തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ പൂനെയിൽ നിന്നുള്ള കുടുംബം ദർശനം നടത്തിയതിൻ്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 25 കിലോ വരുന്ന സ്വര്‍ണാഭരണങ്ങൾ ധരിച്ചാണ് കുടുംബം ക്ഷേത്രദർശനം നടത്തിയത്.
കൈകൂപ്പി നില്‍ക്കുന്ന നാലംഗ കുടുംബത്തെയാണ് ചിത്രങ്ങളിൽ കാണാനാവുക. വെള്ളബനിയനും മുണ്ടും ധരിച്ചാണ് രണ്ട് പുരുഷന്മാരും ക്ഷേത്രത്തിലെത്തിയത്. കഴുത്തിൽ സ്വർണത്തിലുള്ള കയർ ചുറ്റിയ നിലയിലായിരുന്നു. ബ്രാൻഡഡ് സൺഗ്ലാസും അണിഞ്ഞിട്ടുണ്ട്.
ഗോൾഡൻ സാരിയിലാണ് സ്ത്രീയെ കാണുന്നത്. ദേഹമാസകലം സ്വർണത്താൽ പൊതിഞ്ഞിട്ടുമുണ്ട്. ഇവര്‍ക്കൊപ്പം ഒരു കുട്ടിയെയും കാണാം. എന്നാൽ തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ കുടുംബം തയാറായില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ക്ഷേത്രഭാരവാഹികൾ നൽകിയ വിവരം അനുസരിച്ച് ഇവർ പൂനെയിൽ നിന്നുള്ളവരാണ്. സണ്ണി വാഘ്ചൗരേ, സഞ്ജയ് ഗുജർ എന്നിങ്ങനെയാണ് പേരുകൾ.
വെള്ളിയാഴ്‌ച രാവിലെയാണ് കുടുംബം ക്ഷേത്ര ദർശനം നടത്തിയത്. നിമിഷ നേരംകൊണ്ട് ചിത്രങ്ങളും വീഡിയോയും വൈറലായി. ആദായ നികുതി വകുപ്പ് എല്ലാം കാണുന്നുണ്ടെന്നാണ് ഒരു എക്‌സ് യൂസർ ചിത്രത്തിന് താഴെ കുറിച്ചത്.