| കെ സഹദേവൻ
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഐടി കമ്പനികളിലൊന്നായ വിപ്രോ പുതുതായി ജോലിയിലേക്ക് കടന്നുവരുന്ന തൊഴിലാളികളുടെ ശമ്പളം പകുതിയായി കുറയ്ക്കാന്‍ തീരുമാനമെടുത്തത് കഴിഞ്ഞ ദിവസമായിരുന്നു. വിപ്രോയില്‍ ജോലിയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന പുതിയ ഐടി പ്രൊഫഷണലുകളുടെ വാര്‍ഷിക ശമ്പളം 6.5 ലക്ഷമായി നിശ്ചയിച്ചതില്‍ നിന്നും 3.5 ലക്ഷമായി കുറച്ചുകൊണ്ടുള്ള തീരുമാനമാണ് വിപ്രോ കൈക്കൊണ്ടിട്ടുള്ളത്.
കമ്പനിയുടെ വെലോസിറ്റി ട്രെയിനിംഗ് പ്രോഗ്രാം പൂര്‍ത്തിയാക്കി തൊഴിലിലേക്ക് പ്രവേശിക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ക്കുള്ള സന്ദേശത്തിലാണ് കമ്പനി ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്. തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളുമായി യാതൊരു വിധ ചര്‍ച്ചകളും നടത്താതെ ഏകപക്ഷീയമായിട്ടാണ് വിപ്രോ ഈയൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന ആക്ഷേപം ഐടി മേഖലയിലെ ശക്തമായ സാന്നിദ്ധ്യമായ നാസെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് – എന്‍ഐടിഇഎസ്, ഉന്നയിച്ചിരിക്കുകയാണ്.
ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ് വിപ്രോ ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളത് എന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. ഗൂഗ്ള്‍, ട്വിറ്റര്‍ തുടങ്ങിയ വന്‍കിട കമ്പനികളില്‍ അടക്കം ഐടി മേഖലകളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലത്തില്‍ ശമ്പളം പകുതിയായി കുറയ്ക്കാനുള്ള വിപ്രോയുടെ പുതിയ നീക്കം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
തൊഴിലാളികളുടെ ശമ്പളത്തില്‍ 50 ശതമാനം വെട്ടിക്കുറവ് വരുത്താന്‍ തീരുമാനമെടുത്ത വിപ്രോ കമ്പനിയുടെ ഉടമ കാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ലോകമെങ്ങും വാഴ്ത്തപ്പെടുന്ന അസീം പ്രേംജിയാണെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യയിലെ അതിസമ്പന്നരില്‍ മൂന്നാമത്തെയാളെന്ന് ഹരുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് രേഖപ്പെടുത്തിയ വിപ്രോ കമ്പനി ഉടമ അസീം പ്രേംജി തന്റെ സമ്പത്തില്‍ നിന്ന് 53,000 കോടി രൂപ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയ വ്യക്തിയാണ് (2019).
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ വിപ്രോയിലെ തന്റെ ഓഹരികളുടെ 34% ആയിരുന്നു അസീം പ്രേംജി സംഭാവനയായി നല്‍കിയത്. കൂടാതെ, ആഗോളതലത്തില്‍ ബില്‍ഗേറ്റ്‌സും വാറണ്‍ ബഫറ്റും ആരംഭിച്ച ‘ഗിവിംഗ് പ്ലഡ്ജ്’ എന്ന ഫിലാന്ത്രോപിക് സംരംഭത്തില്‍ ഒപ്പുവെച്ച വ്യക്തിയെന്ന നിലയില്‍ തന്റെ ഓഹരികളുടെ 73%ത്തോളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. 1,45,000 കോടി രൂപ(21 ബില്യണ്‍ ഡോളര്‍) വരും ഈ തുക. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്വകാര്യ വ്യക്തി നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ തുകകളിലൊന്നായി ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. ‘ഇന്ത്യയിലെ ഏറ്റവും ഉദാരനായ വ്യക്തി’യായി മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തിയ വ്യക്തികൂടിയാണ് അസീം പ്രേംജി.
സ്വന്തം സമ്പത്തിന്റെ എഴുപത് ശതമാനത്തിലധികവും കാരുണ്യപ്രവര്‍ത്തനത്തിനായി സംഭാവന ചെയ്യാന്‍ മടിയില്ലാത്ത അസീം പ്രേംജി തന്റെ സ്ഥാപനത്തില്‍ പുതുതായി ചേരാന്‍ പോകുന്ന തൊഴിലാളികളുടെ ശമ്പളം പാതിയായി വെട്ടിക്കുറക്കുന്നതിലെ യുക്തിയെന്തായിരിക്കും? എന്തുകൊണ്ടാണ് തൊഴിലാളികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശമ്പളം നല്‍കാന്‍ ഈ ഫിലാന്ത്രോപിസ്റ്റുകള്‍ മനസ്സ് കാണിക്കാത്തത്?
തന്റെ സ്ഥാപനത്തിലെ 99% ഓഹരികളും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുകയാണെന്ന് 2015 ഡിസമ്പര്‍ 2ന് തന്റെ ഫേസ്ബുക് പേജിലൂടെ പ്രഖ്യാപിച്ച ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗും, കാരുണ്യ മുതലാളിത്തത്തിന്റെ പുതിയ അവതാരമായി വിശേഷിപ്പിക്കപ്പെടുന്ന, ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും അടക്കമുള്ള വിവര സാങ്കേതികവിദ്യ മേഖലയിലെ അതിസമ്പന്നര്‍ എന്തുകൊണ്ടാണ് തൊഴില്‍ മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്?
വ്യവസായ ഭീമന്‍ റോക്‌ഫെല്ലര്‍ ഉടമ ജോണ്‍ ഡി റോക്‌ഫെല്ലര്‍ ഫ്രാങ്ക് പി വാള്‍ഷിന് നല്‍കിയ മറുപടിയും റോക്‌ഫെല്ലറിന്റെ നാളിതുവരെയുള്ള ചരിത്രവും ഈ ചോദ്യങ്ങള്‍ക്കുള്ള ഏറ്റവും നല്ല ഉത്തരമായി കണക്കാക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ഫിലാന്ത്രോപിസ്റ്റായി അറിയപ്പെട്ടിരുന്ന റോക്‌ഫെല്ലറിനോട്, തൊഴിലാളികള്‍ക്ക് അവരുടെ വിഹിതം നേരിട്ട് ലഭിക്കുന്ന തരത്തില്‍ ഒരു സിസ്റ്റം എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്ന ചോദ്യത്തോട് പ്രതികരിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്; ”നിങ്ങള്‍ പരാമര്‍ശിക്കുന്ന അതേ സ്ഥാപനത്തിന്റെ ഉടമകളായി തൊഴിലാളികള്‍ ക്രമേണ മാറുന്നത് കണ്ട് ഞാന്‍ സന്തോഷിക്കും. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ കടന്നുവരാനും അവരുമായി ബന്ധം നിലനിര്‍ത്താനും എന്റെ സമ്പത്തുകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ സമര്‍പ്പിക്കുന്നതില്‍ എനിക്ക് സന്തോഷം മാത്രമാണ്”.
ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പാണ് ഈ സംഭാഷണം നടന്നതെന്ന് ഓര്‍ക്കുക. റോക്‌ഫെല്ലറിന്റെ സ്ഥാപനത്തിന്റെ ഒരൊറ്റ ഓഹരിപോലും അതിലെ തൊഴിലാളികള്‍ക്ക് നാളിതുവരെ ലഭ്യമായിട്ടില്ലെന്നത് വസ്തുതയാണ്. തന്റെ സമ്പാദ്യങ്ങള്‍ വന്‍കിട ഫൗണ്ടേഷനുകള്‍ രൂപീകരിച്ച് വിതരണം ചെയ്യുന്ന നടപടികള്‍ തന്നെയാണ് റോക്‌ഫെല്ലര്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല.
കാരുണ്യ പ്രവര്‍ത്തനത്തിലൂടെ സാംസ്‌കാരിക മേധാവിത്വം നേടിയെടുക്കുകയും സമ്പത്ത് വര്‍ദ്ധനവിനുള്ള രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം അതേപടി നിലനിര്‍ത്തുന്നതിനും അപ്പുറമുള്ള ഒന്നിനും കാരുണ്യ മുതലാളിത്തം തയ്യാറല്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കാരുണ്യ മുതലാളിത്തത്തിന്റെ ഈ ഇരട്ടത്താപ്പ് തിരിച്ചറിയുന്നതില്‍ ഏറ്റവും വൈമനസ്യം പ്രകടമാകുന്നത് ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറ തൊഴിലാളികളില്‍ തന്നെയാണെന്നതും യാഥാര്‍ത്ഥ്യമാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളോടും തൊഴിലവകാശങ്ങളോടും ശക്തമായി പ്രതികരിക്കുന്നതില്‍ നിന്ന് ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാണിക്കുന്ന വിമുഖത ഈ മേഖലയിലെ ചൂഷണത്തിന് കൂടുതല്‍ ശക്തിപകരുന്നുണ്ട്.