കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കടയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. രണ്ട് മണിക്കൂർ പിന്നിട്ടിട്ടും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ അണച്ച ഭാഗത്ത് വീണ്ടും തീ ഉണ്ടായി. കൂടുതൽ കടകളിലേക്ക് തീ പടർന്നു. കെട്ടിടത്തിനുള്ളിൽ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നു. തീപിടുത്തത്തെ തുടർന്ന് നഗരത്തിൽ കനത്ത പുകയാണ് ഉയർന്നിരിക്കുന്നത്.
മന്ത്രി എകെ ശശീന്ദ്രനും ജില്ലാ കളക്ടറും സ്ഥലത്തെത്തി. അണയ്ക്കാനുള്ള ഊർജിത ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ബസ് സ്റ്റാൻഡിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തെ മെഡിക്കൽ ഷോപ്പിലേക്ക് തീ പടർന്നു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ തുണിക്കടയിൽ ആണ് തീപിടുത്തമുണ്ടായത്. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണി കടയ്ക്കാണ് ആദ്യം തീപിടുത്തമുണ്ടായത് എന്നാണ് കരുതുന്നത്.
അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കരിപ്പൂർ വിമാന താവളത്തിൽ നിന്നും അഗ്നിരക്ഷ സേന യൂണിറ്റ് എത്തിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി സമീപത്തെ കെട്ടിടത്തിലേക്കും വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റി. ആളുകളോട് ഒഴിഞ്ഞു പോകാൻ പൊലീസ് അഭ്യർത്ഥിച്ചിരുന്നു. നഗരത്തിലെ റോഡ് ഗതാഗതം തടഞ്ഞിട്ടുണ്ട്.