ന്യൂഡല്‍ഹി: ഇന്ത്യക്ക് എതിരെ ‘വിശുദ്ധ യുദ്ധ’ (ജിഹാദ്) ത്തിന് ആഹ്വാനം ചെയ്‌ത് ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്‌ദ. പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്‌മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഭീഷണി. ‘പാകിസ്ഥാന് എതിരെ ഇന്ത്യയുടെ ആക്രമണം’ എന്ന തലക്കെട്ടില്‍ അല്‍ഖ്വയ്‌ദ ഇന്‍ ദ സബ്‌കോണ്ടിനെന്റ് ആണ് ഭീഷണി സന്ദേശം പുറത്തിറക്കിയിക്കുന്നത്.
പാകിസ്ഥാന്‍ മണ്ണില്‍ ഇന്ത്യ നടത്തിയ കടന്നുകയറ്റത്തിന് ശക്തമായ പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വയ്‌ദ പ്രസ്‌താവനയിൽ പറയുന്നു. ഇതിനായി പാകിസ്ഥാന് പിന്നില്‍ അണിചേരാന്‍ സംഘടന ആവശ്യപ്പെട്ടു. “ഇന്ത്യയിലെ ഹിന്ദുത്വ- ബിജെപി സര്‍ക്കാര്‍ പാകിസ്ഥാനിലെ പള്ളികളും വീടുകളും ആക്രമിച്ചിരിക്കുന്നു. നിരവധി മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം സ്വര്‍ഗരാജ്യം പൂകി.” സന്ദേശത്തിൽ പറയുന്നു.
“ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന ക്രൂരതകളുടെ കറുത്ത അധ്യായങ്ങളിലൊന്നു കൂടിയാണ് ഈ ബോംബാക്രമണം. ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കുമെതിരായ ഇന്ത്യയുടെ യുദ്ധം പഹല്‍ഗാം ആക്രമണത്തിന് ശേഷം ആരംഭിച്ചതല്ല. അത് പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്നതാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ കടുത്ത അടിച്ചമര്‍ത്തലാണ് നേരിടുന്നത്. ഹിന്ദുത്വ ശക്തികള്‍ നയിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ഉപഭൂഖണ്ഡത്തില്‍ നിന്നും മുസ്ലിങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി സൈനികവും, രാഷ്ട്രീയവും, സാംസ്‌കാരികവുമായ പരിശ്രമത്തിലാണ്.” -പ്രസ്‌താവനയിൽ പറയുന്നു.
“ഈ സാഹചര്യത്തില്‍ ഇസ്ലാമിനെ പ്രതിരോധിക്കാനായി രംഗത്തിറങ്ങേണ്ടത് ഓരോ മുസ്ലിം പോരാളികളുടേയും കടമയാണ്. ഇസ്ലാമിനെതിരായ കടന്നാക്രമണങ്ങള്‍ക്ക് എതിരെ പ്രതികാരം ചെയ്യണം” -പ്രസ്‌താവനയില്‍ ആവശ്യപ്പെടുന്നു.
ഓപ്പറേഷന്‍ സിന്ദൂറിൻ്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകളാണ് തകര്‍ത്തത്. ഭീകര സംഘടനകളായ ലഷ്‌കര്‍- ഇ- തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു.