കേരളത്തിൽ ബിജെപി പ്രവർത്തകർ മീഡിയ വൺ വാർത്താ ചാനലിനെതിരെ പൊലീസിൽ പരാതി നൽകി. ഈ മാസം 23ന് സംപ്രേക്ഷണം ചെയ്ത ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിക്കെതിരെയാണ് സംസ്ഥാന പോലീസ് മേധാവിക്ക് ബിജെപി സംസ്ഥാന സെക്രട്ടറി ജെ ആർ പത്മകുമാർ പരാതി നൽകിയത്.
നിഷാദ് റാവുത്തർ, എസ് എ അജിംസ്, ഓൺലൈൻ എഡിറ്റർ എന്നിവർക്കെതിരെയാണ് പരാതി മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തലിനു ശ്രമിക്കുകയും തീവ്രവാദ പ്രവർത്തനത്തെ മഹത്വവൽക്കരിക്കാൻ ബോധപൂർവം ശ്രമം നടത്തുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്നും പരാതിയുണ്ട്. ജമ്മു കാശ്മീരിലെ ആർട്ടിക്കൾ 370 ഒഴിവാക്കിയതും തെരഞ്ഞെടുപ്പ് കണക്കിലെടുത്തുമുള്ള രാഷ്‌ട്രീയ തന്ത്രമെന്നും പരിപാടിയിൽ പരാമർശമുണ്ടായിരുന്നു.
പഹൽഗാം ആക്രമണം ആർട്ടിക്കിൾ 370 ഒഴിവാക്കിയതിന്റെ പരിണിതഫലമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള രാഷ്ട്രീയ തന്ത്രമെന്നും ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിൽ ആരോപിച്ചത് ഏതെങ്കിലും തെളിവുകളുടെ പിൻബലത്തോടെയോ വസ്തുതകളുടെ അടിസ്ഥാനത്തിലോ അല്ല . രാജ്യത്തിനും പൗരന്മാർക്കും എതിരായ അതിക്രമം എന്നത് കണക്കാക്കാതെ തീവ്രവാദത്തെ രാഷ്ട്രീയ ഉപകരണമായി ചിത്രീകരിക്കാനാണ് പരിപാടിയിൽ വ്യക്തമായി ശ്രമിച്ചത്. തിരഞ്ഞെടുപ്പിലെ നേട്ടത്തിനു വേണ്ടി തീവ്രവാദി ആക്രമണത്തെ ഉപയോഗിക്കുന്നുവെന്നും രാഷ്ട്രീയ വൽക്കരിക്കുന്നു എന്നുമുള്ള വ്യാഖ്യാനം സത്യത്തെ വികൃതമാക്കുക മാത്രമല്ല അത്തരം ആക്രമണങ്ങളുടെ തീവ്രതയെ കുറച്ചു കാണിക്കുകയും ചെയ്യുന്നു.
പൊതുക്രമത്തെ അസ്ഥിരപ്പെടുത്തുന്നതിനും തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിനും വർഗീയ വിദ്വേഷത്തിനും കലാപത്തിനും കോപ്പുകൂട്ടുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഔട്ട് ഓഫ് ഫോക്സിലെ പരാമർശങ്ങൾ. ഭരണകൂടത്തിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമാണ് ഭീകര പ്രവർത്തികൾ എന്ന തെറ്റിദ്ധാരണയും സംശയവും പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ ഇത് പഴുതൊരുക്കുന്നു. സാധാരണക്കാരുടെ വിശ്വാസത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പരിപാടി എന്നും പരാതിയിൽ ആരോപിച്ചു.
ഈ പശ്ചാത്തലത്തിൽ ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും ഐടി നിയമലംഘനത്തിന്റെ പേരിലും കേസെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്ന് ജെ ആർ പത്മകുമാർ ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു