനോരിറ്റി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് ഇഷ അംബാനി എഫ്‌ഐവിബി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിത്. ബിസിനസ് ലോകത്തെ ചടുലമായ വ്യക്തിത്വത്തിന് ഉടമയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ലീഡര്‍ഷിപ്പിൻ്റെ ഭാഗമായ ഇഷ അംബാനി. റിലയന്‍സ് റീട്ടെയ്ല്‍ ഉള്‍പ്പടെയുള്ള ഗ്രൂപ്പ് കമ്പനികളില്‍ ഇഷ മികച്ച രീതിയിലുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്.
കമ്പനിയുടെ വളര്‍ച്ച ഉറപ്പാക്കുന്നതിലും ഡിജിറ്റല്‍, ഇ- കൊമേഴ്‌സ് സംരംഭങ്ങള്‍ വിജയത്തിൽ എത്തിക്കുന്നതിലും ഇഷ അംബാനി നേതൃത്വം വഹിക്കുന്നുണ്ട്.
ഇതിന് പുറമെ ഗ്രൂപ്പിൻ്റെ വൈവിധ്യവല്‍ക്കരണ, ലിംഗസമത്വ അജണ്ട നടപ്പാക്കുന്നതിലും ഇഷ നേതൃത്വപരമായ പങ്ക് വഹിക്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകളെ ശാക്തീകരിക്കുന്ന നിരവധി പദ്ധതികള്‍ക്ക് അവര്‍ നേതൃത്വം നല്‍കുന്നു. ലിംഗസമത്വത്തിലും ബിസിനസ് വിഷനിലും ഇഷയ്ക്കുള്ള വ്യത്യസ്തമായ കാഴ്ച്ചപ്പാട് എഫ്‌ഐവിബി ബോര്‍ഡിന് കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇഷയുടെ കൂടെ എഫ്‌ഐവിബി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലൂയിസ് ബൗഡന്‍ മൂന്ന് തവണ ഒളിമ്പിക്‌സില്‍ വിജയിച്ചിട്ടുണ്ട്. എഫ്‌ഐവിബി അത്‌ലെറ്റ്‌സ് കമ്മീഷന്‍ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ബീച്ച് വോളിബാള്‍ ഒളിംപ്യനാണ് ബൗഡന്‍.