നടൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ പൊലീസെത്തി നോട്ടീസ് നൽകി. എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂർ പേരാമംഗലത്തെ വീട്ടിലെത്തിയത്.
ശനിയാഴ്‌ച പൊലിസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ചാണ് പൊലിസ് നോട്ടിസ് നൽകിയത്. ഷൈൻ ഹാജരാകുമെന്ന് പിതാവ് ചാക്കോ അറിയിച്ചു. ഇതുവരെ നിയമോപദേശം തേടിയിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി.
പത്ത് വർഷം കേസ് നടത്തി പരിചയമുണ്ടെന്നും ആരോപണങ്ങൾ ഓലപ്പാമ്പുകളെന്നും ഷൈനിൻ്റെ പിതാവ് ചാക്കോ പ്രതികരിച്ചു. നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഷൈൻ ടോം ചാക്കോക്കെതിരെ കേസും പരാതിയും ഇല്ലെങ്കിലും ലഹരി പരിശോധനക്കിടെ ഓടിക്കളഞ്ഞ നടൻ്റെ നീക്കത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകി വിളിച്ചു വരുത്തുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈൻ്റെ കുടുംബം അറിയിച്ചു. നഗരത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ തേടിയാണ് പൊലീസ് ഷൈൻ ടോം ചക്കോയുടെ ഹോട്ടൽ മുറിയിൽ പരിശോധനക്ക് എത്തിയത്.
നിലവിൽ ഷൈൻ തമിഴ്‌നാട്ടിലാണ് ഉള്ളത്. നടൻ്റെ മുറിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയിയുണ്ട്. എന്നാൽ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഷൈനിനെതിരെ പൊലീസ് കേസെടുത്തില്ല. എക്സൈസും ഷൈനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.