...
Home News International ആറ്റോമിക് ബോംബിനേക്കാൾ പ്രഹരശേഷിയുള്ള ‘മാതൃരഹസ്യം’: കിം ജോങ് ഉന്നിന്റെ സിംഹാസനത്തിന് പിന്നിലെ നിഗൂഢതകൾ

ആറ്റോമിക് ബോംബിനേക്കാൾ പ്രഹരശേഷിയുള്ള ‘മാതൃരഹസ്യം’: കിം ജോങ് ഉന്നിന്റെ സിംഹാസനത്തിന് പിന്നിലെ നിഗൂഢതകൾ

തന്റെ 15 വർഷത്തെ ഭരണകാലത്തിനിടയിൽ ഒരിക്കൽ പോലും കിം സ്വന്തം അമ്മയുടെ പേര് പരസ്യമായി പരാമർശിച്ചിട്ടില്ല എന്നതുകൂടി ചേർത്തുവായിക്കുമ്പോൾ ആ നിഗൂഢതയുടെ ആഴം വർദ്ധിക്കുന്നു.

145

ലോകത്തിലെ ഏറ്റവും നിഗൂഢമായ രാജ്യമാണ് ഉത്തരകൊറിയ. അവിടെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന രഹസ്യങ്ങൾ പലപ്പോഴും ആറ്റോമിക് ബോംബിനേക്കാൾ പ്രഹരശേഷിയുള്ളവയാണ്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സിംഹാസനത്തെ തന്നെ പിടിച്ചുകുലുക്കാൻ ശേഷിയുള്ള അത്തരമൊരു രഹസ്യമുണ്ട്. അത് അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചുള്ളതാണ്. തന്റെ 15 വർഷത്തെ ഭരണകാലത്തിനിടയിൽ ഒരിക്കൽ പോലും കിം സ്വന്തം അമ്മയുടെ പേര് പരസ്യമായി പരാമർശിച്ചിട്ടില്ല എന്നതുകൂടി ചേർത്തുവായിക്കുമ്പോൾ ആ നിഗൂഢതയുടെ ആഴം വർദ്ധിക്കുന്നു.

ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അടിത്തറ നിൽക്കുന്നത് ‘പൈക്തു പർവത’ (Mount Paektu) രക്തപരമ്പരയിലാണ്. കൊറിയയുടെ ഐതിഹാസിക സ്ഥാപകനായ ദാങ്കുൻ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ പർവ്വതം കിം രാജവംശത്തിന്റെ പവിത്രമായ ചിഹ്നമാണ്. ഉത്തരകൊറിയയുടെ സ്ഥാപകൻ കിം ഇൽ സുങ് ജപ്പാനെതിരെ പോരാടുമ്പോൾ ഒളിത്താവളമായി ഉപയോഗിച്ചതും അദ്ദേഹത്തിന്റെ മകൻ കിം ജോങ് ഇൽ ജനിച്ചതും ഈ പർവ്വതത്തിലാണെന്നാണ് പ്രചാരണം. ഈ പാരമ്പര്യ ശുദ്ധിയിലാണ് കിമ്മിന്റെ സ്വേച്ഛാധിപത്യം നിയമസാധുത കണ്ടെത്തുന്നത്.

എന്നാൽ, ഈ പവിത്രമായ പൈക്തു രക്തപരമ്പരയ്ക്ക് തീർത്തും വിരുദ്ധമാണ് കിം ജോങ് ഉന്നിന്റെ മാതൃപരമ്പര. പൈക്തു പർവതത്തിൽ നിന്ന് നൂറുകണക്കിന് മൈലുകൾ അകലെ, ശത്രുരാജ്യമായ ജപ്പാനിലെ ഒസാക്ക നഗരത്തിലാണ് കിമ്മിന്റെ അമ്മയായ കോ യോങ് ഹുയി ജനിച്ചത്. ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിൽ നിന്നുള്ള മാതാപിതാക്കൾക്ക് 1952-ൽ ഒസാക്കയിൽ ജനിച്ച ഇവരുടെ പശ്ചാത്തലം കിം രാജവംശം ഇത്രകാലം കെട്ടിപ്പടുത്ത വിശുദ്ധ കഥകൾക്ക് വലിയൊരു ഭീഷണിയാണ്.

ജപ്പാനിൽ ജനിച്ച ഇവർ ‘സെയ്നിച്ചി കൊറിയക്കാർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ജപ്പാന്റെ കൊളോണിയൽ ഭരണകാലത്ത് കുടിയേറിയവരായിരുന്നു ഇവർ. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് 1959-നും 1984-നും ഇടയിൽ ഉത്തരകൊറിയയിലേക്ക് കുടിയേറിയ 93,000 പേരിൽ കോയുടെ കുടുംബവുമുണ്ടായിരുന്നു. ആദ്യകാലത്ത് സൗജന്യ വിദ്യാഭ്യാസവും ജോലിയും ലഭിച്ചെങ്കിലും, ഇവരെ പിൽക്കാലത്ത് ‘ജേപ്പോ’ എന്ന അപകീർത്തികരമായ പേര് വിളിച്ചാണ് സമൂഹം നേരിട്ടിരുന്നത്.

ഉത്തരകൊറിയ പിന്തുടരുന്ന ‘സോങ്‌ബൺ’ എന്ന സാമൂഹിക വർഗ്ഗീകരണത്തിൽ ഈ കുടിയേറ്റക്കാർ ഏറ്റവും താഴ്ന്ന തലത്തിലാണ് പരിഗണിക്കപ്പെട്ടിരുന്നത്. വിദേശ ആശയങ്ങളാൽ മലിനപ്പെട്ടവരെന്നും വിശ്വസിക്കാൻ കൊള്ളാത്തവരെന്നും മുദ്രകുത്തപ്പെട്ട ഇവർ കനത്ത നിരീക്ഷണത്തിലായിരുന്നു ജീവിച്ചിരുന്നത്. പൈക്തു രക്തത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യത്ത്, ഭരണാധികാരി ഒരു ‘ജേപ്പോ’യുടെ മകനാണെന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.

എങ്കിലും, മാനസൂഡേ ആർട്ട് ഗ്രൂപ്പിലെ നർത്തകിയായിരുന്ന കോ യോങ് ഹുയിയുടെ സൗന്ദര്യം കിം ജോങ് ഇല്ലിന്റെ ശ്രദ്ധ പിടിച്ചുപറ്റി. കിം ജോങ് ഇല്ലിന് ഔദ്യോഗികമായി മറ്റൊരു പത്നിയുണ്ടായിരുന്നെങ്കിലും അദ്ദേഹം കോയുമായി പ്രണയത്തിലാവുകയും അവർക്ക് കിം ജോങ് ഉൻ ഉൾപ്പെടെ മൂന്ന് കുട്ടികൾ ജനിക്കുകയും ചെയ്തു. എന്നാൽ ഈ ബന്ധത്തിന് ഒരിക്കലും ഔദ്യോഗിക അംഗീകാരം ലഭിച്ചില്ല. കിം ഇൽ സുങ് തന്റെ ഈ കൊച്ചുമക്കളെ അംഗീകരിക്കാനോ അവർക്കൊപ്പം ഫോട്ടോ എടുക്കാനോ തയ്യാറായിരുന്നില്ല.

അമ്മയുടെ പശ്ചാത്തലം കാരണം കിം ജോങ് ഉന്നിനും സഹോദരങ്ങൾക്കും കുട്ടിക്കാലത്ത് കടുത്ത വിവേചനം നേരിടേണ്ടി വരുമായിരുന്നു. അതിനാൽ കിമ്മിന്റെ ഔദ്യോഗിക പത്നി തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ താമസിച്ചപ്പോൾ, കോയെയും കുട്ടികളെയും വോൺസാൻ എന്ന തീരദേശ നഗരത്തിലാണ് രഹസ്യമായി താമസിപ്പിച്ചിരുന്നത്. കിം ഇൽ സുങ്ങിന്റെ മരണശേഷം കിം ജോങ് ഇൽ ഭരണാധികാരിയായതോടെയാണ് കോ രാജ്യത്തെ അനൗദ്യോഗിക ‘ഫസ്റ്റ് ലേഡി’യായി മാറിയത്.

2004-ൽ സ്തനാർബുദം ബാധിച്ച് പാരീസിൽ വെച്ച് കോ മരിച്ചപ്പോൾ ഉത്തരകൊറിയൻ മാധ്യമങ്ങൾ അത് വാർത്തയാക്കിയില്ല. ഒരിക്കൽ അവരുടെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഒരു ഡോക്യുമെന്ററി പുറത്തെത്തിയെങ്കിലും, ജനങ്ങൾക്കിടയിൽ അവരുടെ പശ്ചാത്തലത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ ഭരണകൂടം അത് പിൻവലിച്ചു. തന്റെ ജന്മദിനം പോലും ദേശീയ അവധിയായി കിം പ്രഖ്യാപിക്കാത്തത് ജനനത്തെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾ ഉയരുന്നത് ഭയന്നാണെന്ന് കരുതപ്പെടുന്നു.

സ്വന്തം അമ്മ അനുഭവിച്ച അരക്ഷിതാവസ്ഥയാകാം തന്റെ പത്നിയായ റി സോൾ ജൂവിനെ പൊതുവേദികളിൽ നേരത്തെ തന്നെ പരിചയപ്പെടുത്താൻ കിമ്മിനെ പ്രേരിപ്പിച്ചത്. തന്റെ അമ്മയിൽ നിന്ന് വ്യത്യസ്തമായി റി സോൾ ജൂ മികച്ച ‘സോങ്‌ബൺ’ ഉള്ള കുടുംബത്തിൽ നിന്നുള്ളവളാണ്. കിമ്മിന്റെ സഹോദരങ്ങൾ അധികാരത്തിൽ നിന്ന് പുറത്തായതോടെയാണ് കോ തന്റെ മകനായ കിമ്മിനെ ഭരണാധികാരിയാക്കാൻ കിണഞ്ഞു പരിശ്രമിച്ചത്.

തന്റെ അമ്മ ഒരു ‘സെയ്നിച്ചി കൊറിയക്കാരി’യാണെന്ന വിവരം പുറത്തുവന്നാൽ അത് കിം ജോങ് ഉന്നിന്റെ അധികാരത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതിന് തുല്യമാകും. മുൻ നയതന്ത്രജ്ഞനായ റ്യു ഹ്യുൻ-വൂ പറയുന്നത് പോലെ, ഈ രഹസ്യം പുറത്താകുന്നത് ഉത്തരകൊറിയൻ സമൂഹത്തിൽ ഒരു ആറ്റോമിക് ബോംബ് വീഴുന്നതിന് തുല്യമായിരിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.