നാസിക്: മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലെ തർക്കത്തിലുള്ള ദർഗ പൊളിക്കുന്നതിനെ എതിർത്ത ചിലർ നടത്തിയ ആക്രമണത്തിൽ ഇരുപത്തിയൊന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും മൂന്ന് പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്‌ച രാത്രി വൈകിയാണ് സംഭവം നടന്നത്. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പോലീസ് ലാത്തി ചാർജ് ചെയ്യുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്‌തു. അക്രമവുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോൾ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് കയ്യേറ്റ വിരുദ്ധ നടപടിക്കിടെ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു. നിലവിൽ സ്ഥിതി ശാന്തമാണെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ബുധനാഴ്‌ച രാവിലെ ആറ് മണിയോടെ നാസിക് മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംസി) ഉദ്യോഗസ്ഥർ നഗരത്തിലെ കാത്തേ ഗള്ളി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അനധികൃത സത്പീർ ബാബ ദർഗ നീക്കം ചെയ്‌തതായി പോലീസ് പറഞ്ഞു.
“ഹൈക്കോടതി ഉത്തരവ് പ്രകാരം, സത്പീർ ദർഗ ട്രസ്റ്റിമാർ ചൊവ്വാഴ്‌ച രാത്രി മുതൽ ഘടന നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
പ്രതിഷേധക്കാരെ സമാധാനിപ്പിക്കാൻ പോയ പോലീസിനും മുസ്ലീം നേതാക്കൾക്കും നേരെ കല്ലെറിഞ്ഞ് ഒരു ജനക്കൂട്ടം പ്രതിഷേച്ചു,” -നാസിക് പോലീസ് കമ്മീഷണർ സന്ദീപ് കാർണിക് പറഞ്ഞു.
“ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്യുകയായിരുന്നു.
ആക്രമണത്തിൽ മൂന്ന് പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, 21 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രാവിലെ ദർഗ പൊളിച്ചുമാറ്റി. എഫ്‌ഐആർ ഫയൽ ചെയ്‌ത് അക്രമത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്‌ച രാത്രി 11.30 ഓടെ, കയ്യേറ്റം നീക്കം ചെയ്യുന്നതിനായി ട്രസ്റ്റിമാർ സ്ഥലത്തെത്തി. ആ സമയത്ത്, ദർഗയ്ക്ക് സമീപമുള്ള ഉസ്‌മാനിയ ചൗക്കിൽ ഒരു കൂട്ടം അക്രമികൾ തടിച്ചുകൂടി. അവരെ സമാധാനിപ്പിക്കാൻ പോയ ദർഗ ട്രസ്റ്റികളെയും മറ്റുള്ളവരെയും അവർ ശ്രദ്ധിച്ചില്ലെന്ന് ഡിസിപി കിരൺകുമാർ ചവാൻ പറഞ്ഞു.
“സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അവർ അവരുടെ വാക്കു കേട്ടില്ല. അക്രമികൾ കല്ലെറിയുകയും ചില വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്‌തു.” അ-ദ്ദേഹം പറഞ്ഞു.
” 57 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ സമാധാനപരവും നിയന്ത്രണ വിധേയവുമാണ്,” -ചവാൻ പറഞ്ഞു.
ബുധനാഴ്ച രാവിലെ ദർഗയിലെ കയ്യേറ്റ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏകദേശം 50 എൻഎംസി ഉദ്യോഗസ്ഥർ ഏർപ്പെട്ടിരുന്നു. നാല് മണ്ണ് കുഴിക്കൽ യന്ത്രങ്ങൾ, ആറ് ട്രക്കുകൾ, രണ്ട് ഡമ്പറുകൾ എന്നിവ ഉപയോഗിച്ചാണ് ഇത് നടത്തിയതെന്ന് പൗര ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ ദർഗക്ക് സമീപമുള്ള നിരവധി അനധികൃത നിർമ്മാണങ്ങൾ നഗരസഭയുടെ കയ്യേറ്റ വിരുദ്ധ സംഘം നീക്കം ചെയ്‌തിരുന്നു. സ്ഥലത്ത് തടിച്ചുകൂടിയ ഒരു വിഭാഗം പ്രദേശവാസികളും ഹിന്ദു സംഘടനാ അംഗങ്ങളും ദർഗ തന്നെ അനധികൃതമാണെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഫെബ്രുവരിയിൽ എൻഎംസി നടത്തിയ കയ്യേറ്റ വിരുദ്ധ നീക്കം പൂർത്തിയായിട്ടില്ലെന്നും മുഴുവൻ സ്ഥലവും വൃത്തിയാക്കണമെന്നും നാസിക് സെൻട്രൽ എംഎൽഎ ദേവയാനി ഫരാൻഡെയും പറഞ്ഞിരുന്നു.