പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തുന്ന മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലികിന്റെ അഭിമുഖ വീഡിയോ പങ്കുവച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ്. കേന്ദ്രസർക്കാർ ‘തുടര്‍ ഭരണത്തിനു വേണ്ടി പുല്‍വാമയില്‍ 40 സൈനികരെ ബലി കൊടുത്തതോ? മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വാക്കുകള്‍ മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്, കൃത്യമായ പ്ലാനിങ്ങോടുകൂടി നടത്തിയതാണോ ഈ ”വീഴ്ച”?’ എന്നീ ചോദ്യങ്ങളോടെയാണ് കോണ്‍ഗ്രസ് വീഡിയോ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസത്തെ അഭിമുഖത്തോടെ പ്രധാനമന്ത്രിയുടെ കപട ദേശീയതയുടെ മുഖമാണ് പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് ദേശീയനേതൃത്വം പറഞ്ഞു. കൊല്ലപ്പെട്ട രാജ്യത്തിന്റെ ജവാന്‍മാരുടെ ചിത്രങ്ങള്‍ സഹിതം കോണ്‍ഗ്രസ് പറഞ്ഞത്: ”സുരക്ഷിത യാത്രയ്ക്കായി അഞ്ച് വിമാനങ്ങളാണ് സൈനികര്‍ ആവശ്യപ്പെട്ടത്.എന്നാൽ മോദി സര്‍ക്കാര്‍ അത് നിരസിച്ചതോടെ ബസില്‍ യാത്ര ചെയ്യാന്‍ സൈനികര്‍ നിര്‍ബന്ധിതരായി. ഈ വഴിയില്‍ ഭീകരാക്രമണം ഉണ്ടായി, രാജ്യത്തിന്റെ 40 സൈനികര്‍ വീരമൃത്യു വരിച്ചു. ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പ്രധാനമന്ത്രി മോദിയോട് ഇത് നമ്മുടെ തെറ്റ് കൊണ്ടാണ് സംഭവിച്ചതെന്ന് പറഞ്ഞു. പ്രധാനമന്ത്രി മോദി എന്താണ് പറഞ്ഞതെന്ന് അറിയാമോ? നിങ്ങള്‍ മിണ്ടാതിരിക്കൂയെന്ന്.’
ഓൺ ലൈൻ മാധ്യമമായ ദ് വയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യപാല്‍ മാലികിന്റെ നിർണായകമായ ആരോപണങ്ങള്‍. ‘2500 ജവാന്‍മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് അഞ്ച് വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു. ഒരുപക്ഷെ വിമാനത്തിലായിരുന്നു ജവാന്‍മാരെ കൊണ്ടുപോയതെങ്കില്‍ ആക്രമണം നടക്കില്ലായിരുന്നു. അന്ന് വൈകുന്നേരം ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു, ഇത് നമ്മുടെ തെറ്റുകൊണ്ടാണ് സംഭവിച്ചതെന്ന്. ഈ വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും നേരിട്ട് ആവശ്യപ്പെട്ടു.’-അഭിമുഖത്തില്‍ സത്യപാല്‍ പറഞ്ഞു.