കോഴിപ്പോരിനിടെ സൈനിക വേഷത്തിലെത്തിയ സംഘം 12 പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഇക്വഡോറിൻ്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ മാനബിയിൽ ഉണ്ടായ സംഭവത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. ആക്രമണത്തിന് ഉത്തരവാദികളായവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ലോസ് ആർ 7 എന്ന ക്രിമിനൽ സംഘവുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് വിവരം.
കോഴിപ്പോര് നടന്നിരുന്ന റിങ്ങിലേക്ക് തോക്കുമായി അതിക്രമിച്ച് കടന്ന അക്രമി കാഴ്‌ചക്കാർക്ക് ഇടയിലേക്ക് വെടിവെക്കുകയായിരുന്നു. അഞ്ചിലേറെ പേരാണ് അക്രമം നടത്തിയത്. വെടിയുതിർത്ത ശേഷം ദേശീയ പാതയിലെത്തിയ സംഘം കാറും വേഷവും ഉപേക്ഷിച്ച് സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
അക്രമികൾ ധരിച്ചിരുന്ന സേനാ വേഷം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ ലാ വലൻസിയയിൽ നടത്തിയ റെയ്‌ഡിൽ തോക്കും പൊലീസുകാരുടെ വ്യാജ യൂണിഫോമുകളും എട്ട് റൈഫിളുകൾ, നാല് പിസ്റ്റളുകൾ, മൂന്ന് ഷോട്ട് ഗണ്ണുകൾ, തിരകൾ നിറയ്ക്കുന്ന എട്ട് മാഗ്സിനുകൾ, 11 സെൽഫോൺ, ബാലിസ്റ്റിക് ഹെൽമെറ്റുകൾ, ടാക്റ്റിക്കൾ കയ്യുറകൾ എന്നിവയും കണ്ടെത്തി. ഇതിന് ശേഷമാണ് നാല് പേർ പൊലീസിൻ്റെ പിടിയിലാകുന്നത്. ആക്രമണത്തിലേക്ക് നയിച്ച കാരണം ഇപ്പോൾ വ്യക്തമല്ല.