വാഹന അപകടത്തിൽ ജമ്മു കാശ്‌മീരിൽ മൂന്ന് സൈനികർ മരിച്ചു. റംബാനിൽ ആണ് അപകടം. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികർ മരിച്ചത്. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തത് പ്രകാരം, അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ച സൈനികർ.
700 അടി താഴ്‌ചയുള്ള മലയിടുക്കിൽ തകർന്ന വാഹനത്തിൻ്റെ അവശിഷ്ടങ്ങൾ ദൃശ്യങ്ങളിൽ കാണാം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 -ലൂടെ പോകുകയായിരുന്ന ഒരു വാഹന വ്യൂഹത്തിൻ്റെ ഭാഗമായിരുന്നു ട്രക്ക്.
ഞായറാഴ്‌ച രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്‌മക്ക് സമീപം അപകടമുണ്ടായി. ഇന്ത്യൻ ആർമി, ജമ്മു കാശ്‌മീർ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആർ.എഫ്), പ്രാദേശിക സന്നദ്ധ പ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾ നടത്തി.