ഹരിത മെഡിക്കല്‍ ആംബുലന്‍സ് ബോട്ട് സേവനത്തിന് കൊച്ചിയില്‍ തുടക്കമായി. കടമക്കുടി ഗ്രാമ പഞ്ചായത്തിലെ 13 ദ്വീപുകളിലുമായി ആറ് ദിവസവും ബോട്ടിൻ്റെ സേവനം ലഭ്യമാകും. പിഴല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഡിസ്‌പെന്‍സറി സൗകര്യം കൂടിയുള്ള രാജ്യത്തെ ആദ്യത്തെ ബോട്ട്, മന്ത്രി പി.രാജീവ് നാടിന് സമര്‍പ്പിച്ചു.
അത്യാധുനിക സൗകര്യങ്ങളുള്ള മെഡിക്കല്‍ ഡിസ്‌പെന്‍സറിയും ഫാര്‍മസിയുമുള്ള ആംബുലന്‍സ് ബോട്ടിൻ്റെ സേവനമാണ് കൊച്ചി കടമക്കുടിയിലെ വിവിധ ദ്വീപ് നിവാസികള്‍ക്ക് ഇനി ലഭ്യമാവുക. കൊച്ചി ആസ്ഥാനമായ യൂണിഫീഡര്‍ എന്ന രാജ്യാന്തര ലോജിസ്റ്റിക്‌സ് കമ്പനി തങ്ങളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് കടമക്കുടി പഞ്ചായത്തിന് ആംബുലന്‍സ് ബോട്ട് നല്‍കിയത്.
മന്ത്രിയുടെ സാന്നിധ്യത്തില്‍ യുണീഫീഡര്‍ കമ്പനി മേഖല ഡയറക്ടര്‍ സിഎം മുരളീധരന്‍ കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സന്റിന് താക്കോല്‍ കൈമാറി. പഞ്ചായത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതിയാണ് ഇതെന്ന് മേരി വിന്‍സെന്റ് പറഞ്ഞു. വൈപ്പിന്‍ എംഎല്‍എ കെ.എൻ ഉണ്ണികൃഷ്‌ണൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആംബുലന്‍സ് ബോട്ടിനെ കുറിച്ച് വലിയ പ്രതീക്ഷകളാണ് കടമക്കുടി നിവാസികളും പങ്കുവെക്കുന്നത്.
ആഴ്‌ചയില്‍ ആറ് ദിവസം പഞ്ചായത്തിലെ വ്യത്യസ്ത ദ്വീപുകളില്‍ ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ എന്നിവരടങ്ങിയ സംഘം ബോട്ടില്‍ എത്തി വൈദ്യസഹായം നല്‍കും. അടിയന്തര ഘട്ടങ്ങളില്‍ വാട്ടര്‍ ആംബുലന്‍സായും പ്രവര്‍ത്തിക്കും.
സോളാര്‍ സംവിധാനം ഉള്‍പ്പെടെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് രാജ്യത്ത് ഇതാദ്യമാണ്. പ്ലാന്‍ അറ്റ് എര്‍ത്ത് എന്ന സാമൂഹ്യ സംഘടന രണ്ട് വര്‍ഷം പദ്ധതി മുന്നോട്ടു കൊണ്ടുപോകും. അതിനുശേഷം ആംബുലന്‍സ് ഡിസ്‌പെൻസറി പൂര്‍ണമായും കടമക്കുടി ഗ്രാമപഞ്ചായത്തിന് കൈമാറും.