കൈക്കൂലി വെളിപ്പെടുത്തലുകളുമായി പരാതിക്കാരൻ രംഗത്തെത്തി. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ പരാതിക്കാരൻ അഡീഷണൽ ഡയറക്ടർ രാധാകൃഷ്‌ണൻ അസഭ്യം പറഞ്ഞതായും പറഞ്ഞു. എല്ലാം നടക്കുന്നത് ഇഡി ഉദ്യോഗസ്ഥരുടെ അറിവോടെ ആണ്.
ഏജന്‍റുമാർക്ക് മാത്രം അറിയാവുന്ന തന്‍റെ നമ്പറിലേക്കാണ് ഇഡി ഓഫീസിൽ നിന്നും കോൾ വന്നത്. സമാന അനുഭവമുള്ള നിരവധി പേരെ തനിക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എല്ലാ തെളിവുകളും വിജിലൻസിന് നൽകിയിട്ടുണ്ട്. രാധാകൃഷ്‌ണൻ്റെ യൂണിറ്റ് പരിധിയിൽ ഉള്ളതല്ല ഈ കേസെന്നും,’ -പരാതിക്കാരൻ പറയുന്നു.
കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയിൽ നിന്നാണ് ഇഡി കേസ് ഒതുക്കാൻ ഏജന്‍റുമാർ മുഖേനെ രണ്ടുകോടി രൂപ ആവശ്യപ്പെട്ടത്. കേസിൽ ഇഡി അസിസ്റ്റൻറ് ഡയറക്ടറെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. കൊച്ചി ഇഡി ഓഫീസിലെ അസിസ്റ്റൻ്റ് ഡയറക്ടർ അശോക് കുമാറാണ് പ്രതി. ഇയാളുടെ ഏജൻ്റ് വിൽസൺ രണ്ടാം പ്രതിയാണ്. പണം കൈപ്പറ്റുന്നതിനിടെ വിൽസൺ ശനിയാഴ്‌ച വിജലൻസിൻ്റെ പിടിയിലായിരുന്നു.
അതേസമയം, ഇഡിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നുണ്ട്. കേസ് ഒതുക്കി തീർക്കാൻ ഇഡി പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കൊല്ലം കടപ്പാക്കട സ്വദേശി ജയിംസ് ജോർജാണ് രംഗത്തെത്തിയത്. 2016 ലെ സാമ്പത്തിക ഇടപാട് കേസ് ഒത്തുതീർപ്പാക്കാർ ഇഡിയുടെ ഇടനിലക്കാർ സമീപിച്ചെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും ജയിംസ് ജോർജ് പറഞ്ഞു. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡേൺ ഗ്രൂപ്പ് സ്ഥാപനത്തിൻ്റെ ചെയർമാനാണ് ജയിംസ് ജോർജ്.