പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട അഞ്ച് തീരുമാനങ്ങളിലാണ് പാകിസ്ഥാനെതിരെ രാജ്യം നിലപാടെടുത്തത്. ഇരു രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന തീരുമാനങ്ങളാണ് ഇവ.
സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) നിർത്തിവയ്‌ക്കുക, വാഗ- അട്ടാരി അതിർത്തി അടയ്‌ക്കുക, പാകിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന എല്ലാ വിസകളും റദ്ദാക്കുക, ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ നയതന്ത്ര ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തുക, പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രജ്ഞരെ തിരികെ വിളിക്കുക എന്നിവയാണ് പ്രധാന തീരുമാനങ്ങള്‍.
ഭീകര ആക്രമണത്തിൽ വിനോദ സഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ഉന്നതതല സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗത്തിന് ശേഷമാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
ഈ ഹീനമായ ആക്രമണം നടത്തിയ കുറ്റവാളികളെയും അവരെ പിന്തുണക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതുവരെ ഇന്ത്യക്ക് വിശ്രമമില്ലെന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രഖ്യാപിച്ചത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് 1960-ലെ സിന്ധു നദീജല ഉടമ്പടി റദ്ദാക്കൽ. ഈ കരാർ റദ്ദാക്കിയാൽ പാകിസ്ഥാന് അത് വലിയ തിരിച്ചടിയാകും. പാകിസ്ഥാന് എതിരെയുള്ള ഇന്ത്യയുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പാകിസ്ഥാനെ എങ്ങനെ ബാധിക്കും?
1960-ലെ സിന്ധു നദീജല ഉടമ്പടി
സിന്ധു നദിയിലെയും അതിൻ്റെ പോഷക നദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിൻ്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 1960 സെപ്റ്റംബര്‍ 19ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്ഥാൻ പ്രസിഡൻ്റ് ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാനും കറാച്ചിയില്‍ വച്ചാണ് ഈ ഉടമ്പടി ഒപ്പുവച്ചിരുന്നത്.
സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയതോടെ പാകിസ്ഥാൻ്റെ ജലസേചനം, ഊർജോത്പാദനം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക സ്ഥിരത തുടങ്ങി വിവിധ മേഖലകളിൽ വലിയ പ്രതിസന്ധികളാണ് ഉണ്ടാകാൻ പോകുന്നത്. പാകിസ്ഥാനിലെ കൃഷി പ്രധാനമായും സിന്ധു നദീതടത്തിലെ ജലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
സിന്ധു, ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ് എന്നീ നദികളാണ് ഈ മേഖലയിലെ ജലസേചനത്തിൻ്റെ പ്രധാന സ്രോതസുകൾ. ഇതിൽ രവി, ബിയാസ്, സത്‌ലജ് എന്നീ കിഴക്കൻ നദികളുടെ നിയന്ത്രണം ഇന്ത്യക്കാണ്. പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചിനാബ് എന്നിവയുടെ ജലം പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടാണ് 1960-ലെ കരാർ നിലനിന്നിരുന്നത്.
കരാർ റദ്ദാക്കുന്നതോടെ, പടിഞ്ഞാറൻ നദികളിലെ ജലത്തിൻ്റെ ഒഴുക്ക് ഇന്ത്യക്ക് നിയന്ത്രിക്കാൻ സാധിക്കും. ഇത് പാകിസ്ഥാനിലെ പഞ്ചാബ്, സിന്ധ് തുടങ്ങിയ പ്രധാന കാർഷിക മേഖലകളിൽ ജലക്ഷാമത്തിന് കാരണമാകും. ജലസേചനത്തിന് ആവശ്യമായ വെള്ളം ലഭിക്കാതെ വരുന്നത് വിളകളുടെ ഉത്പാദനത്തെ കാര്യമായി ബാധിക്കും. ഇത് ഭക്ഷ്യക്ഷാമത്തിനും കർഷകരുടെ വരുമാന നഷ്‌ടത്തിനും ഇടയാക്കും.
സിന്ധു നദീതടത്തിലെ ജലം ഉപയോഗിച്ച് പാകിസ്ഥാൻ നിരവധി ജലവൈദ്യുത പദ്ധതികളും സ്ഥാപിച്ചിട്ടുണ്ട്. കരാർ റദ്ദാക്കുകയും ജലത്തിൻ്റെ ഒഴുക്ക് നിയന്ത്രിക്കുകയും ചെയ്‌താൽ ഈ പദ്ധതികളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ രാജ്യത്തെ ഊർജ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. കൃഷി, ജലവൈദ്യുതി തുടങ്ങിയ പ്രധാന മേഖലകളുടെ തകർച്ച പാകിസ്ഥാൻ്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും.
അട്ടാരി ഇൻ്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്
ഇന്ത്യയിലെ അമൃത്സറിനും പാകിസ്ഥാനിലെ ലാഹോറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന അട്ടാരി- വാഗ അതിർത്തി വിനോദ സഞ്ചാരികളുടെ അടക്കം ഒരു പ്രധാന യാത്രാ മാർഗമാണ്. സാധുവായ അംഗീകാരത്തോടെ അതിർത്തി കടന്നവർക്ക് 2025 മെയ് വരെ തിരികെയെത്താം എന്നതാണ് ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്ന നിർദേശം. ചരക്ക് ഗതാഗതം ടൂറിസം എന്നിവയെ ഇത് സാരമായി ബാധിച്ചേക്കും.
സാർക്ക് വിസ ഇളവുകൾ റദ്ദാക്കി
പാകിസ്ഥാൻ പൗരൻമാർക്കുള്ള സാർക്ക് വിസ ഇളവുകൾ റദ്ദാക്കി. നിലവിൽ എസ്‍വിഇഎസ് വിസ പ്രകാരം ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് നിർദേശം. നിലവിൽ മുമ്പ് അനുവദിച്ച വിസകൾ റദ്ദാക്കുകയും ഇനി വിസ അനുവദിക്കില്ലെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു.