ആശാ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് 18ന് കേന്ദ്രസര്‍ക്കാരിന് എതിരെ തിരുവനന്തപുരത്ത് മഹാറാലിക്ക് ആഹ്വാനം ചെയ്‌ത് ആശാ വര്‍ക്കേഴ്‌സ് ആന്‍ഡ് ഫെസിലിറ്റേഴ്‌സ് ഓഫ് ഇന്ത്യ. ആശമാരുടെ ഇന്‍സെന്റീവ് 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ചെന്ന കേന്ദ്രസര്‍ക്കാരിൻ്റെ മറുപടി നുണ പ്രചരണമാണെന്ന് സിഐടിയു ദേശീയ സെക്രട്ടറി എ.ആര്‍ സിന്ധു പറഞ്ഞു. ഈ മാസം 22ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനായിരുന്നു പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിൻ്റെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി.
ആശാ പ്രവര്‍ത്തകരെ തൊഴിലാളികളായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലും കേന്ദ്രം നല്‍കുന്ന ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിലും എന്ത് നിലപാടാണ് സ്വീകരിച്ചു വെന്നായിരുന്നു ഈ മാസം 22ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ചോദിച്ചത്. എന്നാല്‍ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപ് റാവു ജാദവ് നല്‍കിയ മറുപടിയില്‍ ആശ വര്‍ക്കര്‍മാരെ സന്നദ്ധ പ്രവര്‍ത്തകരായി മാത്രമേ അംഗീകരിക്കാന്‍ കഴിയൂവെന്ന നിലപാട് ആവര്‍ത്തിച്ചു.
കേന്ദ്രപദ്ധതി ആണെങ്കിലും ആശമാരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് പ്രാഥമിക ഉത്തരവാദിത്വമെന്നും മറുപടിയില്‍ വ്യക്തമാക്കി. ഇതോടൊപ്പമാണ് കേന്ദ്രം നല്‍കുന്ന ഇന്‍സന്റീവ് 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ചെന്ന വിവരവും അറിയിച്ചത്. 2025 മാര്‍ച്ച് നാലിന് നടന്ന മിഷന്‍ സ്റ്റിയറിംഗ് ഗ്രൂപ്പിൻ്റെ 9 -മത് യോഗത്തിലാണ് ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്രത്തിൻ്റെ അവകാശ വാദം.
ജൂലായ് 25ന് ലോക്‌സഭയില്‍ എന്‍കെ പ്രേമചന്ദ്രൻ്റെ ചോദ്യത്തിനും ഈ മറുപടി കേന്ദ്രം ആവര്‍ത്തിക്കുകയും ചെയ്‌തു. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും മാര്‍ച്ചില്‍ വര്‍ദ്ധിപ്പിച്ച ഇന്‍സന്റീവ് ആശമാര്‍ക്ക് ലഭിച്ചിട്ടില്ലെന്നും സിഐടിയു ദേശീയ സെക്രട്ടറി എ.ആര്‍ സിന്ദു കൈരളി ന്യൂസിനോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിൻ്റെ കാപട്യം വ്യക്തമാക്കി രാജ്യസഭയിലെ ചോദ്യവും മറുപടിയും എഫ്ബി പേജിലൂടെ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പങ്കുവച്ചു. കേന്ദ്രസര്‍ക്കാരിൻ്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 18ന് തിരുവനന്തപുരത്ത് മഹാറാലിക്ക് ആശാ വര്‍ക്കേഴ്‌സ് ആന്‍ഡ് ഫെസിലിറ്റേഴ്‌സ് ഓഫ് ഇന്ത്യ സിഐടിയു ആഹ്വാനം ചെയ്‌തിട്ടുണ്ട്.























