അന്തർദേശീയ വിദ്യാർത്ഥികൾക്കായി വിസ പ്രോസസിങ് ത്വരിതപ്പെടുത്തുന്നതിനായി കാനഡ സർക്കാർ നടപ്പാക്കിയ ഫാസ്റ്റ് ട്രാക്ക് സ്റ്റഡി പെർമിറ്റ് പദ്ധതിയായ സ്റ്റുഡൻറ് ഡയറക്റ്റ് സ്ട്രീം (SDS) പ്രോഗ്രാം അവസാനിപ്പിച്ചതായി അറിയിപ്പ്. നിലവിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
കാനഡയിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വേഗത്തിൽ വിസ ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു SDS. എന്നാൽ ഇപ്പോഴിത് അവസാനിപ്പിക്കാനുള്ള തീരുമാനം ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കാനഡ സർക്കാരാണ് എടുത്തത്. ഇതുമൂലം വിസ പ്രോസസിംഗിൽ നീണ്ടുപോകാനും അനിശ്ചിതത്വം വർധിക്കാനും സാധ്യതയുള്ളതിനാൽ നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികൾ ആശങ്കയിലാകുകയാണ്.
എന്താണ് SDS പ്രോഗ്രാം?
2018ൽ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ആരംഭിച്ച SDS പ്രോഗ്രാം ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് വിസ അപേക്ഷാ നടപടികൾ ലളിതമാക്കാൻ സഹായിച്ചിരുന്നു. കനേഡിയൻ ഗ്യാരൻ്റീഡ് ഇൻവെസ്റ്റ്മെൻറ് സർട്ടിഫിക്കറ്റ് (CAD 20,635) കൈവശമുണ്ടാകുകയും അംഗീകൃത ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷാ പരീക്ഷയിൽ ആവശ്യമായ മാർക്ക് നേടുകയും ചെയ്‌തവർക്ക് ഈ പദ്ധതി വഴിയൊരുക്കിയിരുന്നു. സാധാരണ വിസ പ്രക്രിയയ്ക്ക് മാസങ്ങളെടുക്കുമ്പോൾ SDS വിദ്യാർത്ഥികൾക്ക് ആഴ്‌ചകൾക്കുള്ളിൽ വിസ ലഭിക്കുന്നതിനുള്ള മാർഗമായിരുന്നു.
സർവീസ് അവസാനിപ്പിച്ചതിന് പിന്നിലെ കാരണം?
ഫാസ്റ്റ് ട്രാക്ക് വിസ സേവനം അവസാനിപ്പിച്ച സാഹചര്യത്തിൽ കാനഡ സർക്കാർ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. എന്നാൽ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണവുമായി രംഗത്തെത്തിയതോടെ ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു. അതിനുപുറമെ, SDS വഴി ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളുടെ എണ്ണം കുതിച്ചുയർന്നതും ഇതുമൂലം കാനഡയുടെ ഇമിഗ്രേഷൻ പ്രോസസ്സിംഗ് സംവിധാനത്തിൽ കൂടുതൽ സമ്മർദ്ദം നേരിട്ടതായും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
2023ൽ മാത്രം ഏകദേശം 200,000 വിദ്യാർത്ഥികൾക്ക് കാനഡയിൽ പഠനാനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരായതിനാൽ SDS പെട്ടെന്ന് അവസാനിപ്പിച്ച നടപടി ഇന്ത്യൻ വിദ്യാർത്ഥികളിൽ ആശങ്കക്കിടയാക്കുന്നുണ്ട്.