അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ലീഗ് ടി20യിൽ ഇന്ത്യ ചാംപ്യന്മാർ. ഇന്ന് നടന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. റായ്പൂരിലെ വീര്‍ നാരായണ്‍ സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
50 പന്തില്‍ 74 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവാണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 18 പന്തില്‍ 25 റണ്‍സുമായി മടങ്ങി. ടോസ് നേടി ബാറ്റിങ്ങിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് മാസ്‌റ്റേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് അടിച്ചെടുത്തു. ലെന്‍ഡല്‍ സിമണ്‍സ് (41 പന്തില്‍ 57), ഡ്വെയ്ന്‍ സ്മിത്ത് (35 പന്തില്‍ 46) എന്നിവരുടെ ഇന്നിംഗ്സാണ് വെസ്റ്റ് ഇന്‍ഡീസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി വിനയ് കുമാര്‍ മൂന്നും ഷഹ്ബാസ് നദീം രണ്ടും വിക്കറ്റ് വീഴ്ത്തി.
വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 149 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് റായുഡു – സച്ചിന്‍ ഓപണിങ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 67 റണ്‍സ് നേടി. എട്ടാം ഓവറിൽ സച്ചിന്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. ടിനോ ബെസ്റ്റിന്റെ പന്തില്‍ ഫൈന്‍ ലെഗില്‍ ചാഡ്‌വിക്ക് വാള്‍ട്ടണ് ക്യാച്ച് നൽകിയായിരുന്നു സച്ചിന്റെ മടക്കം. 18 പന്തുകള്‍ നേരിട്ട സച്ചിന്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 25 റണ്‍സെടുത്തു.
അതിനുശേഷം ക്രീസിലെത്തിയ ഗുര്‍കീരത് സിംഗ് മന്‍ (14) അതിവേഗം മടങ്ങി. അഷ്‌ലി നഴ്‌സിനായിരുന്നു വിക്കറ്റ്. റായുഡുവിനൊപ്പം 28 റണ്‍സ്കൂ ട്ടിചേര്‍ത്തായിരുന്നു ഗുര്‍കീരതിന്റെ മടക്കം. 15-ാം ഓവറില്‍ റായുഡുവും പവലിയനിലെത്തി. ടീമിനെ വിജയത്തിനടുത്ത് എത്തിച്ചാണ് താരം മടങ്ങിയത്.
മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റായുഡുവിന്റെ ഇന്നിംഗ്‌സ്. റായുഡുവിന് പിന്നാലെ ക്രീസിലെത്തിയ യൂസഫ് പത്താന്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി. എന്നാല്‍ യുവരാജ് സിംഗ് (13), സ്റ്റുവര്‍ട്ട് ബിന്നിയെ (16) കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.