പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ സ്‌നേഹത്തിൻ്റെയും ലോക സമാധാനത്തിൻ്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുശോചനം:
മനുഷ്യ സ്‌നേഹത്തിൻ്റെയും ലോക സമാധാനത്തിൻ്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസ്സായിരുന്നു അദ്ദേഹത്തിൻ്റെത്. പലസ്തീന്‍ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസുകൊണ്ട് ചേര്‍ന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തില്‍ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു.
88-ാം വയസ്സിലായിരുന്നു പോപ്പ് ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയത്. 2001ല്‍ കര്‍ദിനാളായി. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായും 266-ാമത്തെ മാർപാപ്പയുമായിരുന്നു. വത്തിക്കാനിൽ നിന്നുള്ള വീഡിയോ സ്റ്റേറ്റ്മെന്റിലാണ് മാർപാപ്പ വിടവാങ്ങിയ വാർത്ത അറിയിച്ചത്.
2013 മാർച്ച് 13നാണ് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം. സഭക്കുള്ളിലും പുറത്തും നവീകരണത്തിൻ്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഭീകരതയും അഭയാർഥി പ്രശ്‌നവും മുതൽ ആഗോള താപനം വരെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിലപാടുള്ള വ്യക്തിത്വമായിരുന്നു.
അഭയാർഥികളോട് മുഖം തിരിക്കാനുള്ള യൂറോപ്പിൻ്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം. ബാലപീഡനത്തിന് എതിരെ അതിശക്തമായ നിലപാടെടുത്തു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കും എതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചു.