ഇന്ത്യൻ സിനിമയിൽ ഏതാണ്ടെല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ച നടിയാണ് ഹുമ ഖുറേഷി. ഇപ്പോൾ ഇതാ സിനിമാ മേഖലയിലെ ലിംഗവിവേചനത്തെ കുറിച്ചുള്ള നടിയുടെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. പ്രായം എന്ന ഘടകം ഈ മേഖലയിൽ പുരുഷന്മാരേക്കാൾ സ്ത്രീകളുടെ കരിയറിനെ ബാധിക്കുന്നുണ്ടെന്ന് ഹുമ ഖുറേഷി പറഞ്ഞു.
സ്ത്രീകൾ എന്നത് വസ്തുക്കളോ ഷെൽഫ് ലൈഫ് ഉള്ള മറ്റെന്തെങ്കിലുമോ അല്ലെന്നും ജനങ്ങൾ തിരിച്ചറിയണം. പലരും സ്ത്രീകളെ അങ്ങേയറ്റം സെക്‌സിസ്റ്റ് രീതിയിലാണ് കാണുന്നതെന്നും നടി പറഞ്ഞു.ഓരോ വർഷം കഴിയുന്തോറും അവർ കലാകാരന്മാരായി മെച്ചപ്പെടുകയും വളരുകയും ചെയ്യുന്നു. അത് പരിഗണിക്കണമെന്നും ഹുമ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിനിമാ അഭിനയത്തെ താൻ ‘9 ടു 5 ജോബ്’ പോലെയാണ് പരിഗണിക്കുന്നതെന്നും ഹുമ ഖുറേഷി പറഞ്ഞു. തൊഴിലും സ്വകാര്യ ജീവിതവും ഒരുപോലെ കൊണ്ടുപോകണം. താൻ ജോലി ചെയ്യുന്നു, തിരികെ വരുന്നു. തുടർന്ന് സുഹൃത്തുക്കൾ, കുടുംബം, പ്രിയപ്പെട്ടവർ എന്നിവർക്കൊപ്പം സമയം ചെലവഴിക്കുന്നു. തന്റെ ജന്മദിനങ്ങളിൽ ഒരിക്കലും സിനിമാ ചിത്രീകരണത്തിൽ പങ്കെടുക്കില്ല. അങ്ങനെ ചെയ്താൽ വർഷം മുഴുവനും ജോലി ചെയ്യുന്നതായി തോന്നും. അതിനാൽ ജന്മദിനങ്ങളിലും പുതുവർഷങ്ങളിലും ചില പ്രത്യേക ദിവസങ്ങളിലും കഴിയുന്നത്ര ജോലി ചെയ്യാതിരിക്കാൻ ശ്രമിക്കുമെന്നും ഹുമ ഖുറേഷി കൂട്ടിച്ചേർത്തു.