സിനിമകളെ പ്രചാരണ ആയുധമാക്കുന്ന രീതിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ജൂത വിരുദ്ധത പടർത്താൻ ഹിറ്റ്ലർ ജർമനിയിൽ സിനിമയെ ഉപയോഗിച്ചിരുന്നു. വർത്തമാനകാല ഇന്ത്യയിൽ സിനിമയെ ഹിന്ദുത്വ ആശയം പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. സിനിമകളിൽ രാഷ്ട്രീയം പറയുന്നത് വലിയ കുഴപ്പമുള്ള കാര്യമല്ല. എന്നാൽ ചില പ്രത്യേക അജണ്ടകൾ അതിലൂടെ ഒളിച്ചുകടത്തുന്നതാണ് പ്രശ്നം. ഇപ്പോൾ അത് ഒളിക്കാതെ പരസ്യമായി നടത്തുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബിജെപിയോളം കൃത്യമായി ഈ സംവിധാനം ഉപയോഗിക്കുന്ന പാർട്ടി മറ്റൊന്നുണ്ടോയെന്നത് സംശയമാണ്.
ബോളിവുഡ് സിനിമകളാണ് ബിജെപിയുടെ ആയുധങ്ങളിൽ പ്രധാനം. 2014ന് ശേഷമുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ കാലത്ത് ബോളിവുഡിൽനിന്നിറങ്ങുന്ന സിനിമകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ‘ഉറി: ദി സർജിക്കൽ സ്‌ട്രൈക്ക്,’ ‘ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ’ എന്നീ രണ്ടുസിനിമകളായിരുന്നു വോട്ടിങ്ങിനോടടുപ്പിച്ച് പുറത്തിറങ്ങിയത്. ബിജെപിക്ക് വേണ്ടിയിരുന്ന മനോഭാവമായിരുന്നു രണ്ടിലൂടെയും ഉണ്ടാക്കിയെടുത്തത്.
അതിനുശേഷം ഇങ്ങോട്ട് ഓരോ സമയത്തും ബിജെപി ബോളിവുഡ് സിനിമകളെ വളരെ കൃത്യമായി ഉപയോഗിച്ചുപോരുന്നുണ്ട്. ‘ദ കശ്മീർ ഫയൽസ്’, ‘ദ കേരള സ്റ്റോറി’ ഉൾപ്പെടെയുള്ളവ ചില ഉദാഹരണങ്ങൾ മാത്രം. 2024ലേക്ക് എത്തുമ്പോൾ ഹിന്ദുത്വ വാദിയായ സവർക്കറുടെ ബയോപിക് തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഗുജറാത്ത് കലാപത്തിന് കാരണമായെന്ന് പറയപ്പെടുന്ന ഗോധ്ര ട്രെയിൻ തീവെപ്പി ആസ്പദമാക്കിയുള്ള ‘ആക്സിഡന്റ് ഓർ കോൺസ്പിറസി: ഗോധ്ര’, ‘ദി സബർമതി’ റിപ്പോർട്ട് എന്നിങ്ങനെയുള്ള ചിത്രങ്ങൾ റിലീസിനും ഒരുങ്ങുകയാണ്.
മറ്റൊന്ന് മുസ്ലിങ്ങൾ കാരണം പലായനം ചെയ്യേണ്ടി വരുന്ന ഹിന്ദുക്കളുടെ അവസ്ഥ പ്രമേയമാക്കിയ ‘ആഖിർ പലായൻ കബ് തക്’ എന്ന ചിത്രമാണ്. ഇവയുടെ എല്ലാം സ്വഭാവം മുസ്ലിങ്ങളെ അപരവത്കരിക്കുകയും തീവ്രദേശീയത ആളിക്കത്തിക്കുകയും ചെയ്ത് ഹിന്ദുത്വ ആശയങ്ങൾക്ക് ശക്തിപകരുകയെന്നതാണ്.
സ്വതന്ത്ര ഇന്ത്യയിലെ കറുത്തദിനങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘എമര്‍ജന്‍സി’യാണ് പട്ടികയിലെ മറ്റൊന്ന്. നടി കങ്കണ റാവുത്താണ് കഥയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്നത്. റസാക്കര്‍’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു. ‘റസാക്കര്‍ – ദ സൈലന്റ് ജീനോസൈഡ് ഓഫ് ഹൈദരാബാദ്’ എന്ന ചിത്രം ഹിന്ദുക്കളെ വംശഹത്യ നടത്താന്‍ നിസാമിന്റെ സൈനികരുടെ കഥയാണന്ന വിശേഷണത്തോടെയാണ് എത്തുന്നത്.
കശ്മീർ ഫയൽസ് പോലെയുള്ള സിനിമകൾക്ക് വലിയ ആനുകൂല്യങ്ങളായിരുന്നു ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകൾ ചെയ്തുകൊടുത്തിരുന്നത്. സർക്കാർ ഓഫീസുകൾക്ക് സിനിമയുടെ റിലീസ് ദിവസം അവധി നൽകുക, നികുതി ഇളവ് പ്രഖ്യാപിക്കുക എന്നിങ്ങനെ നീളുന്നു ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ആനുകൂല്യങ്ങളുടെ പട്ടിക.