നിരോധിത സംഘടനയായ അൽ- ഉമ്മയുടെ സ്ഥാപകനും കോയമ്പത്തൂർ സ്ഫോടന കേസിലെ ഒന്നാം പ്രതിയുമായ എസ്.എ ബാഷ (84) അന്തരിച്ചു. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു അന്ത്യം. മൂന്ന് മാസങ്ങൾക്ക് മുമ്പ് പരോളിൽ ഇറങ്ങിയ ബാഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഉക്കടം റോസ് ഗാർഡനിലെ മകൻ്റെ വീട്ടിൽ ഹൈദർ അലി ടിപ്പു സുൽത്താൻ സുന്നത്ത് ജമാഅത്ത് മസ്‍ജിദിൽ കബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കോയമ്പത്തൂരിൽ 1998 ഫെബ്രുവരി 14ന് വൈകിട്ട് നടന്ന സ്ഫോടന പരമ്പരയിൽ അൽ- ഉമ്മ സംഘടനക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. 54 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ അൽ- ഉമ്മ സ്ഥാപക നേതാവായ ബാഷ ഒന്നാം പ്രതിയായിരുന്നു. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ദീർഘകാലമായി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ബാഷക്ക് പ്രായാധിക്യവും അസുഖവും കാരണമാണ് ഈ വർഷം ഏപ്രിൽ 18ന് താൽക്കാലികമായി പരോൾ നൽകിയത്.
കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ തന്നെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടേണ്ടി വന്നതിനാൽ സർക്കാർ പരോൾ നീട്ടി നൽകി.
അതേസമയം, ബാഷയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കോയമ്പത്തൂർ സിറ്റി പൊലീസ് സുരക്ഷ ശക്തമാക്കി. അവധിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ മടക്കിവിളിച്ചു. ശവസംസ്‌കാര ചടങ്ങുകൾ കണക്കിലെടുത്ത് ചൊവ്വാഴ്‌ച നഗരത്തിൽ 1500ലധികം പൊലീസുകാരെ അധികമായി വിന്യസിച്ചു.
അൽ ഉമ്മയും കോയമ്പത്തൂർ സ്ഫോടനവും
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോയമ്പത്തൂരിലെത്തിയ ബിജെപി നേതാവും മുൻ ഉപ പ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടന പരമ്പര ആസൂത്രണം ചെയ്‌തതെന്നാണ് കണ്ടെത്തൽ. അൽ ഉമ്മയ്ക്ക് തമിഴ്‌നാട്ടിലെ തെക്ക്, പടിഞ്ഞാറൻ ജില്ലകളിൽ പ്രത്യേകിച്ച് കോയമ്പത്തൂർ, ദിണ്ടിഗൽ, മധുര, തിരുനെൽവേലി എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു.
ബാഷയുടെ നേതൃത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇമാം അലി, ഹൈദർ അലി തുടങ്ങിയ മറ്റ് അംഗങ്ങൾ അൽ ഉമ്മയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകുകയും നിരവധി യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കുകയും ചെയ്‌തു.
ഇമാം അലിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും 2003ൽ മധുര ജില്ലയിലെ തിരുമംഗലം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് സായുധ സംഘം അദ്ദേഹത്തെ രക്ഷപ്പെടുത്തി. ഏതാനും മാസങ്ങൾക്ക് ശേഷം ഇമാം അലിയെയും മറ്റ് നാല് പേരെയും ബെംഗളൂരുവിൽ മധുര പൊലീസും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും വെടിവച്ചു കൊന്നു.
പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ബാഷക്ക് ആദ്യകാലത്ത് ഒരു വിറക് കച്ചവടമായിരുന്നു. പിന്നീട് അദ്ദേഹം റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് പ്രവേശിച്ചു. 1983ൽ ഒരു പൊതുയോഗത്തിൽ ഇസ്ലാമിനെ വിമർശിച്ചു എന്നാരോപിച്ച് ബിജെപി നേതാവ് ജന കൃഷ്‌ണമൂർത്തിയെയും ഹിന്ദു മുന്നണി നേതാവ് തിരുക്കോവിലൂർ സുന്ദരത്തെയും വധിക്കാൻ ശ്രമിച്ചതോടെ ആണ് ബാഷ ശ്രദ്ധിക്കപ്പെടുന്നത്. 1984ൽ മധുര റെയിൽവേ സ്റ്റേഷനിൽ ഹിന്ദു മുന്നണിയുടെ അന്നത്തെ സംസ്ഥാന സംഘാടകനായിരുന്ന രാമ ഗോപാലനെ ആക്രമിച്ചതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
ബാബരി മസ്‌ജിദ് സംഭവത്തിന് പിന്നാലെ, കോയമ്പത്തൂരിൽ നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബാഷയ്ക്കും അനുയായികൾക്കും എതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു. പിന്നാലെ ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.