ശ്രീലങ്കയില്‍ ചൊവാഴ്‌ച നടന്ന തദ്ദേശ സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പവർ പാർട്ടിക്ക് വമ്പൻ ജയം. അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള എൻപിപി 339ല്‍ തദ്ദേശ മുനിസിപ്പൽ കൗൺസിലുകളിൽ 265ഉം നേടി.
കേവല ഭൂരിപക്ഷത്തിന് എൻപിപിക്ക് 130 കൗൺസിലുകളുടെ നിയന്ത്രണം കൂടി ആവശ്യം ആയിട്ടുള്ളതിനാല്‍ ഭരണം നടത്താൻ മറ്റ് പാർടികളുടെ പിന്തുണ പാര്‍ട്ടി തേടിയേക്കും. 70 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 43 ശതമാനം വോട്ടുകളും എൻപിപിക്ക് നേടാനായിട്ടുണ്ട്.
തലസ്ഥാനമായ കൊളംബോയിൽ എൻപിപി തോറ്റു. രാജ്യത്തെ പ്രധാന ന്യൂനപക്ഷ തമിഴ് പാർടിയായ തമിഴ് നാഷണൽ അലയൻസ് 35 കൗൺസിലുകൾ നേടിയപ്പോള്‍ സമാഗി ജനബലവേഗയ വെറും 14 കൗൺസിൽ സീറ്റുകളിലേക്ക് കൂപ്പുകുത്തി.
2018-ലാണ് രാജ്യത്ത് അവസാനമായി തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം 2022-ലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കുകയായിരുന്നു. 2023ൽ രണ്ടുതവണ തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീടത് മാറ്റി വെയ്ക്കുകയായിരുന്നു. ആ വര്‍ഷം അനുര കുമാര ദിസനായകെ രാജ്യത്ത് അധികാരത്തിലെത്തിയ ശേഷം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.