ഡൽഹി മണ്ഡലത്തിൽ ബിജെപി വോട്ടർമാർക്ക് പണം കൈക്കൂലി നൽകുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ബിജെപിക്കെതിരെ ഇഡിക്ക് പരാതി നൽകി ആം ആദ്‌മി പാർട്ടി. ആം ആദ്‌മി പാർട്ടി എംപി സഞ്ജയ് സിംഗ് ആണ് പരാതി നൽകിയത്. ബിജെപി എംപി പർവേഷ് വർമ്മ, മുൻ എംഎൽഎ മഞ്ജീന്ദർ സിംഗ് സിർസ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
ബിജെപി നേതാക്കളുടെ വസതികൾ റെയ്‌ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. “അവർക്ക് പരാതി മാത്രമേ ലഭിച്ചിട്ടുള്ളൂ. ഒരു ഉദ്യോഗസ്ഥനും ഒരു നടപടിയും ഉറപ്പുനൽകിയിട്ടില്ല. ഇഡി എന്ത് ചെയ്യും, എനിക്ക് പറയാനാവില്ല,” -പരാതി നൽകിയ ശേഷം സിംഗ് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് സർക്കാരുകളെ അട്ടിമറിച്ച് പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി മാത്രമാണ് ഇഡി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. അരവിന്ദ് കെജ്‌രിവാളിൻ്റെ മണ്ഡലത്തിൽ വോട്ടർമാർക്ക് ബിജെപി 1100 രൂപ വീതം പരസ്യമായി കൈക്കൂലി നൽകുന്നുണ്ടെന്ന് എഎപി ആരോപിച്ചു.
അതേസമയം ആം ആദ്‌മി പാർട്ടിയുടെ ആരോപണം ബിജെപി നിഷേധിച്ചു. താൻ ആളുകളെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവരെപ്പോലെ മദ്യം വിതരണം ചെയ്യുന്നില്ലെന്നും പർവേഷ് വർമ്മ പറഞ്ഞു. ‘രാഷ്ട്രീയ സ്വാഭിമാൻ’ പദ്ധതിയുടെ ഭാഗമായാണ് പണം വിതരണം ചെയ്‌തതെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. നേരത്തെ അരവിന്ദ് കെജ്രിവാളും അതിഷിയും പമം വിതരണം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.