രാജ്യത്ത് സാമുദായിക വിഭജനമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആണ് വഖഫ് നിയമ ഭേദഗതി നിയമം മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. വഖഫ് സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് മോദി സര്‍ക്കാരിന്‍റെ വര്‍ഗീയ രാഷ്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടി ആയിരിക്കുകയാണ്.
വഖഫ് ഭേദഗതി നിയമം നിലവില്‍ വന്നതിന് പിന്നാലെ രാജ്യത്ത് പലടിയത്തും ചെറുതും വലുതുമായ സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടായി. ഇതുതന്നെയാണ് വഖഫ് നിയമ ഭേദഗതിയിലൂടെ സംഘപരിവാര്‍ ലക്ഷ്യമിട്ടതും. രാമക്ഷേത്രം, കശ്മീരിന്‍റെ പ്രത്യേക അവകാശം പിന്‍വലിക്കല്‍, ഏകീകൃത സിവില്‍ നിയമം, പൗരത്വ നിയമം, ലൗ ജിഹാദ് തുടങ്ങിയ സംഘപരിവാര്‍ പദ്ധതികളിലെ ഒടുവിലത്തേതാണ് വഖഫ്
ഭേദഗതി നിയമം.
നൂറ്റാണ്ടുകളായി മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ കൈവശം വെച്ചിരുന്ന ഭൂമി പിടിച്ചെടുക്കുക, വഖഫ് ബോര്‍ഡുകളില്‍ സംഘപരിവാറുകാരെ നിയമിച്ച് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക, മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. കേരളത്തിലെ മുനമ്പമായിരുന്നു ഒരു പരീക്ഷണശാല.
വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു തന്നെ തുറന്ന് പറഞ്ഞതോടെ സംഘപരിവാറിന്‍റെ മുനമ്പം അജണ്ട പൊളിഞ്ഞു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പാണ് അടുത്ത രാഷട്രീയ വെല്ലുവിളി. സുപ്രിംകോടതിയില്‍ തിരിച്ചടി നേരിട്ടാലും സാമുദായിക ധ്രുവീകരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മോദിയും അമിത്ഷായും ആദിത്യനാഥും വഖഫ് വിഷയം തന്നെ ഉന്നയിച്ചുകൊണ്ടിരിക്കും.