തിരുവനന്തപുരം / കാസർകോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് യോഗ്യത നേടിയത് 41 പേര്‍. 33-ാം റാങ്കുനേടിയ കോട്ടയം പാലാ സ്വദേശി ആല്‍ഫ്രഡ് തോമസാണ് കേരളത്തില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തിയത്. ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന ആല്‍ഫ്രഡ് ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ബിടെക് കരസ്ഥമാക്കിയ ശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനം തുടങ്ങിയത്.
തിരുവല്ല മുത്തൂര്‍ സ്വദേശിനി മാളവിക ജി നായര്‍ (45-ാം റാങ്ക്), വാളകം വയയ്ക്കല്‍ സ്വദേശിനി നന്ദന ജിപി (47-ാം റാങ്ക്), കൊല്ലം പത്തനാപുരം സ്വദേശിനി രേണു അന്ന മാത്യു (81-ാം റാങ്ക്), കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി ദേവിക പ്രിയദര്‍ശിനി (95-ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറ് റാങ്കുകളില്‍ ഇടം നേടിയ മലയാളികള്‍.
റാങ്ക് നില ഉയർത്തി രാഹുല്‍
സിവില്‍ സര്‍വീസ് എന്ന മോഹവുമായി പരീക്ഷ എഴുതി കഴിഞ്ഞ തവണ 714 റാങ്ക് നേടി കാസര്‍കോടിൻ്റെ അഭിമാനമായ രാഹുല്‍ രാഘവന്‍ ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 404 റാങ്കോടെ വീണ്ടും നാടിൻ്റെ അഭിമാനമായി. ഉദുമ സര്‍ക്കാര്‍ എല്‍പി സ്‌കൂളിന് സമീപം കൊവ്വല്‍ വടക്കുപുറം ശ്രീരാഗത്തില്‍ രാഹുല്‍ രാഘവനാണ് വീണ്ടും പരീക്ഷ എഴുതി റാങ്ക് നില മെച്ചപ്പെടുത്തിത്.
ആദ്യ നാലുതവണ പരീക്ഷ അഭിമുഖീരിച്ച രാഹുല്‍ അഭിമുഖം വരെ എത്തിയിരുന്നു. ആറാം തവണയാണ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. 714 റാങ്ക് നേടിയെങ്കിലും നില മെച്ചപ്പെടുത്താനായി വീണ്ടും പരീക്ഷ എഴുതുകയായിരുന്നു. ആ ഉദ്യമം വിജയിക്കുകയും ചെയ്‌തു. വീടിന് സമീപത്തെ സര്‍ക്കാര്‍ ജിഎല്‍പി സ്‌കൂള്‍, ഉദുമ ഗവ.ഹയര്‍സെക്കൻ്റെറി സ്‌കൂള്‍ എന്നിവിടങ്ങളിൽ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.
99 ശതമാനം മാര്‍ക്കോടെ പ്ലസ്‌ടു വിജയിച്ച രാഹുല്‍ തുടര്‍ന്ന് തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. അതിന് ശേഷമാണ് സിവില്‍ സര്‍വീസ് മോഹം ജനിച്ചത്
തിരുവനന്തപുരത്തെ സ്വകാര്യ പരിശീലന കേന്ദ്രത്തിലായിരുന്നു ചേര്‍ന്നത്. ആദ്യ ശ്രമത്തില്‍ അഭിമുഖം വരെ എത്തിയതോടെ ആത്മ വിശ്വാസം വര്‍ധിച്ചു. തുടര്‍ന്ന് പഠിച്ച സ്ഥാപനത്തില്‍ തന്നെ പരിശീലകനായി. പള്ളിക്കര കുടുംബാംരോഗ്യ കോന്ദ്രത്തിലെ ജെപിഎച്ച്എന്‍ടി ചിന്താമണിയുടേയും ഉദുമയിലെ റേഷന്‍ കട ഉടമ രാഘവൻ്റെയും മകനാണ്. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ റിസോഴ്‌സ് പേഴ്‌സൺ രചന രാഘവനാണ് സഹോദരി.
ആർദ്രയ്ക്ക് സ്വപ്‌ന സാക്ഷാത്കാരം
കഠിനമായ പരിശ്രമവും ആത്മ വിശ്വാസവുമാണ് ആർദ്രയ്ക്ക് വിജയത്തിൽ എത്താനായത്. ബിഇ / ബിടെക് ദേശീയതല പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ ഫലം വന്നപ്പോൾ മികച്ച വിജയം കൈവരിച്ച് കാസർകോട്ടെ ആർദ്രയും താരമായി. വിദ്യാനഗർ ഉദയഗിരി സ്വദേശിനിയാണ് ആർദ്ര.
JEE Main പരീക്ഷയിൽ 99.55 സ്കോറും, അഖിലേന്ത്യാ തലത്തിൽ 7008 റാങ്കും നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കോട്ടയം കെഇഇ മാന്നാനം സ്‌കൂളിലായിരുന്നു പ്ലസ്‌ടു പഠനം. റിട്ടയേർഡ് തഹസീൽദാർ, കാസർകോട് എവി രാജൻ- ജി.വി.എച്ച്.എസ്.സ്‌കൂൾ ഇരിയണ്ണിയിലെ അധ്യാപിക, ഉഷാ നന്ദിനി ദമ്പതികളുടെ മകളാണ്. സഹോദരി അനഘ (എൻജിനീയർ, BOSCH, കോയമ്പത്തൂർ)