ശക്തമായ പരാജയമാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി ഇത്തവണ നേരിട്ടത്. ഡൽഹിയുടെ അധികാരം നഷ്‌ടപ്പെട്ടതോടെ പാർട്ടി അധ്യക്ഷനായ അരവിന്ദ് കേജ്‌രിവാൾ പ്രവർത്തനം പഞ്ചാബിലേക്ക് മാറ്റുമെന്നും അവിടെ മുഖ്യമന്ത്രി കസേര ലഭിക്കാൻ നീക്കം നടത്തുമെന്നും ബിജെപി ആരോപിച്ചിട്ടുണ്ട്. പക്ഷെ ഇതിനെയെല്ലാം ചിരിച്ച് തള്ളുകയാണ് നിലവിൽ പഞ്ചാബ് മുഖ്യമന്ത്രിയായ ഭഗവന്ത് സിങ് മൻ. എന്തായാലും ആം ആദ്മി ഉള്ളിൽ പുകയുകയാണ്.
പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾ വിലയിരുത്താൻ അരവിന്ദ് കേജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചാബ് എംഎൽഎമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ അഭ്യൂഹം തള്ളിയത്.
പഞ്ചാബിൽ ഭഗവന്ത് സിങ് മന്നിനെ മാറ്റി പകരം മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിലാണ് കേജ്‌രിവാൾ എന്ന് ബിജെപി എംഎൽഎ മഞ്ജീന്ദർ സിങ് സിർസയാണ് ആരോപിച്ചത്. പക്ഷെ അവർക്ക് എന്തുവേണമെങ്കിലും പറയാമല്ലോ എന്നായിരുന്നു ഭഗവന്തിൻ്റെ പ്രതികരണം.
സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന പ്രഖ്യാപനം പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. 2022 മാർച്ചിലാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് ചുമതലയേറ്റത്. അധികാരം ഏറ്റയുടൻ വിഐപികൾക്കുള്ള സ്ഥിരം സുരക്ഷ പിൻവലിച്ചത് അടക്കം നടപടികളിലൂടെ പൊതുജനത്തിൻ്റെ കയ്യടി വാങ്ങിയ മുഖ്യമന്ത്രിയാണ് ഭഗവന്ത് സിങ് മൻ.























