മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ. ചോദ്യം ചെയ്യലിനായി അമേരിക്കയുടെ സഹായം തേടിയേക്കും. കേസില്‍ ഹെഡ്‌ലിയുടെ നിബന്ധന നിലനില്‍ക്കെയുള്ള അമേരിക്കയുടെ ഇടപെടല്‍ ഏറെ നിര്‍ണായമാകും.
കസ്റ്റഡിയിലുള്ള തഹാവൂര്‍ റാണയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിര്‍ണായക നീക്കം. നിലവിലെ സാഹചര്യത്തില്‍ ഹെഡ്‌ലിയെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ സാധ്യമല്ല.
ഈ പശ്ചാത്തലത്തിലാണ് അമേരിക്കയിലെത്തി ചോദ്യം ചെയ്യാനുള്ള എന്‍ഐഎയുടെ നീക്കം. വിഷയത്തില്‍ രേഖമൂലമുള്ള അപേക്ഷ ഉടന്‍ സമര്‍പ്പിക്കാനാണ് അന്വേഷണ ഏജന്‍സി ശ്രമം നടത്തുന്നത്. മറ്റു രാജ്യങ്ങളിലേക്ക് തന്നെ അയക്കരുതെന്ന ഹെഡ്‌ലിയുടെ നിബന്ധന നിലനില്‍ക്കെ അമേരിക്കയുടെ ഇടപെടലും കേസില്‍ ഏറെ നിര്‍ണായകമാകും.
ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് ലക്ഷകര്‍ ഇ ത്വയ്ബ ഐ.എസ്.ഐ തുടങ്ങിയ ഭീകര സംഘടനകള്‍ക്കുള്ള പങ്ക് ഉള്‍പ്പെടെ പ്രധാന വിവരങ്ങള്‍ റാണയുടെ ചോദ്യം ചെയ്യലില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിനായി മറ്റു രാജ്യങ്ങളില്‍ നിന്നും പ്രാദേശിക തലത്തില്‍ നിന്നും ലഭിച്ച സഹായങ്ങടക്കം റാണയില്‍ നിന്നും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. അതേസമയം താഹവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുമ്പോഴും ഗുരുതര കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള ഹെഡ്‌ലിയെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ കഴിയാത്തത് മോദിയുടെ പരാജയമാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.