13 May 2024

ടെക്നോളജികൾ വളരുന്നു ഒപ്പം തട്ടിപ്പുകളും; സാമ്പത്തിക തട്ടിപ്പിൽ 70% വർധനയെന്ന് റിപ്പോർട്ട്‌

പേയ്‌മെന്റ് തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന് റിസർവ്ബാങ്കും സർക്കാരും ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴാണ് ഇതിനെയെല്ലാം മറികടന്ന് തട്ടിപ്പുകൾ തുടരുന്നത്.

രാജ്യത്ത് വലിയതോതിൽ പേയ്‌മെന്റ് തട്ടിപ്പുകൾ നടക്കുന്നതായി കണക്കുകൾ. പേയ്‌മെന്റ് തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന് റിസർവ്ബാങ്കും സർക്കാരും ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴാണ് ഇതിനെയെല്ലാം മറികടന്ന് തട്ടിപ്പുകൾ തുടരുന്നത്. മാർച്ച് 31ന് അവസാനിച്ച രണ്ടു പാദങ്ങളിൽ ആഭ്യന്തര പേയ്‌മെന്റ് തട്ടിപ്പുകളിൽ 70% വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2064 കോടി രൂപയുടെ തട്ടിപ്പാണ് ഈ കാലയളവിൽ ഉണ്ടായത്. തൊട്ടു മുൻവർഷം ഇതേ കാലയളവിൽ ഇത് 1526 കോടി രൂപയായിരുന്നു. ആകെ 15.51 ലക്ഷം തട്ടിപ്പുകളിലൂടെയാണ് ഇത്രയധികം തുക തട്ടിയെടുത്തത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 11.5 ലക്ഷം തട്ടിപ്പാണ് നടന്നത്.

ഈ കോമേഴ്സ് ഇടപാടുകൾ, ഫാസ്റ്റ് ടാഗ് തട്ടിപ്പുകൾ, ഡിജിറ്റൽ ബിൽ പേയ്‌മെന്റ് തട്ടിപ്പുകൾ തുടങ്ങിയവയിലൂടെയാണ് ഇത്രയധികം തുക അപഹരിക്കപ്പെട്ടത്. കഴിഞ്ഞ മാർച്ച് മാസത്തിൽ മാത്രം 471 കോടി രൂപയുടെ പേയ്‌മെന്റ് തട്ടിപ്പുകൾ നടന്നു. 2.57 ലക്ഷം വ്യാജ ഇടപാടുകളിലൂടെയാണ് ഈ തുക തട്ടിയെടുക്കപ്പെട്ടത്. ഫെബ്രുവരിയിൽ 2.53 ലക്ഷം തട്ടിപ്പുകളിലൂടെ 503 കോടി രൂപയും ആളുകൾക്ക് നഷ്ടമായി. പേയ്‌മെന്റ് തട്ടിപ്പുകൾ ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിച്ഛായയെ ബാധിക്കുന്നതിനാൽ മിക്ക സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളും തട്ടിപ്പുകൾ തടയാനുള്ള ശക്തമായ നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പുതിയ തട്ടിപ്പുകളുമായി രംഗത്തെത്തുന്നതാണ് ഇത്രയധികം തുക ആളുകൾക്ക് നഷ്ടമാകാൻ കാരണം.

കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ഉള്ള തട്ടിപ്പുകളും വർദ്ധിച്ചിട്ടുണ്ട്. 2023 – 24 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 12069 തട്ടിപ്പുകളിലൂടെ 630 കോടി രൂപ അപഹരിക്കപ്പെട്ടു. തൊട്ടുമുൻവർഷം ഇത് 87 കോടി രൂപ മാത്രമായിരുന്നു. ആർബിഐയുടെ കണക്കുകളനുസരിച്ച് 2024 സാമ്പത്തിക വർഷത്തിൽ 1.65 കോടി ക്രെഡിറ്റ് കാർഡുകളാണ് ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ചേർന്ന് വിതരണം ചെയ്തത്. ഇതോടെ ആകെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം 10.18 കോടിയായി. അതിനിടെ രാജ്യത്തെ ആകെ ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ മൂല്യം കഴിഞ്ഞ മാർച്ച് മാസത്തിൽ 1.64 ലക്ഷം കോടിയായി വർദ്ധിച്ചു.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News