ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിൻ്റെ പരമാര്‍ശത്തില്‍ മറുപടിയുമായി രാജ്യസഭാംഗം കപില്‍ സിബല്‍. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നീതി നല്‍കാനുള്ള സുപ്രീം കോടതിയുടെ അവകാശമാണെന്ന വിവരം ഉപരാഷ്ട്രപതി അറിഞ്ഞിരിക്കണമെന്ന് കപില്‍ സിബല്‍.
ജൂഡിഷ്യറിയുടെ തീരുമാനങ്ങള്‍ എതിരാകുമ്പോള്‍ മാത്രം പരിധി കടക്കുന്നുവെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ രൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം നടത്തിയത്.
സുപ്രീം കോടതിക്ക് സവിശേഷാധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 142 അനുച്ഛേദം ജനാധിപത്യ ശക്തികള്‍ക്ക് എതിരായ ആണവ മിസൈലായി മാറിയെന്നായിരുന്നു രാജ്യസഭാ ചെയര്‍മാൻ്റെ വിമര്‍ശനം.
ആര്‍ട്ടിക്കിള്‍ 142 നീതി നല്‍കാനുള്ള സുപ്രീം കോടതിയുടെ ഭരണഘടനാപരമായ അവകാശമാണെന്ന് ഉപരാഷ്ട്രപതി അറിഞ്ഞിരിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാംഗവുമായ കപില്‍ സിബല്‍ പ്രതികരിച്ചു.
ജുഡീഷ്യറിയുടെ തീരുമാനങ്ങള്‍ തങ്ങള്‍ക്ക് എതിരാകുമ്പോള്‍ മാത്രം കോടതികള്‍ പരിധി വിടുന്നെന്നു ചിലര്‍ കുറ്റപ്പെടുത്തുന്നു. രാഷ്ട്രപതിയുടെ പ്രതികരണം അദ്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതാണെന്നും കപില്‍ സിബല്‍ പറഞ്ഞു.
മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതിയെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. മറ്റ് വിവേചന അധികാരം രാഷ്ട്രപതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലില്‍ ഗവര്‍ണര്‍ക്ക് പിന്നാലെ രാഷ്ട്രപതിക്കും സുപ്രീം കോടതി കടിഞ്ഞാണിട്ടതോടെ ജുഡീഷ്യറിയും പാര്‍ലമെൻ്റെറിയും തമ്മിലുളള വാക്പോരിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്.