ക്രിമിനൽ കേസിൽ 30 ദിവസത്തെ തടങ്കലിന് ശേഷം പ്രധാന മന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും സ്ഥാന ഭ്രഷ്ടരാക്കാൻ അനുവദിക്കുന്ന വിവാദമായ 130-ാം ഭരണഘടനാ ഭേദഗതി ബിൽ പെട്ടെന്ന് അവതരിപ്പിച്ചതിനെ തുടർന്ന് പാർലമെന്റ് ഇളകി മറിഞ്ഞിരുന്നു. പ്രതിപക്ഷ ബെഞ്ചുകളിൽ നിന്ന് മാത്രമല്ല, പുറത്ത് നിയമ വിദഗ്‌ദർ, സിവിൽ സമൂഹം, സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകർ എന്നിവരിൽ നിന്നും ആശങ്ക വർദ്ധിച്ചു വരികയാണ്.
ഈ ചർച്ചയുടെ കാതൽ ഒരു അടിസ്ഥാന ചോദ്യമാണ്: ജനാധിപത്യം, ന്യായമായ നടപടിക്രമങ്ങൾ, വ്യക്തി സ്വാതന്ത്ര്യം എന്നിവയുടെ തത്വങ്ങൾക്ക് ഭീഷണിയാകാതെ പൊതുജീവിതത്തിലെ ധാർമ്മികത നിയമ നിർമ്മാണം നടത്താൻ കഴിയുമോ?
ഈ സങ്കീർണ്ണമായ ചോദ്യത്തിന് ഉത്തരം നൽകുന്നതിനായി, ഡാർജിലിംഗ് ക്രോണിക്കിൾ ദിനപത്രത്തിലെ എഡിറ്റർ- അറ്റ്- ലാർജ് ഉപേന്ദ്ര എം പ്രധാനുമായി റെഡിഫിലെ സയ്യിദ് ഫിർദൗസ് അഷ്‌റഫ് സംസാരിച്ചു.
ഈ വിശാലമായ സംഭാഷണത്തിൽ 130-ാം ഭരണഘടനാ ഭേദഗതി ഉത്തരവാദിത്വത്തിനുള്ള ഒരു സംവിധാനമല്ല. മറിച്ച് ഭരണമാറ്റത്തിനുള്ള ഒരു ഉപകരണമായി മാറുമെന്ന് വാദിക്കുന്നതിനായി, ഐടി നിയമത്തിലെ സെക്ഷൻ 66 എയുടെ ദുരുപയോഗം മുതൽ ഇന്ദിരാഗാന്ധിയുടെ കീഴിൽ 39-ാം ഭേദഗതിയുടെ സ്വേച്ഛാധിപത്യ പാരമ്പര്യം വരെയുള്ള ചരിത്രം പ്രധാൻ ഇവിടെ ഓർമ്മിക്കുന്നു.
“കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധി” എന്ന അടിസ്ഥാന നിയമ തത്വത്തെ ദുർബലപ്പെടുത്തുന്നതിന് എതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. നിയമം നടപ്പിലാക്കുന്ന ധാർമ്മികത പലപ്പോഴും ആഴത്തിലുള്ള രാഷ്ട്രീയ ഉദ്ദേശ്യത്തെ മറക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകുന്നു.
രണ്ട് ഭാഗങ്ങളുള്ള അഭിമുഖത്തിൻ്റെ ആദ്യ ഭാഗം.
130-ാം ഭരണഘടനാ ഭേദഗതി ബില്ലിനോട് നിങ്ങളുടെ എതിർപ്പ് എന്താണ്?
എനിക്ക് അതിൽ എതിർപ്പൊന്നുമില്ല. പക്ഷേ, ഇന്ത്യയെയും ഇന്ത്യൻ രാഷ്ട്രീയത്തെയും ഞാൻ മനസ്സിലാക്കുന്ന രീതിയിൽ അത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നു. ഇന്നല്ലെങ്കിൽ, ഭാവിയിൽ തീർച്ചയായും.
ഗാരേജിൽ ഒരു പുതിയ കാർ ഇരിക്കുന്നത് പോലെയാണ്. ഇന്ന് ഉടമക്ക് അത് ഓടിക്കാൻ താൽപ്പര്യമില്ലെങ്കിൽ പോലും മറ്റാരെങ്കിലും അത് ഓടിക്കാൻ പ്രലോഭിപ്പിച്ചേക്കാം.
ഐടി ആക്ടിലെ സെക്ഷൻ 66 എ 2009ൽ പ്രാബല്യത്തിൽ വന്നു. 2015ൽ ഇത് നിർത്തലാക്കുന്നതിന് മുമ്പ് ഏകദേശം 681 കേസുകൾ ഇതനുസരിച്ച് ഫയൽ ചെയ്‌തിരുന്നു. റദ്ദാക്കിയതിന് ശേഷവും സമീപ വർഷങ്ങൾ വരെ 1,307 കേസുകൾ കൂടി നിയമ വിരുദ്ധമായി രജിസ്റ്റർ ചെയ്യപ്പെട്ടു.
ഒരു നിയമം നിലവിലുണ്ടെങ്കിൽ അന്നത്തെ ഗവൺമെന്റ് അത് അടിച്ചേൽപ്പിക്കാൻ പ്രലോഭിപ്പിക്കപ്പെടും. അതാണ് എന്നെ വിഷമിപ്പിക്കുന്നത്.
‘കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധി’ എന്നാണ് നിയമശാസ്ത്രം പറയുന്നതെങ്കിലും സീസറിൻ്റെ ഭാര്യയെപ്പോലെ രാഷ്ട്രീയ നേതൃത്വവും ഉയർന്ന ധാർമ്മിക നിലവാരം പുലർത്തണമെന്ന് നിങ്ങൾ കരുതുന്നില്ലേ?
നോക്കൂ, പൊതുജീവിതത്തിലുള്ളവർ ഉയർന്ന തലത്തിലുള്ള സത്യസന്ധതക്ക് വിധേയരാകണമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉന്നത ഉദ്യോഗസ്ഥരും ഏജൻസികളും/ ഉയർന്ന ഉദ്യോഗസ്ഥ വൃന്ദവും പോലും തങ്ങൾക്ക് ഇഷ്‌ടമില്ലാത്തവർക്ക് എതിരെ വ്യാജ കേസുകൾ ഫയൽ ചെയ്യുന്നത് പ്രസിദ്ധമാണ്.
എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് എന്താണ് ഉറപ്പ്. ഒരാൾ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടില്ലെങ്കിൽ അവരെ എന്തിന് മാറ്റിനിർത്തണം.
എന്തുകൊണ്ടാണ് സർക്കാർ പെട്ടെന്ന് ഈ ബിൽ കൊണ്ടുവന്നതെന്ന് നിങ്ങൾ കരുതുന്നു?
ഒരു പേര് വേറിട്ടുനിൽക്കുന്നു- അരവിന്ദ് കെജ്‌രിവാൾ.
ഇന്ത്യയെ ഭരിക്കുന്നത് ഭരണഘടനയെപ്പോലെ തന്നെ കീഴ്വഴക്കങ്ങളുമാണ്. വലിയ കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതരായ ഏതൊരാളും നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ രാജിവെക്കുന്നത് ഒരു കീഴ്വഴക്കമാണ്.
ലാലു പ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ അമിത് ഷായും രാജിവച്ചു. എന്നാൽ കെജ്‌രിവാൾ മുഖ്യമന്ത്രിയുടെ ഓഫീസ് തുടർന്നും നടത്തി. ഇത് വളരെ മോശം മാതൃക സൃഷ്‌ടിച്ചു. കൂടാതെ എല്ലാ മാന്യതക്കും വിരുദ്ധവുമായിരുന്നു.
ഭരണഘടനാ ഭേദഗതി ബില്ലിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമുള്ളതിനാൽ നിലവിൽ സർക്കാരിന് അത് ഇല്ല. അതിനാൽ ഈ ബിൽ പാസാക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അവിടെ പാർലമെന്റിന് ഉള്ളിലെ വോട്ടുകൾ പുറത്തുള്ള ജനങ്ങളുടെ ഇഷ്‌ടത്തെയും പ്രതിഫലിപ്പിക്കുന്നു.
സോഷ്യൽ മീഡിയയിലൂടെ വളരെ ബന്ധപ്പെട്ടിരിക്കുന്ന ഒരു ലോകത്ത് ബില്ലിനെ എതിർക്കുന്ന ആരെയും ‘അഴിമതിക്കാരൻ’ അല്ലെങ്കിൽ ‘അഴിമതിക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവൻ’ ആയി കാണാൻ ആളുകൾക്ക് വളരെ എളുപ്പമാണ്.
അതുകൊണ്ട് തന്നെ അത്തരമൊരു ബില്ലിൽ വോട്ടെടുപ്പ് നടത്തേണ്ടി വന്നാൽ മിക്ക രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ചെവികൾ തറയിൽ തന്നെ ഉറപ്പിച്ചിരിക്കും.
പൊതുജന അഭിപ്രായം ബില്ലിനെ പിന്തുണക്കാൻ ചായ്‌വുള്ളത് ആണെങ്കിൽ അവർ അതിന് വോട്ട് ചെയ്യും.
ജനങ്ങൾ ‘നമുക്ക് ഒരു പ്രശ്‌നവുമില്ല’ എന്ന അവസ്ഥയിലാണെങ്കിൽ എൻഡിഎ അംഗങ്ങൾ ഉൾപ്പെടെ മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും അതിന് വോട്ട് ചെയ്യാതിരിക്കാൻ സാധ്യതയുണ്ട്.
യഥാർത്ഥ ചോദ്യം, ബില്ലിന് അനുകൂലമായി വേണ്ടത്ര പൊതുജനാഭിപ്രായം സൃഷ്‌ടിക്കാൻ സർക്കാരിന് കഴിയുമോ എന്നതാണ്.
ഇന്ന് രാഷ്ട്രീയത്തിൽ ധാർമ്മികത വലിയതോതിൽ അവഗണിക്കപ്പെടുന്നതിനാൽ രാഷ്ട്രീയ നേതാക്കളെ അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാക്കി കൊണ്ട് അത് പുനഃസ്ഥാപിക്കുന്നതിൽ ഈ ബിൽ ഒരു പരിധി വരെ മുന്നോട്ട് പോകുന്നില്ലേ?
അടിച്ചേൽപ്പിക്കുന്ന ഏതൊരു കാര്യത്തെയും ചെറുക്കാൻ ഇന്ത്യക്ക് കഴിയും. 1975-ലെ അടിയന്തരാവസ്ഥ ഒരു ഉദാഹരണമാണ്.
നിയമത്തിൻ്റെ ബലത്തിൽ നിങ്ങൾക്ക് ധാർമ്മികത അടിച്ചേൽപ്പിക്കാൻ കഴിയില്ല. അത് വിദ്യാഭ്യാസത്തിലൂടെ- പ്രീ- നഴ്‌സറി തലം മുതൽ പോസിറ്റീവ് റോൾ മോഡലുകളിലൂടെ വളർത്തിയെടുക്കണം.
പ്രധാനമന്ത്രി മോദി ‘ന ഖൗംഗ, ന ഖനേ ദുംഗ’ എന്ന് പറഞ്ഞപ്പോൾ വളരെ ആവശ്യമായ മാറ്റത്തിൻ്റെ യുഗം ഇതാ വന്നിരിക്കുന്നുവെന്ന് ആളുകൾ പ്രതീക്ഷിച്ചു. 11 വർഷമായി വാസ്‌തവത്തിൽ അടിസ്ഥാനപരമായി മാറ്റം ഇനിയും വന്നിട്ടില്ല.
ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്ന 39-ാം ഭേദഗതി പ്രധാനമന്ത്രിക്ക് പ്രതിരോധശേഷി നൽകി. 130-ാം ഭേദഗതിയുമായി ഇത് എങ്ങനെ താരതമ്യം ചെയ്യുന്നു?
39-ാം ഭേദഗതി എക്‌സിക്യൂട്ടീവിൻ്റെ നടപടികളെ ജുഡീഷ്യൽ പരിശോധനയിൽ നിന്ന് സംരക്ഷിക്കുന്നതിനെ കുറിച്ചാണെങ്കിൽ 130-ാം ഭേദഗതി ‘റിമാൻഡ് ബൈ റൂൾ’ എന്ന ഉപകരണമാകാനുള്ള സാധ്യതയുണ്ട്.
രണ്ട് ഭേദഗതികളും ‘നിയമവാഴ്‌ച’യുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. നിയമത്തിൻ്റെ കണ്ണിൽ എല്ലാവരും തുല്യരാണ്. ആരും നിയമത്തിന് അതീതരല്ല.
130-ാം ഭരണഘടനാ ഭേദഗതി ഇഡി/ സിബിഐ/ സിഐഡി/ സംസ്ഥാന പോലീസ് തുടങ്ങിയ ഏജൻസികൾ വഴി പ്രധാന മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ബ്യൂറോക്രസിയുടെയും കൈകളിൽ അധികാരം എത്തിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.
അവർക്ക് ഇഷ്‌ടമില്ലാത്ത ആരെയും അറസ്റ്റ് ചെയ്‌ത് 30 ദിവസത്തേക്ക് ജയിലിൽ അടക്കാനും ഭരണമാറ്റത്തിന് പ്രേരിപ്പിക്കാനും സാധ്യതയുണ്ട്.
സയ്യിദ് ഫിർദൗസ് അഷ്റഫ്/ Rediff.com























