ഭൂമിയുടെ വർഷദൈർഘ്യം 365 ദിവസമാണെങ്കിലും, വെറും 21 മണിക്കൂറിൽ ഒരു വർഷം പൂർത്തിയാക്കുന്ന എക്‌സോപ്ലാനറ്റിനെ നാസ കണ്ടെത്തി. TOI-3261 b എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം വലിപ്പത്തിൽ നെപ്റ്റ്യൂണിനോട് സാമ്യമുള്ളതാണ്.
നാസയുടെ എക്‌സോപ്ലാനറ്റ് ദൗത്യ ടെലിസ്കോപ്പായ ടെസ് (Transiting Exoplanet Survey Satellite) ആണ് ഈ കണ്ടെത്തൽ നടത്തിയത്. ഹോട്ട് നെപ്റ്റ്യൂൺ വിഭാഗത്തിൽ പെടുന്ന ഈ ഗ്രഹം, അതിന്റെ നക്ഷത്രത്തെ വളരെ അടുപ്പത്തിൽ ഭ്രമണം ചെയ്യുന്നതായാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. അതിനാലാണ് ഒരു വർഷം പൂർത്തിയാക്കാൻ 21 മണിക്കൂറുകൾ മാത്രമെടുക്കുന്നത്.
നക്ഷത്രവുമായി വളരെ അടുത്തുള്ള ഭ്രമണപാതയാണ് TOI-3261 bയുടെ പ്രത്യേകത. വലിപ്പത്തിൽ നെപ്റ്റ്യൂണിനോട് സാമ്യമുള്ള ഈ ഗ്രഹം വാതകഭീമമായാണ് രൂപം കൊണ്ടതെങ്കിലും പിന്നീട് നിരവധി മാറ്റങ്ങൾ അനുഭവിച്ചിട്ടുണ്ടാകുമെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
ഇത്തരത്തിൽ ചുരുങ്ങിയ ഭ്രമണദൈർഘ്യമുള്ള ഗ്രഹങ്ങളെ അൾട്രാ-ഷോർട്ട്-പീരിയഡ് ഹോട്ട് നെപ്റ്റ്യൂണുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. TOI-3261 b പോലെ കുറഞ്ഞ ഭ്രമണദൈർഘ്യമുള്ള മൂന്ന് ഗ്രഹങ്ങളേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ എന്ന് നാസ വ്യക്തമാക്കി.
ഹോട്ട് നെപ്റ്റ്യൂണുകൾ വലിപ്പക്കുറവും, കുറച്ചുദൂരം മാത്രമുള്ള ഭ്രമണപാതയും കുറഞ്ഞ കാലയളവിലുള്ള പരിക്രമണദൈർഘ്യവും ആയിരിക്കും. TOI-3261 bയുടെ കണ്ടെത്തൽ ഹോട്ട് നെപ്റ്റ്യൂണുകളുടെ പഠനത്തിന് പുതിയ വഴികൾ തുറന്നതായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. സൗരയൂഥത്തിന് പുറത്തുള്ള ഈ ഗ്രഹങ്ങളുടെ വിശദമായ പഠനം, നക്ഷത്ര-ഗ്രഹ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകും എന്നാണ് പ്രതീക്ഷ.