29 April 2024

ഇലക്ടറൽ ബോണ്ടിനെ കുറിച്ച് രാഹുൽ ഗാന്ധിക്ക് മിണ്ടാനാവാത്തതിന്റെ പിന്നിൽ

170 കോടി രൂപയാണ് 2019 ഒക്‌ടോബറിനും 2022 നവംബറിനും ഇടയിൽ ഡി.എൽ.എഫ് ഗ്രൂപ്പ് ബി.ജെ.പിക്ക് ‘സംഭാവന’ നൽകിയത്. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഡി.എൽ.എഫ് പണം നൽകിയിട്ടില്ല.

| ശ്രീകാന്ത് പികെ

2014 – ലെ ലോകസഭ തെരഞ്ഞെടുപ്പ് കാലത്തെ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ ആയുധമായിരുന്നു റോബർട് വാദ്രക്കെതിരെയുള്ള ആരോപണം. പ്രിയങ്കാ ഗാന്ധി വാദ്രയുടെ ഭർത്താവും ഗാന്ധി കുടുംബത്തിന്റെ സ്വന്തം ‘ബോബി’യുമായ റോബർട്ട് വാദ്രയെ ചുറ്റിപ്പറ്റി മൻമോഹൻ കാലത്ത് കോൺഗ്രസിൽ തന്നെ അനേകം അണിയറ സംസാരങ്ങൾ ഉണ്ടായിരുന്നുവല്ലോ.

റോബർട്ട് വാദ്ര പ്രതിയായ ഗുരുഗ്രാമിലെ ഭൂമി ഇടപാട് കേസാണ് അതിൽ ഏറ്റവും പ്രധാനം. റിയൽ എസ്റ്റേറ്റ് ഭീമൻ ഡി.എൽ.എഫ് കൂട്ടുപ്രതി. 2008 – ൽ വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി ഹരിയാനയിലെ ഗുരുഗ്രാമിൽ 3.5 ഏക്കർ ഭൂമി വെറും 7.5 കോടി രൂപക്ക് വാങ്ങുന്നു. ഈ ഭൂമി മാസങ്ങൾക്കുള്ളിൽ ഡി.എൽ.എഫ് വാദ്രയിൽ നിന്ന് എട്ടിരട്ടി വിലക്ക്, 58 കോടി രൂപക്ക് വാങ്ങുന്നു. റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ചട്ടങ്ങൾ പ്രകാരം ഒറ്റ നോട്ടത്തിൽ തന്നെ കച്ചവടത്തിലെ കള്ളത്തരം മനസിലാക്കി 2012-ൽ ഭൂമി കൈമാറ്റം അസാധുവാക്കിയ റെവന്യു ഉദ്യോഗസ്ഥൻ അശോക് ഖേംകയെ അന്ന് സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ നേരിട്ട് ഇടപെട്ട് സ്ഥലം മാറ്റി. അതോടെയാണ് വാർത്ത പുറം ലോകത്തെത്തിയത്.

നരേന്ദ്ര മോദിയിലൂടെ ബിജെപി ആദ്യ തവണ വിജയ്ക്കുന്നതിന് തൊട്ട് മുന്നേയുള്ള കാലത്തെ ഇന്ത്യൻ സാഹചര്യം ഓർമ്മയുണ്ടാകും. A മുതൽ Z വരെയുള്ള എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന കോടി കണക്കിന് രൂപയുടെ അഴിമതിയിൽ കോൺഗ്രസ് മുങ്ങി കുളിച്ചിരുന്ന കാലം. മരുമകൻ റോബർട്ട് വാദ്ര ഇന്ത്യയേയും ഇന്ത്യക്കാരെയും ബനാന റിപ്പബ്ലിക് എന്ന് വിളിച്ച് പരിഹസിച്ചു നടന്നിരുന്ന കാലം.

2018 സെപ്റ്റംബറിൽ ബി.ജെ.പിക്ക് അധികാരം കിട്ടിയതിന് പിന്നാലെ ഡി.എൽ.എഫിനും വാദ്രക്കുമെതിരെ ഹരിയാന പൊലീസ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു. ഗാന്ധി കുടുംബത്തിലെ മരുമകൻ റോബർട്ട് വാദ്രയെ അഴിക്കുള്ളിലാക്കും എന്നതായിരുന്നു ബിജെപി പ്രചരണം. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം റോബർട്ട് വദ്ര, ഹൂഡ, ഡിഎൽഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് സംസ്ഥാന പൊലീസ് കേസെടുത്തത്. 2019 ജനുവരിയിൽ മറ്റൊരു കേസിൽ ഡി.എൽ.എഫിന്റെ ഓഫിസുകൾ സി.ബി.ഐയും പരിശോധിച്ചു. എന്നാൽ, അഞ്ചുവർഷത്തിന് ശേഷം പ്രസ്തുത ഇടപാടുകളിൽ നിയമലംഘനമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് 2023 ഏപ്രിലിൽ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ഹൈകോടതിയെ അറിയിച്ചു.

എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ ഇലക്ടറൽ ബോണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടപ്പോഴാണ് ഡി.എൽ.എഫും റോബർട്ട് വാദ്രയ്ക്കെതിരെയും തെളിവില്ലാതായതിന്റെ ​കാരണം പുറത്ത് വന്നത്. 170 കോടി രൂപയാണ് 2019 ഒക്‌ടോബറിനും 2022 നവംബറിനും ഇടയിൽ ഡി.എൽ.എഫ് ഗ്രൂപ്പ് ബി.ജെ.പിക്ക് ‘സംഭാവന’ നൽകിയത്. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഡി.എൽ.എഫ് പണം നൽകിയിട്ടില്ല. 2019,2020,2021,2022 എന്നിങ്ങനെ തുടർച്ചയായ വർഷങ്ങളിൽ ബിജെപിക്ക് ഡി.എൽ.എഫിൽ നിന്ന് പണം ലഭിച്ചു കൊണ്ടേയിരുന്നു. ഒടുവിലത്തെ ബോണ്ട്‌ പണം ലഭിച്ചു ആറു മാസങ്ങൾക്കുള്ളിൽ തെളിവുകളൊന്നും ഇല്ലാതെ ഡി.എൽ.എഫ് ഇടപാടിൽ ക്ലീൻ ചിറ്റ് ബിജെപി ഗവണ്മെന്റ് ഹൈ കോടതിയെ അറിയിച്ചു.

സ്വന്തം അഴിമതി കേസുകളിൽ നിന്ന് രക്ഷ നേടാൻ ബിജെപിക്ക് നൂറ് കണക്കിന് കോടികൾ ഒഴുക്കിയ സോണിയാ ഗാന്ധിയുടെ മരുമകൻ, രാഹുൽ ഗാന്ധിയുടെ അളിയൻ, പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ്. ഇലക്ടറൽ ബോണ്ടിനെ കുറിച്ച് രാഹുൽ ഗാന്ധി ഒരക്ഷരം വാ തുറക്കാത്തതിന് മറ്റൊരു കാരണം കൂടിയാണ്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News