മുംബൈ ഇഡി ഓഫീസിലുണ്ടായ തീപിടിത്തത്തിൽ നിരവധി രേഖകൾ കത്തിനശിച്ചതായി റിപ്പോർട്ടുകൾ. ഓഫീസിലുണ്ടായിരുന്ന കമ്പ്യുട്ടറുകളും ഫർണിച്ചറുകളും നിരവധി രേഖകളുമാണ് അഗ്നിക്കിരയായത്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഉന്നതരുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഇഡിയുടെ മുംബൈ ഓഫീസ് അന്വേഷിച്ചു വരുന്നതിന് ഇടയിലാണ് സംഭവം. മുംബൈയിലെ ബല്ലാഡ് എസ്റ്റേറ്റിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റ ഓഫീസിലുണ്ടായ വലിയ തീപ്പിടിത്തത്തിൽ ഒട്ടേറെ രേഖകൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്.
പുലർച്ചെ 2.31 ഓടെയാണ് കെട്ടിടത്തിലെ നാലാം നിലയിലെ ഓഫീസിൽ തീപിടുത്തം ഉണ്ടായതെന്നാണ് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ്റെ (ബിഎംസി) ദുരന്ത നിവാരണ സെൽ പറയുന്നത്.
ചെറിയ തോതിലുണ്ടായ തീപിടുത്തം പിന്നീട് വ്യാപകമായി പടരുകയായിരുന്നു. കടുത്ത പുക ഉയർന്നത് തീയണക്കാനുള്ള ശ്രമങ്ങളെ ദുസഹമാക്കി. നല്ലൊരു ശതമാനം വസ്‌തുവകകളും നശിച്ചതായി മുംബൈ അഗ്നിരക്ഷാസേനാ ഉദ്യഗസ്ഥർ പറഞ്ഞു.
ആറ് നിലകളുള്ള കെട്ടിടത്തിൻ്റെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത് . എന്നാൽ തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഇഡിയുടെ മുംബൈ ഓഫീസ് നിലവിൽ അന്വേഷിച്ചു വരികയാണ്.