നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ നാലുപേർ പോലീസ് പിടിയിലായി. ശനിയാഴ്‌ച രാത്രി 12 മണിയോടെ അത്താണി കവലയിൽ നിന്നും ഡാൻസാഫ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അങ്കമാലിയിൽ നിന്നും ഓട്ടോറിക്ഷയിൽ കാക്കാനാട്ടേക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്.
സൈക്കിളിന് കാറ്റടിക്കുന്ന പമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഫയർഫോഴ്‌സ് എത്തി പമ്പ് മുറിച്ചാണ് കഞ്ചാവ് പുറത്തെടുത്തത്. ബംഗാൾ സ്വദേശികളായ പ്രതികൾ മുർഷിദാബാദിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്.
അതേസമയം, കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യനും അറസ്റ്റിലായി. പഴകുറ്റി പ്രിൻസ് (25)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്‌തത്. 10 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് വീടിന് സമീപത്ത് നിന്നും കണ്ടെത്തി. നെടുമങ്ങാട് പൊലീസും ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.